Tuesday, May 27, 2014

കാവല്‍ മാടങ്ങള്‍ക്ക് പൂഞ്ഞാറില്‍ തുടക്കമായി..

മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കാവല്‍ മാടങ്ങളുടെ ഉദ്ഘാടനം , മീനച്ചിലാറിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നിലെ തെളിനീര് കൈക്കുമ്പിളില്‍ സ്വീകരിച്ച് കുടിച്ചുകൊണ്ട് സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലെമന്റ് കരിയാപുരയിടം, ഡോ.എസ്.രാമചന്ദ്രന്‍, സി.റോസ് വൈപ്പന തുടങ്ങിയവര്‍ സമീപം.

ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര
        പൂഞ്ഞാര്‍ : "മീനച്ചിലാര്‍ ഗംഗാ ജലംപോലെ ശുദ്ധിയുള്ളതായി മാറട്ടെ.." മീനച്ചിലാറിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നിലെ തെളിനീര് കൈക്കുമ്പിളില്‍ സ്വീകരിച്ച് കുടിച്ചുകൊണ്ട് സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യ സെബാസ്റ്റ്യന്‍ പറഞ്ഞ ഈ വാക്കുകള്‍ മീനച്ചിലാറിനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസിലെ പ്രാര്‍ത്ഥനയായിരുന്നു. മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കാവല്‍ മാടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍ ഭൂമിക സെന്ററില്‍ നടന്ന യോഗത്തില്‍ ഭൂമിക പ്രസിഡന്റ് ക്ലെമന്റ് കരിയാപുരയിടം അദ്ധ്യക്ഷത വഹിക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ഡോ.എസ്.രാമചന്ദ്രന്‍, സി.റോസ് വൈപ്പന, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, എബി ഇമ്മാനുവേല്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു. 
ഡോ.എസ്.രാമചന്ദ്രന്‍
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ രജതജൂബിലിക്കു മുന്നോടിയായി പ്രഖ്യാപിക്കപ്പെട്ട കര്‍മ്മ പരിപാടികളിലൊന്നാണ് പ്രാദേശിക ജാഗ്രതാ സമിതികളായ കാവല്‍മാടങ്ങള്‍. മീനച്ചിലാറിന്റെ വൃഷ്ടി പ്രദേശങ്ങള്‍ മുതല്‍ വേമ്പനാട്ട് കായല്‍ വരെയുള്ള ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ കാവല്‍ മാടങ്ങളുടെ രൂപീകരണം പൂര്‍ത്തിയാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, സ്കൂളുകള്‍, ക്ലബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്വാശ്രയ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. മീനച്ചിലാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അധികാരികളെ ബോധ്യപ്പെടുത്തുവാനായി ഗ്രീന്‍ ഓഡിറ്റ് നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്  ആദ്യ ഗ്രീന്‍ ഓഡിറ്റ്  പൂഞ്ഞാര്‍ കേന്ദ്രീകരിച്ച് നടക്കും.

No comments:

Post a Comment