'ഐസ് ബക്കറ്റ് ചലഞ്ച് ' ഇന്ന് ലോകമാകെ അലയടിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തിനെതിരേയുള്ള ബോധവത്ക്കരണവും ധനസമാഹരണവുമാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെങ്കില്‍ അതിനെ പിന്തുടര്‍ന്ന് ഭാരതത്തിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി 'റൈസ് ബക്കറ്റ് ചലഞ്ചും' തുടങ്ങിക്കഴിഞ്ഞു. എങ്കില്‍, തലയില്‍ ഐസ് വെള്ളമൊഴിക്കുകയോ സംഭാവന നല്‍കുകയോ വേണ്ടാത്ത മറ്റൊരു ചലഞ്ച് ഇതാ.. ഈ ഓണക്കാലത്ത് വീട്ടിലെ ടിവി ഓഫ് ചെയ്തു വയ്ക്കുവാനുള്ള ധൈര്യവും ആത്മസംയമനവുമുള്ളവര്‍ക്ക് ഈ ചലഞ്ചില്‍ പങ്കെടുക്കാം. ഇതാണ് 'ടിവി ചലഞ്ച് '.
ഞങ്ങള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍, ഈ ചലഞ്ചിനേക്കുറിച്ച് ഗൗരവമായിത്തന്നെ ചര്‍ച്ചചെയ്തു. വിശ്രമവേളകളെയും ഒഴിവുസമയങ്ങളേയും എന്തിനേറെ പറയുന്നു, നമ്മുടെ ജീവിതത്തെതന്നെ ഇന്ന് നിയന്ത്രിക്കുന്നത് ടിവിയാണ്. പൊതു ഇടങ്ങള്‍ ഇല്ലാതാകുകയും അവനവന്റെ സ്വീകരണമുറിയിലെ ടിവിയ്ക്കു മുന്‍പിലേയ്ക്ക് നാം ഒതുങ്ങിക്കൂടുകയും ചെയ്തതോടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് കുടുംബബന്ധങ്ങളുടെയും സുഹൃത്ത് ബന്ധങ്ങളുടെയും ഊഷ്മളതയാണ്.
ഓണക്കാലം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന വേളകളായിരുന്നു. ആ സമയങ്ങളില്‍ പൊതു ഇടങ്ങളായി മാറുന്ന മൈതാനങ്ങളിലും ആറ്റുതീരങ്ങളിലും വീട്ടുതൊടികളിലുമൊക്കെ കളിക്കുവാനും കുളിക്കുവാനും പൂക്കള്‍ ശേഖരിക്കുവാനും ഒത്തുകൂടിയിരുന്ന കുരുന്നുകള്‍ സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ബാലപാഠങ്ങള്‍ അവിടെനിന്ന് അഭ്യസിച്ചിരുന്നു.
പ്രകൃതിയെ തൊട്ടറിഞ്ഞിരുന്നു. സാമൂഹ്യജീവിയായി അവന്‍ മാറിയിരുന്നു. ഓണക്കാലത്ത് തറവാട്ടിലൊത്തുകൂടുകയോ നാട്ടിലെ കലാ-സാംസ്ക്കാരിക സമിതികളുടെ നേതൃത്വത്തില്‍ സംഗമിക്കുകയോ ചെയ്യുന്ന മുതിര്‍ന്നവരും ഈ നന്മകള്‍തന്നെയാണ് പങ്കുവച്ചിരുന്നത്.
പക്ഷേ ഇന്ന് കുടുംബാംഗങ്ങളുമൊത്ത് വിശേഷങ്ങള്‍ പങ്കിടുവാനോ കൂട്ടുകാരൊത്ത് രസിക്കുവാനോ നമുക്ക് സമയം കിട്ടുന്നില്ല. അത് കവര്‍ന്നെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ടിവിയാണ്, സംശയമില്ല. വ്യക്തിത്വരൂപീകരണത്തിന്റെ ആദ്യഘട്ടങ്ങള്‍ നടക്കേണ്ട മേല്‍പ്പറഞ്ഞ കൂടിച്ചേരലുകള്‍ ഇല്ലാതാകുമ്പോള്‍ സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയായിരിക്കും ജന്മമെടുക്കുക. ദീര്‍ഘനേരം ടിവി-യ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറയേണ്ടതില്ലല്ലോ..
ഇതിനേക്കാളുപരിയായി നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ടിവി പ്രോഗ്രാമുകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍. കച്ചവടതാത്പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ അവരുടെ മത-രാഷ്ട്രീയ ചായ് വുകള്‍ക്കും പരസ്യദാതാക്കളുടെ ഹിതങ്ങള്‍ക്കും അനുസൃതമായ പരിപാടികള്‍ കാണുവാന്‍ നമ്മെ നിര്‍ബദ്ധിതരാക്കുന്നു. നാം എന്തു വാങ്ങണം, എങ്ങിനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഇന്ന് ചാനലുകളും പരസ്യങ്ങളുമാണ്. വീട്ടില്‍ പഠനവും പ്രാര്‍ഥനയുമൊക്കെ എപ്പോള്‍ വേണമെന്നത് ചാനല്‍ പ്രോഗ്രാമുകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്ന കാലമാണിത്. മനുഷ്യമനസില്‍ വിഷം കുത്തിവയ്ക്കുന്ന സീരിയലുകളും അശ്ലീലത നിറഞ്ഞ നൃത്ത ആഭാസങ്ങളും പരസ്യങ്ങളുമൊക്കെ നമ്മുടെ സംസ്ക്കാരത്തെതന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതെ, ടിവി നമ്മെ നിയന്ത്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെയാണ് ടിവിയോട് നമുക്കൊരു ചലഞ്ച് പ്രഖ്യാപിക്കേണ്ടത്. രസിപ്പിക്കുന്ന നിരവധി പരിപാടികളുമായി ഈ ഓണത്തിന് ടിവി നമ്മെ മാടി വിളിക്കുമ്പോള്‍ , ' നീ എന്നെയല്ല.. ഞാന്‍ നിന്നെയാണ് നിയന്ത്രിക്കുന്നത്.. കാരണം റിമോട്ട് എന്റെ കൈയിലാണ്.. ' എന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമോ..?
പുതിയ പല സിനിമകളും ഓണത്തിന് ചാനലുകളിലെത്തും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ, ഉത്സവ സീസണിലെ കനത്ത പരസ്യവരുമാനം ലക്ഷ്യമാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ , കുറഞ്ഞത് അഞ്ചുമണിക്കൂറെടുക്കും തീരുവാന്‍. പത്തു മിനിട്ട് സിനിമ, പതിനഞ്ചുമിനിട്ട് പരസ്യം എന്ന ക്രമത്തില്‍ ഇത് നീളുന്നത് ഓണക്കാലത്തെ പതിവു കാഴ്ച്ചയാണ്.
മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ടിവി ചലഞ്ച് പ്രഖ്യാപിക്കുന്നത്. ചാനലുകള്‍ ചെയ്യുന്ന നന്മകള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്, മറിച്ച് ചില തിരിച്ചറിവുകള്‍ക്കുവേണ്ടിയുള്ള ഒരു ശ്രമം മാത്രം. ക്ലബ് അംഗങ്ങളായ അറുപതു കുട്ടികളും ഞങ്ങളെ നയിക്കുന്ന അദ്ധ്യാപകരും ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. കാര്യം അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ മാതാപിതാക്കളില്‍നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വാര്‍ത്തകള്‍ മാത്രം കണ്ടുകൊണ്ട് ടിവിയുടെ മറ്റുപയോഗങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ ഭൂരിപക്ഷം രക്ഷിതാക്കളും പൂര്‍ണ്ണമനസ്സോടെ സമ്മതം മൂളി. ഓണത്തിന്റെ പ്രധാന ദിവസങ്ങളില്‍ ടിവി ഓഫ് ചെയ്യാമെന്ന് ചിലര്‍. തിരുവോണദിവസം അതു ചെയ്യാമെന്ന് മറ്റുചിലര്‍.
എന്തായാലും അന്റോണിയന്‍ ക്ലബ് അംഗങ്ങളായ ഞങ്ങളുടെ തീരുമാനമിതാണ്.. ഈ ഓണാവധിയ്ക്ക് വീട്ടില്‍ ടിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കും. (ചിലര്‍ പൂര്‍ണ്ണമായി ഒഴിവാക്കും.) അങ്ങിനെ ലഭിക്കുന്ന സമയമുപയോഗിച്ച് നല്ല പുസ്തകങ്ങള്‍ വായിക്കും. കൂട്ടുകാരുമൊത്തുകൂടി ഓണക്കളികളിലേര്‍പ്പെടും. പ്രകൃതിയെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും പരിസ്ഥിതിപഠന യാത്രകള്‍ നടത്തും. ഈ ഓണാവധി തീരുംമുന്‍പ് വീട്ടില്‍ ഒരു ജൈവ പച്ചക്കറിത്തോട്ടം ആരംഭിക്കും.
അതെ.. ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ..?
All the Very best To This great Challenge Initiated By Antonian Club.....
ReplyDelete