പൂഞ്ഞാര്‍ : അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കുന്ന പ്രഥമ ശുശ്രൂഷയാണ് പലപ്പോഴും ആളുകളുടെ ജീവന്‍ രക്ഷിക്കുക. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് നല്‍കേണ്ട ഇത്തരം പ്രഥമശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും സംയുക്തമായി ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. അന്റോണിയന്‍ ക്ലബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് ട്രെയിനര്‍ രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലനം നല്‍കുന്നത്.
ജനുവരി 3 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ചാവറ ഹാളിലാണ് പരിശീലനപരിപാടി നടക്കുക. പുരുഷന്‍മാരും സ്ത്രീകളുമടക്കം ഒരു വാര്‍ഡില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്നുമായി 70 പേരടങ്ങുന്ന ടീമിനാണ് ഇത്തവണ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുന്നത്. സെപ്റ്റംബര്‍ മാസം നടന്ന ആദ്യഘട്ടത്തില്‍ അന്റോണിയന്‍ ക്ലബിലെ അറുപതു കുട്ടികള്‍ പരിശീലനം നേടിയിരുന്നു. അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഈ രണ്ടാം ഘട്ടത്തില്‍ പരിശീലന സഹായികളായെത്തും. ഈ പരിശീലന പരിപാടികളില്‍ സംബന്ധിക്കുവാന്‍ താത്പ്പര്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുടെപക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 9895871371