Saturday, November 14, 2015

ഭാരതത്തിന്റെ ജലമനുഷ്യനെ ശ്രവിക്കുവാന്‍ ഈരാറ്റുപേട്ടയില്‍ എത്തിയത് നൂറുകണക്കിന് കുട്ടികളും പ്രകൃതി സ്നേഹികളും ..




           മരിച്ചുപോയ നദികൾക്ക്  പുനർജന്മം നൽകിയ  മനുഷ്യൻ. മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ  ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മനുഷ്യൻ. ഭൂമിയെ രക്ഷിക്കാൻ കെൽപ്പുള്ള അൻപതുപേരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട തണ്ണീർക്കാരൻ - മാഗ്‌സസെ പുരസ്‌കാരവും സ്‌റ്റോക്കോം ജലപുരസ്‌കാരവും നേടിയ രാജേന്ദ്ര സിങ് .

     ഈ ഒരൊറ്റയൊരാളാണ്... രാജസ്‌ഥാനിലെ നീർവാർന്നു മരിച്ചുപോയ ഏഴു നദികളെ വീണ്ടും ഒഴുക്കിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചുരത്താത്ത കുഴൽക്കിണറുകൾക്കു ചുറ്റും പടർന്നുപന്തലിച്ച ഗ്രാമങ്ങൾക്കു നനവും പച്ചപ്പും തിരിച്ചുകൊടുത്തത്. വരൾച്ചയ്‌ക്കെതിരെ ഒരു നിശ്ശബ്‌ദ വിപ്ലവത്തിന്റെ കനലുകൾ ഊതിക്കത്തിച്ചത്. കുടിവെള്ളമൂറ്റുന്ന അനധികൃത ഖനനത്തിനും ആരവല്ലി മലതുരക്കലിനും എതിരെ ജനമുന്നേറ്റത്തിന് ആവേശംപകർന്നത്.

       ഈ ഒരൊറ്റയൊരാളാണ്... മരുഭൂമി അനുദിനം വളരുന്ന രാജസ്‌ഥാനിൽ പരമ്പരാഗതമായുണ്ടായിരുന്ന ജലസംരക്ഷണരീതികൾ കുറ്റമറ്റതാണെന്ന തിരിച്ചറിവുണ്ടാക്കിയത്. ഗ്രാമങ്ങളുടെ തനതു പൈതൃക അറിവുകൾ പാഴ്വാക്കല്ലെന്നു തെളിയിച്ചത്. ഒരുപക്ഷേ, മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അടയാളപ്പെടുത്തിയത്. മഴ പലപ്പോഴും ചതിക്കുന്ന, പെയ്‌ത മഴ പലപ്പോഴും ഒഴുക്കിക്കൊണ്ടുപോയേക്കാവുന്ന രാജസ്‌ഥാൻ ഗ്രാമങ്ങളെ ഇന്നും ഗ്രാമങ്ങളായി നിലനിർത്തുന്നത്. ഭൂപടത്തിൽ അധികമാരുമറിയാതിരുന്ന ഒറ്റ ഗ്രാമത്തിൽ നിന്നു തുടങ്ങി ഇന്ന് ആയിരത്തോളം ഗ്രാമങ്ങളിൽ നനവിന്റെ വേരുപടർത്തിയത്...
        ഇതൊന്നും ഒറ്റയ്‌ക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല. ഒറ്റരാത്രി കൊണ്ടു കാണിക്കാൻ പറ്റുന്ന ജാലവിദ്യയുമല്ല. എന്നാൽ ഈയൊരൊറ്റയാൾ രാജസ്‌ഥാനിൽ കഴിഞ്ഞ മുപ്പതുകൊല്ലമായി നടത്തുന്നത് ഏതു ജാലവിദ്യ! അതു കേട്ടറിയാനും അദ്ദേഹത്തെ നേരില്‍ കാണുവാനും നൂറുകണക്കിന് ആളുകളാണ് ഈരാറ്റുപേട്ടയില്‍ എത്തിയത്. മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ രജതജൂബിലി സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ് രാജേന്ദ്ര സിങ്  ഈരാറ്റുപേട്ടയില്‍ എത്തിയത്. ഈരാറ്റുപേട്ടയില്‍നിന്ന്  അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ സമ്മേളന നഗറിലേയ്ക്ക്  തുറന്ന ജീപ്പില്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.


      ബാനറുകളും പ്ലാക്കാര്‍ഡുകളുമായി, സമീപ സ്കൂളുകളില്‍നിന്നെത്തിയ നൂറുകണക്കിന് കുട്ടികളും റാലിയില്‍ അണിനിരന്നു. അരുവിത്തുറ കോളേജില്‍ റാലി എത്തിച്ചേര്‍ന്നപ്പോള്‍,  ഹൈസ്കൂള്‍, പ്ലസ് ടു, കോളേജ് കുട്ടികള്‍ക്കായി 'പുഴ ഒരു വരം' ചിത്രരചനാ മത്സരവും  മീനച്ചിലാറിന്റെ തീരത്ത് പ്രഫഷണല്‍ ചിത്രകാരന്മാരുടെ ചിത്രംവരയും നടന്നു. രജതജൂബിലി സമ്മേളനത്തില്‍  മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  പ്രൊഫ. സീതാരാമന്‍, ഡോ. എസ്.പി.രവി, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, കെ. രാജന്‍,  കുന്നപ്പള്ളി, എം.പി.അബ്ദുള്ള, വര്‍ഗ്ഗീസ് തിരുവല്ല, കെ.കെ.ദേവദാസ്, പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, ടി.വി. രാജന്‍, ജോര്‍ജ്ജ് മുല്ലക്കര, ഷെറഫ് പി. ഹംസ, എബി പൂണ്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു.

ഭാരതത്തിന്റെ ജലമനുഷ്യന്‍ തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ച  
ചില പ്രധാന  ആശയങ്ങള്‍ ചുവടെ നല്‍കുന്നു..

  • എന്റെ നാടുമായി (രാജസ്ഥാന്‍) താരതമ്യപ്പെടുത്തുമ്പോള്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന സുന്ദര ഭൂമിയാണ് കേരളം.
  • ഞങ്ങള്‍ക്ക് രാജസ്ഥാനില്‍ വറ്റിപ്പോയ നദികളെ വീണ്ടെടുക്കണമായിരുന്നു. പക്ഷേ കേരളത്തില്‍  നദികള്‍  നിലനില്‍ക്കുന്നു. അതിനെ വൃത്തിയായും വറ്റിപ്പോകാതെയും സംരക്ഷിക്കേണ്ട ആവശ്യമേയുള്ളൂ.
  • നദികള്‍ മാലിന്യമില്ലാതെ ഒഴുകുന്ന ഒരു നാട്ടിലെ ജനങ്ങളുടെ ബുദ്ധിയും മനസ്സും മാലിന്യരഹിതമായിരിക്കും.
  • വളര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് നദിയുമായി ആത്മ ബന്ധമുണ്ടാകണം.
  • നദിയില്ലെങ്കില്‍ ഞാനില്ല എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം.
  • നദികളുടെ ആരോഗ്യവും നമ്മുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട കാര്യമാണ്. നദി ആരോഗ്യവതിയെങ്കില്‍ നദീതീരത്ത് വസിക്കുന്ന നമ്മളും ആരോഗ്യവാന്മാരായിരിക്കും.
  • നദികള്‍ക്ക് മനുഷ്യന്റെ സ്നേഹവും കരുതലും ആവശ്യമാണ്.
  • അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത് നിങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍നിന്നുതന്നെയാണ്.
  • കേരളത്തില്‍ ആളുകള്‍ പ്രസംഗിക്കും, പക്ഷേ പ്രവൃത്തിക്കില്ല എന്നൊരു പരാതി ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാകാന്‍ പാടില്ല.
  • മീനച്ചിലാറിന്റെ സംരക്ഷണത്തിനായി മൂന്നു പ്ലാനുകള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
  • ഒന്ന് - പുഴയെ മലിനമാകാതെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്ക്കരിക്കുന്ന രീതി ഉണ്ടാകണം. എന്തും വലിച്ചെറിയാവുന്ന മാലിന്യച്ചാലായി പുഴകള്‍ മാറാന്‍ പാടില്ല.
  • രണ്ട് - ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍. പഠനങ്ങള്‍ നടക്കണം. നയങ്ങള്‍ രൂപപ്പെടണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇതിനായി ഒരുമിക്കണം. കുട്ടികള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ച് ബോധ്യങ്ങള്‍ നല്‍കി അവരെ വളര്‍ത്തണം. പുഴകളെ സ്നേഹിക്കാന്‍ അവരെ പരിശീലിപ്പിക്കണം.
  • മൂന്ന് - നദികളെ അറിയണം. എങ്കിലേ സ്നേഹിക്കാനാകൂ. നിങ്ങളുടെ ഒരു ടീം  പുഴയുടെ ഉത്ഭവം മുതല്‍ അസാനിക്കുന്ന ഭാഗംവരെ ഒരു യാത്ര നടത്തിനോക്കൂ. നദികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനായാല്‍ നിങ്ങള്‍ക്ക് നദികളെ സ്നേഹിക്കാതിരിക്കാനാകില്ല. അത് നിങ്ങളെ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കും. 
  • മീനച്ചില്‍ നദീസംരക്ഷണ സമിതി വലിയ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാര്‍ഥമായ അഭിനന്ദനങ്ങളും രജത ജൂബിലിയുടെ ആശംസകളും.

      ഭാരതത്തിന്റെ ജലമനുഷ്യനെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍കൂടി.. - രാജേന്ദ്ര സിങ് - ജനനം ഓഗസ്‌റ്റ് 6, 1959. ഉത്തർ പ്രദേശിലെ മീററ്റിനടുത്ത് ബാഗ്‌പത്ത് ജില്ലയിലെ ദൗല ഗ്രാമത്തിൽ. നിലവും ആൾബലവുമുള്ള ജമീന്ദാരി കുടുംബത്തിന് അന്ന് അറുപതേക്കർ കൃഷിഭൂമി. സ്കൂൾ വിദ്യാഭ്യാസശേഷം സ്വന്തം ജില്ലയിലെ ബറൗത്തിൽ ഭാരതീയ ഋഷികുല ആയുർവേദ കോളജിൽനിന്ന് ആയുർവേദ ഡിഗ്രി. അതിനുശേഷം ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. 1980ൽ സർക്കാർ സർവീസിൽ. 1984ൽ തരുൺ ഭാരത് സംഘത്തിന്റെ ജനറൽ സെക്രട്ടറി. 1985ൽ ജോലി രാജിവച്ച് അൽവാർ ജില്ലയിലെ താനഗാസി ഗ്രാമത്തിൽ. അൽപ്പസ്വൽപ്പം ആയുർവേദ ചികിത്സ. കുറച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഗ്രാമങ്ങളിൽ വിദ്യാഭ്യാസമല്ല വെള്ളമാണ് അടിയന്തരമായി ആവശ്യമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. താനാഗാസി തരുൺ ഭാരത് സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ആസ്‌ഥാനമാക്കി. ബോധവൽക്കരണ യാത്രകൾ, പ്രതിഷേധങ്ങൾ. ആരവല്ലി ബചാവോ പദയാത്ര (1993), ഗംഗോത്രി യാത്ര (1994), ജംഗൽ ജീവൻ ബചാവോ യാത്ര (1995), അകാൽ മുക്‌തി യാത്ര (2001). അർവാരി നദിയുടെ പുനർജനിക്ക് ഇന്റർനാഷനൽ റിവർ പ്രൈസ് (2000). ഈ മേഖലയിലെ ഗ്രാമീണർക്ക് ഡൗൺ ടു എർത്ത്- ജോസഫ് സി. ജോൺ പുരസ്‌കാരം. 2001ൽ മഗ്‌സസെ പുരസ്‌കാരം. ഗംഗാ നദീതട അതോറിറ്റി അടക്കം ദേശീയസമിതികളിൽ അംഗം. 
        നദിയെ വീണ്ടെടുത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമായി തോന്നാം. അര്‍വാരി നദിയുടെ നീർശേഖര പ്രദേശങ്ങളിൽ കൊച്ചുകൊച്ച് അണകള്‍ നിര്‍മ്മിച്ചു.. പതുക്കെപ്പതുക്കെ കൊച്ചുനീർച്ചാലുകൾക്കു കുറുകെയുമായി 375 കൊച്ചണകൾ. അഞ്ചെട്ടുവർഷത്തിനുശേഷം അർവാരി നദി വീണ്ടും ഒഴുകിത്തുടങ്ങുകയായിരുന്നു. അറുപതുവർഷമായി കണ്ണീർച്ചോലപോലുമില്ലാതെ മരിച്ചുകിടക്കുകയായിരുന്ന അതേ അർവാരി. പിന്നാലെ രൂപാറേൽ, സഴ്‌സ, ഭഗാനി, ജഹാജ്വാലി. തരിശുകിടന്ന ഗ്രാമങ്ങളിലേക്കു വെള്ളത്തോടൊപ്പം ഗ്രാമീണരും തിരിച്ചുവന്നു. വിത്തു കരിഞ്ഞിരുന്നിടത്തേക്കു കൃഷിയും, പ്രകൃതിയും അതിലെ ജീവൽസ്‌പന്ദനങ്ങളും. ഈ മാറ്റം ഗ്രാമങ്ങൾ ആവർത്തിക്കുകയായിരുന്നു. 
        ജയ്‌പുരിനടുത്തുള്ള ജാംവ രാംഗഡിലെ നാട്ടുകാർ 1994ൽ സംഘത്തിന്റെ സഹായത്തോടെ അരലക്ഷം രൂപമാത്രം മുടക്കി രണ്ടു തടയണകൾ നിർമിച്ചതാണ്. നനഞ്ഞുതുടങ്ങിയ മണ്ണിൽനിന്ന് പച്ചക്കറിയും പാലുൽപ്പന്നങ്ങളുമായി ഇന്നു പ്രതിവർഷം മൂന്നുകോടിയോളം രൂപയാണ് നാട്ടുകാർ പങ്കിട്ടെടുക്കുന്നത്. വടക്കു കിഴക്കൻ രാജസ്‌ഥാനിലെ പല ജില്ലകളിലും  ഇത് ആവർത്തിക്കുന്നു. 
         ഇതൊന്നും ഒരു ഫോട്ടോഷോപ്പിൽ വെട്ടിയൊട്ടിച്ചുണ്ടാക്കിയതല്ല. മുപ്പതോളംവർഷത്തെ പ്രവർത്തനം, ബോധവത്‌കരണം, ഗ്രാമീണമനസ്സിനെ തൊട്ടറിയൽ, അവരിലൊരാളായി മാറാനുള്ള പരകായപ്രവേശങ്ങൾ, ഒത്തൊരുമയുടെ മണ്ണൊരുക്കങ്ങൾ, മണ്ണിന്റെ പാഠങ്ങളിലേക്കുളള പുനർവിദ്യാഭ്യാസം. പുറത്തുനിന്നെത്തുന്നവരെ എന്നും സംശയത്തോടെ മാത്രം നോക്കുമായിരുന്ന രാജസ്‌ഥാൻ ഗ്രാമീണ മനസ്സിനെയാണ് രാജേന്ദ്ര സിങ് മാറ്റിമറിച്ചത്. നമുക്കഭിമാനിക്കാം.. ദൈവത്തിന് നന്ദിപറയാം.. ഇദ്ദേഹത്തെ ഭാരതത്തിന്റെ ജലമനുഷ്യനായി ലഭിച്ചതില്‍..


No comments:

Post a Comment