Friday, December 20, 2019

സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി 'സത്രം' കാത്തിരിക്കുന്നു..

        കുമളി റൂട്ടിൽ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ് പരുന്തുംപാറയും പാഞ്ചാലിമേടും തേക്കടിയുമൊക്കെ. എന്നാൽ ഇതിനിടയിൽ, വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്റർ യാത്ര ചെയ്താൽ മറ്റൊരു ഉഗ്രൻ സ്ഥലമുണ്ട് - സത്രം. മനോഹരമായ മലനിരകളും തേയിലത്തോട്ടങ്ങളുംതന്നെയാണ് ഇവിടുത്തെയും കാഴ്ച്ചകളെങ്കിലും ഓഫ്റോഡ് യാത്രയും ദൂരെയായി കാണാവുന്ന കാട്ടുപോത്തിൽ കൂട്ടങ്ങളും കാട്ടാനകളും, ഭാഗ്യമുണ്ടെങ്കിൽ കാണാവുന്ന കരടിയും കടുവയുംവരെ ഈ യാത്രയെ വ്യത്യസ്തമാക്കും.
  ശബരിമലയിലേക്ക് പോകുവാനായി തീർത്ഥാടകർ ഉപയോഗിക്കുന്ന, കാട്ടിലൂടെയുള്ള ഒരു നടപ്പുവഴി തുടങ്ങുന്നത് ഇവിടെയാണ്. പുൽമേട് ദുരന്തത്തിനുശേഷമാണ് ഈ വഴി കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. വണ്ടിപ്പെരിയാറിൽനിന്നുള്ള വീതികുറഞ്ഞ ടാർ റോഡ് 14 കിലോമീറ്റർ പിന്നിടുമ്പോൾ സത്രം അമ്പലത്തിനു മുൻപിൽ എത്തും. ശബരിമല തീർത്ഥാടന കാലമായതിനാൽ ഇപ്പോൾ കുഴികളെല്ലാം നികത്തി ടാർ ചെയ്തിട്ടുണ്ട്. തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഈ പാതയിൽ വലിയ ബസുകൾക്ക് സഞ്ചരിക്കാനാവില്ല. KSRTC-യുടെ മിനി ബസ് സത്രം അമ്പലം വരെ സർവ്വീസ് നടത്തുന്നുണ്ട്. അമ്പലത്തിനു മുൻപിൽ വിശാലമായ പാർക്കിംഗ് സൗകര്യമുണ്ട്. അവിടെനിന്നു നോക്കിയാൽ കാണുന്ന രണ്ട് മലകൾക്കപ്പുറം ശബരിമലയാണ്. വനത്തിലൂടെ 12 കിലോമീറ്റർ നടന്നാൽ നേരേ സന്നിധാനത്തെത്തും എന്നതിനാൽ ധാരാളം തീർത്ഥാടകർ ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. പോലീസിലെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെയും ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടിയിലുണ്ട്. 
         മൂന്ന് വ്യൂ പോയിന്റുകളാണ് സത്രത്തെ ശ്രദ്ധേയമാക്കുന്നത്.  വണ്ടിപ്പെരിയാറിൽനിന്ന് സത്രം വഴിയേ 11 കിലോമീറ്റർ പിന്നിടുമ്പോൾ ആദ്യ വ്യൂ പോയിന്റിലേക്കുള്ള വഴി ഇടതു വശത്തു കാണാം. എന്നാൽ സഞ്ചാരികൾക്ക് ഇവിടേക്ക് വഴികാട്ടുവാനുള്ള ബോർഡുകൾ ഇതുവരെ ആയിട്ടില്ല.  ഇടതുവശത്ത് കാണുന്ന മൂന്ന് മൺപാതകളിൽ, വീണ്ടും ഇടത്തായി ചെക്ക് പോസ്റ്റ് പോലെ കാണുന്നതാണ് ആദ്യ വ്യൂ പോയിന്റിലേക്കുള്ള വഴി. ഇവിടേക്ക് ശ്രദ്ധയോടെ കാറുമായി പോകാം. മെയിൻ റോഡിലൂടെ വീണ്ടും മുന്നോട്ട് പോയി, സത്രം അമ്പലത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ മുൻപ് ഇടത്തേക്കുള്ള മൺപാതയിൽ (ചെറിയ വളവിൽ ഇടതു കാണുന്ന ഓലമേഞ്ഞ കുടിൽ / വെയിറ്റിംഗ് ഷെഡ് മാത്രമാണ് ഏക അടയാളം) സഞ്ചരിച്ചാൽ കാണാവുന്ന മറ്റ് രണ്ട് വ്യൂ പോയിന്റുകളിലേക്ക് ഓഫ് റോഡ് ജീപ്പ് സവാരി മാത്രമേ സാധിക്കൂ. സഞ്ചാരികളെ കാത്ത് സത്രത്തിൽ ജീപ്പുകളും ഉണ്ട്.
      ഞങ്ങൾ ആദ്യം പോയത്  ഈ രണ്ട്  വ്യൂ പോയിന്റുകളിലേക്കാണ്.  300 മീറ്റർ ഈ മൺപാതയിലൂടെ പോകുമ്പോൾ പഴയ 'സത്രത്തിന്റെ ' അവശിഷ്ടങ്ങൾ കാണാം. ഇടിഞ്ഞു വീഴാറായ ഭിത്തികൾ മാത്രം അവശേഷിക്കുന്ന ഈ സത്രമാണ് നാടിന് ഈ പേര് സമ്മാനിച്ചത്. ഇതിനോട് ചേർന്ന് ഒരു താത്ക്കാലിക പോലീസ് എയ്ഡ് പോസ്റ്റുമുണ്ട്.  ഫോർഡ് ഇക്കോ സ്പോർട്സ്  ആയതിനാൽ ഞങ്ങളുടെ വാഹനം കഷ്ടിച്ച് പോകും എന്ന അവരുടെ വാക്കുകൾ വിശ്വസിച്ച് ഇരുന്നൂറ് മീറ്റർകൂടി മുന്നോട്ട് പോയതേ വഴി തീരെ ദുർഘടമായി. 
   വാഹനത്തിന്റെ സുരക്ഷയോർത്ത് ബാക്കിവഴി നടക്കാമെന്ന് തീരുമാനിച്ചു. ഇരുവശങ്ങളിലും ഏലത്തോട്ടം. ഏലച്ചെടികളിൽ അടിക്കുന്ന കീടനാശിനികളുടെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചുകയറിയതോടെ നടപ്പിന് വേഗത കൂട്ടി. അൽപ്പം മുൻപ് മരുന്നടിച്ചതേയുള്ളൂ. 
        ഏലത്തോട്ടം അവസാനിക്കുമ്പോൾ കാഴ്ചകൾ വീണ്ടും മാറുകയാണ്. ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പുല്ലുകൾക്ക് നടുവിലെ പാത കുറേ ഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. നീണ്ടു കിടക്കുന്ന ഈ പാതയുടെ സൗന്ദര്യവും തണുത്ത കാറ്റിൽ പുൽച്ചെടികൾ ഉലയുന്ന ശബ്ദവും പിന്നിലായി ഉയർന്നു നിൽക്കുന്ന മലനിരകളുടെ ദൃശ്യഭംഗിയും മനസ് കുളിർപ്പിക്കുന്നവയായിരുന്നു. 
         അങ്ങനെ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു വ്യൂ പോയിന്റിൽ എത്തിക്കഴിഞ്ഞു. പക്ഷേ, ഗൂഗിൾ മാപ്പിൽ ഈ സ്ഥലം വ്യൂ പോയിന്റായി കാണിക്കുന്നില്ല. സഞ്ചാരികൾക്ക് വെയിലേൽക്കാതെ കാഴ്ച്ചകൾ ആസ്വദിക്കുവാനായി ഇവിടെ പണിതു തുടങ്ങിയ ചെറിയ വിശ്രമകേന്ദ്രം, ചെറിയൊരു മൊട്ടക്കുന്നു പോലുള്ള ഭാഗത്ത് പൂർത്തിയാകാതെ നിൽക്കുന്നു.
  ഓഫ്റോഡ് ജീപ്പുകൾ സഞ്ചാരികളെയുംകൊണ്ട് മൊട്ടക്കുന്നിലേക്ക് കുതിച്ചു കയറുന്നുണ്ട്. വശങ്ങളിലേക്ക് മാറിയാൽ വലിയ കുലുക്കമില്ലാതെ കയറാവുന്ന ഭാഗമുണ്ടെങ്കിലും, 'ഓഫ് റോഡ് ഇഫക്ട് ' ലഭിക്കാനാകും, വലിയ കുഴികളിൽ ചാടിച്ചാണ് ചില ജീപ്പുകൾ പോകുന്നത്. ഒരു ചെറിയ 'എക്കോ പോയിന്റു'കൂടിയാണ് ഈ സ്ഥലം. കുറച്ചു സമയം അവിടെ ചെലവഴിച്ചതിനു ശേഷം, ഇതേ പാതയിൽ ഒരു കിലോമീറ്റർ കഴിഞ്ഞുള്ള അടുത്ത വ്യൂ പോയിന്റിലേക്ക് നടന്നു തുടങ്ങി. ഈ ഭാഗത്ത് മരങ്ങൾ ഇല്ലാത്തതിനാൽ വെയിലിന്റെ ചൂട് തെല്ലൊന്ന് വലച്ചു. കയ്യിൽ കരുതിയ വെള്ളവും തീർന്നു. 
    അതുകൊണ്ടുതന്നെ, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ഏറെ ആശ്വാസമായത് രണ്ട് താത്ക്കാലിക കൂൾബാറുകളാണ്.  കൂൾഡ്രിംഗ്സും പൈനാപ്പിളും തണ്ണിമത്തനും മിതമായ വിലക്ക് ഇവിടെ കിട്ടും. വലിയൊരു ബൈനോക്കുലറുമായി ഒരാൾ അവിടെ ഉണ്ട്. 10 രൂപ കൊടുത്താൽ അടുത്ത മലയിലെ കാട്ടുപോത്തിൻ കൂട്ടങ്ങളെ അടുത്തു കാണാം. നഗ്ന നേത്രങ്ങൾകൊണ്ട് നോക്കുമ്പോൾ ചെറിയ പാറക്കല്ലുകൾപോലെ കാണപ്പെടുന്നവ മിക്കവാറും കാട്ടുപോത്തുകളോ ആനകളോ ആയിരിക്കും. കഴിഞ്ഞയാഴ്ച്ച കരടിയെ കണ്ടതായും അവർ പറഞ്ഞു.
          മലനിരകൾ ഏറ്റവും അടുത്ത് കാണുവാൻ സാധിക്കുന്നത് ഇവിടെ നിന്നാണ്. ഗൂഗിൽ മാപ്പിൽ നോക്കിയാൽ ഈ സ്ഥലവും ഇനി ഞങ്ങൾ കാണാൻ പോകുന്ന മുകളിലുള്ള പ്രദേശവുമടക്കം 2 വ്യൂ പോയിന്റുകളെ കാണൂ. വിശ്രമത്തിനു ശേഷം തിരിച്ചു നടന്നു. കൊണ്ടുവന്ന ഭക്ഷണം ഏലത്തോട്ടത്തിലെ അരുവിയുടെ തീരത്തിരുന്ന് കഴിച്ച്, ഫ്രഷ് ആയി വാഹനത്തിനടുത്തെത്തി. 
      ആദ്യംപറഞ്ഞ സത്രം സ്റ്റോപ്പിലെത്തി, ചെക്ക്പോസ്റ്റ് പോലെ തോന്നിക്കുന്ന ഭാഗം കടന്ന് 2 കിലോമീറ്ററോളം യാത്ര. ഇവിടെ ശ്രദ്ധിച്ച് കാറിൽ പോകാനാകും. അവസാന 200 മീറ്റർ ദൂരത്തിനു മുൻപ് കാർ പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. ജിപ്പ് വ്യൂ പോയിന്റുവരെ എത്തും. താഴെ, മലയുടെ ചുവട്ടിൽ നിന്ന് കാണുന്ന ദൃശ്യങ്ങൾ ഉയർന്നുനിന്ന് കാണാൻ സാധിക്കുന്നു എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഉയർന്ന സ്ഥലമായതിനാൽ കാഴ്ച്ചഭംഗി കൂടും. നല്ല കാറ്റും ഉണ്ട്. കരിക്കും ശീതളപാനീയങ്ങളും കുടിച്ച്, തണുത്ത കാറ്റേറ്റ്, പ്രകൃതി സൗന്ദര്യവും നുകർന്ന് ഇവിടെ എത്ര സമയം വേണമെങ്കിലും ഇരിക്കാം. സഞ്ചാരികളെയുംകൊണ്ട് ജീപ്പുകൾ ധാരാളമായി എത്തുന്നുണ്ട്. വിദേശികളെക്കാൾ, ഉത്തരേന്ത്യൻ സഞ്ചാരികളെയാണ് കൂടുതലായി കാണാൻ കഴിഞ്ഞത്. 
      ഇതിനോട് ചേർന്ന്, NCC-യുടെ ക്യാംപിന്റെ പണി തകൃതിയായി നടക്കുന്നു. ഒരു വലിയകുന്നു മുഴുവൻ അരിഞ്ഞിറക്കിയിരിക്കുകയാണ്. ഇടക്ക് 'സ്റ്റേ' വന്നെങ്കിലും അടുത്ത നാളിൽ വീണ്ടും പണി ആരംഭിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള രണ്ട് കുന്നുകളിൽ, ഭവനരഹിതർക്ക് സർക്കാർ സൗജന്യമായി നിർമ്മിച്ചു നൽകുന്ന പാർപ്പിടങ്ങൾ പണിതു തുടങ്ങിയിരിക്കുന്നു.
       മനസുനിറച്ച്, കാല്‍പ്പാടുകള്‍ മാത്രം അവശേഷിപ്പിച്ച്, സത്രത്തോട് യാത്രപറയുമ്പോള്‍ ചില കാര്യങ്ങള്‍ ആഗ്രഹിച്ചുപോയി.. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം ഇവിടെ നടക്കണം. സത്രത്തേക്കുറിച്ച് കേട്ടറിഞ്ഞ് ആളുകള്‍  കൂടുതലായി വന്നുതുടങ്ങുന്നതേയുള്ളൂ എന്നതിനാല്‍ ഇനി വരുന്ന സന്ദര്‍ശകരും ഇവിടം വ‍ൃത്തിയായി സൂക്ഷിക്കണം. ആഗ്രഹിക്കാം.. പ്രാര്‍ഥിക്കാം.. 
(ടോണി തോമസ്, പുതിയാപറമ്പില്‍, പൂഞ്ഞാര്‍)

2 comments:

  1. Looks beautiful,, like to visit and relax

    ReplyDelete
  2. I went there with my family,, really enjoyed ,, one should feel the beauty of nature,, mountain breeze is marvelous,, thanks for the information

    ReplyDelete