പൂഞ്ഞാര്‍ : ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ഈ വര്‍ഷം മുതല്‍ ഉപയോഗിക്കുന്നത് തുണികൊണ്ട് നിര്‍മ്മിച്ച തോരണങ്ങളാണ്. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരവും അലങ്കരിക്കുവാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തോരണങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദമായ ഒരു ബദല്‍ മാര്‍ഗ്ഗം ആലോചിച്ച ആശ്രമ പ്രിയോര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ.-യുടെ മനസിലാണ് തുണികൊണ്ടുള്ള തോരണം എന്ന ആശയം ഉണ്ടായത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍കൂടിയായ ജെയിംസച്ചന്‍ ഈ ആശയം സ്കൂളില്‍ പങ്കുവച്ചപ്പോള്‍ കുട്ടികള്‍ ഈ ദൗത്യം നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു.
പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സാധ്യമാണെന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള അവസരമായി ഈ ഉദ്യമത്തെ കണ്ട ഇവര്‍, ഒഴിവുസമയങ്ങളില്‍ അധ്യാപകരുടെയും പി.റ്റി.എ. അംഗങ്ങളുടെയും പൂഞ്ഞാര്‍ തെക്കേക്കര ക്ലാരമഠത്തിലെ സിസ്റ്റേഴ്സിന്റെയും തിരുനാള്‍ കമ്മറ്റി അംഗങ്ങളുടെയും സഹായത്തോടെ മീറ്ററുകണക്കിന് തുണിത്തോരണങ്ങളാണ് നിര്‍മ്മിച്ചത്. തുണി വാങ്ങുവാനായി കുറച്ചു തുക ചെലവായെങ്കിലും പല വര്‍ഷങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ലാഭകരമാകുമെന്നും ഉപയോഗശൂന്യമായ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ പാഴ് വസ്തുക്കളുടെ പുനരുപയോഗം സാധ്യമാകുമെന്നും ഇവര്‍ പറഞ്ഞു.
പുതുവര്‍ഷത്തില്‍ കേരളം പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയപ്പോള്‍ അതിനു സഹായകമായ പുതിയൊരു മാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കുടുംബവും ചെറുപുഷ്പാശ്രമ ദൈവാലയവും. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോബി പടന്നമാക്കല്‍, തിരുനാള്‍ കമ്മറ്റി അംഗങ്ങള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ജോസ് ജോര്‍ജ്ജ്, പി.റ്റി.എ. പ്രസിഡന്റ് എം.സി. വര്‍ക്കി മുതിരേന്തിക്കല്‍, മദര്‍ പി.റ്റി.എ. പ്രസിഡന്റ് ആഷാ ജോസ് , ലൈസ ജോസി, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഈ വാര്‍ത്തയുടെ, രണ്ടര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള അന്റോണിയന്‍ ന്യൂസ് വീഡിയോ ചുവടെ..
No comments:
Post a Comment