Wednesday, April 29, 2020

ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായി..

        കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ 'തുപ്പല്ലേ തോറ്റുപോകും' എന്ന സന്ദേശം നല്‍കുന്നതാണ് കാമ്പയിന്‍ 

പൊതുജനങ്ങൾ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍ :

1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.

2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക.

3. സാമൂഹിക അകലം പാലിക്കുക.

4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്.

5. പരമാവധി യാത്രകള്‍ ഒഴിവാക്കുക.

6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്.

7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്.

8. പൊതുഇടങ്ങളില്‍ തുപ്പരുത്.

9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക.

10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.

Sunday, April 26, 2020

പൂഞ്ഞാർ തെക്കേക്കര PHC-യിൽ നിന്നുള്ള അറിയിപ്പ്.. (ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം - മുന്നറിയിപ്പ്)

  വേനൽ മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ പല പ്രദേശത്തും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,  എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഈ രോഗങ്ങളും സ്വീകരിക്കേണ്ട  നിയന്ത്രണ മാർഗങ്ങളും നാം ശ്രദ്ധിക്കണം. രോഗം ആരംഭത്തിൽ തന്നെ അറിയുവാൻ കഴിഞ്ഞാൽ രോഗവ്യാപനം പൂർണ്ണമായും തടയുവാൻ കഴിയും. 
      ആയതിനാൽ, നമ്മുടെ പഞ്ചായത്ത്‌ പ്രദേശത്ത് പനിയോട് കൂടിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിനായുള്ള നടപടികൾ ആരംഭത്തിൽ തന്നെ  സ്വികരിക്കുവാൻ ഇതിലൂടെ സാധിക്കും. 

രോഗവിവരം ഈ നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്. 

സിബി - ഹെൽത്ത് ഇൻസ്‌പെക്ടർ - 9496425329

ബിജോ - ജൂനിയർ ഹെൽത്ത്‌  ഇൻസ്‌പെക്ടർ - 9447355315

വിനോദ് - ജൂനിയർ ഹെൽത്ത്‌  ഇൻസ്‌പെക്ടർ -9656007776

ജ്യോത്സന - ജൂനിയർ ഹെൽത്ത്‌  ഇൻസ്‌പെക്ടർ - 9400116050


ഡോ. ഷാജു സെബാസ്റ്റ്യൻ
മെഡിക്കൽ ഓഫീസർ
പൂഞ്ഞാർ തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം.

Friday, April 24, 2020

'പൂഞ്ഞാര്‍ ബ്ലോഗ് ' : സിനിമാക്കഥ പോലെ ട്വിസ്റ്റുകളുമായി ഒരു ഗുരു-ശിഷ്യ കൂട്ടായ്മ..

ഈ വര്‍ഷത്തെ അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങള്‍, ഹെഡ്മാസ്റ്റര്‍ ജോസ് ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, അധ്യാപകരായ മെരീന അബ്രാഹം, ഫാ. മാത്യു ഓണയാറ്റുകുഴി സി.എം.ഐ., ജോബിന്‍ കുരുവിള, സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. എന്നിവര്‍ക്കൊപ്പം.
        ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം പൂഞ്ഞാര്‍ ബ്ലോഗിന്റെയും ഫേസ് ബുക്ക് പേജിന്റെയും ഇന്‍ബോക്സില്‍ ബ്ലോഗിനെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്. കോവിഡ് 19 ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പുകളും നല്‍കിത്തുടങ്ങിയതോടെയാണ് പലരും പൂഞ്ഞാര്‍ ബ്ലോഗ് ശ്രദ്ധിച്ചുതുടങ്ങിയതെന്നു തോന്നുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിരുന്നെങ്കിലും, അന്ന് ഓണ്‍ലൈനില്‍ സജീവമായിരുന്നവര്‍ ഇന്നത്തേക്കാള്‍ കുറവായിരുന്നു എന്ന കാരണത്താല്‍ പൊതുജനങ്ങളുടെ ശ്രദ്ധ അത്രക്ക് ലഭിക്കാതെപോയ കുട്ടികളുടെ ഈ ന്യൂസ് ബ്ലോഗിനെക്കുറിച്ച് എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ് മനോരമ ഓണ്‍ലൈനിലും വന്നിട്ടുണ്ട്.
            പത്തുവര്‍ഷം മുന്‍പ്, പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഗുരു-ശിഷ്യ കൂട്ടായ്മയില്‍ ഉടലെടുത്ത ചില 'ഭ്രാന്തന്‍ ചിന്തകളുടെ' ഫലമായിരുന്നു അന്റോണിയന്‍ ക്ലബ്ബും പൂഞ്ഞാര്‍ ബ്ലോഗും. കുട്ടികളുടെ വ്യക്തിത്വ വികസനവും സാമൂഹ്യസേവനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ അന്റോണിയന്‍ ക്ലബ്ബിന് രൂപം നല്‍കിയത്. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തപ്പോള്‍, ഐ.റ്റി.-യിലും ജേര്‍ണലിസത്തിലുമുള്ള താത്പ്പര്യംമൂലമാണ്,കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവക്കുന്ന ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചത്.
        പത്രപ്രവത്തനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുവാനും കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുവാനും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും   2007-ല്‍, 'അന്റോണിയന്‍' എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പുറത്തിറക്കിയിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമുള്ള ഈ പത്രം 2008-ലും പ്രസിധീകരിച്ചു. 2009-ല്‍ കുട്ടികള്‍ കണ്ടെത്തുന്ന നാടിന്റെ വാര്‍ത്തകള്‍കൂടി പ്രസിധീകരിക്കുന്ന ഒരു ത്രൈമാസ പത്രമായി അന്റോണിയന്‍ മാറി. 2010-ല്‍ അന്റോണിയന്‍ പത്രം ബ്ലോഗായി പരിണമിച്ചു.
ആദ്യകാല അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങള്‍ സിനിമാ നടന്‍ അനൂപ് ചന്ദ്രനൊപ്പം..
           'പൂഞ്ഞാര്‍ ന്യൂസ് ' എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. യു.പി.,ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അറുപതോളം മിടുക്കരാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ അണിനിരന്നത്. പ്രധാനമായും സ്കൂള്‍ വാര്‍ത്തകളും അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ അറിവുകളുമാണ് ബ്ലോഗിലൂടെ നല്‍കിയിരുന്നത്. കുട്ടികള്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി  പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ നന്മ നിറഞ്ഞ വാര്‍ത്തകള്‍,  ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെയും പി.റ്റി.എ. അംഗങ്ങളുടെയും സഹായത്തോടെ  കണ്ടെത്തുകയും ചെയ്തു.
         ന്യൂസ് റൈറ്റിംഗിലും റിപ്പോട്ടിംഗിലും എഡിറ്റിംഗിലും കുട്ടികള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കി. സുഹൃത്തും അന്ന് മലയാളമനോരമ സീനിയര്‍ സബ് എഡിറ്ററുമായിരുന്ന സുനീഷ് (പിന്നീട് ചീഫ് സബ് എഡിറ്ററും ഇപ്പോളത്തെ സ്പോര്‍ട്സ് എഡിറ്ററുമായ സുനീഷ് തോമസ്) അടക്കമുള്ള വിദഗ്ദ്ധരാണ് കുട്ടിറിപ്പോര്‍ട്ടര്‍മാരെ പരിശീലിപ്പിച്ചത്. സ്കൂളില്‍ എത്തുന്ന വാര്‍ത്തകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിധീകരണയോഗ്യമാക്കുന്നു. എല്ലാ ദിവസവും സ്കൂള്‍ സമയത്തിനുശേഷവും അവധി ദിവസങ്ങളിലുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
        പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സ്കൂള്‍ കലാമേളകള്‍ നടത്തുവാന്‍ തുടങ്ങിയ അതേവര്‍ഷംതന്നെ, ഈരാറ്റുപേട്ട ഉപജില്ലാ റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ശ്രദ്ധേയമായി. അന്നുതൊട്ട് ഇന്നുവരെ, ഉപജില്ലയിലെ എല്ലാ സ്കൂള്‍ മേളകളുടെയും റിസല്‍ട്ടുകള്‍ ഓണ്‍ലൈനില്‍ അറിയുവാന്‍ ഉപജില്ലയിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂഞ്ഞാര്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നു. ഇടയ്ക്ക്, ബ്ലോഗിനു ഫേസ് ബുക്ക് പേജും ആരംഭിച്ചു.
          ഇതൊക്കെയാണെങ്കിലും, ചില പോസ്റ്റുകളുടെ വ്യൂവേഴ്സിന്റെ എണ്ണം കാണുമ്പോള്‍ നിരാശതോന്നും. ഇന്റര്‍നെറ്റ് സേവനങ്ങളുമായി ജിയോ എത്തുന്നതിനു മുന്‍പുള്ള കാലമായതിനാല്‍, അന്ന് ഓണ്‍ലൈനില്‍ സജീവമായവര്‍ കുറവായിരുന്നു എന്നതാണ് പ്രധാന കാരണം. ബിസിനസോ പരസ്യലാഭങ്ങളോ ഒന്നും ലക്ഷ്യമായിരുന്നില്ല എന്നതിനാല്‍ കൂടുതല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചുമില്ല. ഹൈസ്കൂളിലേക്ക് പ്രമോഷന്‍ വന്നതോടെ സമയവും വില്ലനായി. ഔദ്യോഗിക സ്കൂള്‍ സമയത്തിനു മുന്‍പും ശേഷവും, കൂടാതെ ശനിയാഴ്ച്ചകളിലുമൊക്കെ പത്താം ക്ലാസിന് സ്പെഷ്യല്‍ ക്ലാസുകള്‍, അതും കുട്ടികളുടെ ഭികര വിഷയമായ 'കണക്ക് ' കൈകാര്യം ചെയ്യേണ്ടി വന്നതോടെ, സമയക്കുറവുമൂലം പല പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തേണ്ടി വന്നു.
       ബ്ലോഗ് ഏതാണ്ട് നിര്‍ജ്ജീവ അവസ്ഥയിലായപ്പോള്‍, പ്രവര്‍ത്തനം അവസാനിപ്പിച്ചാലോ എന്നായി ആലോചന. പത്തുവര്‍ഷത്തോളം, ദിവസവും അനേക മണിക്കൂറുകള്‍ ചെലവഴിച്ച് വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനം ഇല്ലാതാകുന്ന സങ്കടം മറുവശത്ത്. ബ്ലോഗ് പേജുകള്‍ എല്ലാം ഡിലിറ്റ് ചെയ്തു. ബ്ലോഗ് ഡിലിറ്റാക്കുന്നതിനു മുന്‍പ്, ഫേസ് ബുക്ക് പേജ് ഡിലിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, ഇന്‍ബോക്സില്‍ അരമണിക്കൂര്‍ മുന്‍പ് ഒരു മെസേജ് വന്നിരിക്കുന്നു. 

      ഒരു തൃശൂര്‍ക്കാരനാണ്. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തൃശൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. പൂഞ്ഞാറുകാരന്‍ എന്ന സംശയത്താല്‍ നെറ്റില്‍ പൂഞ്ഞാര്‍ എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജാണ് പെട്ടെന്ന് ലഭിച്ചത്. അതിലേക്ക് ആളുടെ ഫോട്ടോ സഹിതം വിവരങ്ങള്‍ അയച്ചിരിക്കുന്നു. കണ്ടതേ ആളേ മനസിലായി. സ്കൂളിലെ കുട്ടിയുടെ രക്ഷിതാവാണ്. പെട്ടെന്ന് വിവരങ്ങള്‍ കൈമാറി. രാത്രിതന്നെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തൃശൂരെത്തി ആളെ ഏറ്റെടുക്കാന്‍ സാധിച്ചു. ഇപ്പോഴും ചികിത്സ തുടരുന്നു.
          പൂഞ്ഞാര്‍ ബ്ലോഗിനും പുതുജീവന്‍ പകര്‍ന്ന സംഭവമായിരുന്നു ഇത്. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ബ്ലോഗ് ഞങ്ങളുടെ സ്കൂളിലെ രക്ഷിതാവിനുതന്നെ താങ്ങായിരിക്കുന്നു. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ചിന്ത ഒരു നിമിഷംകൊണ്ട് ഉപേക്ഷിച്ചു. എല്ലാ ദിവസവും അപ്ഡേഷനുകള്‍ നടത്തുന്നില്ലെങ്കിലും, കുട്ടികളുടെ ടീം രൂപീകരിക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ പങ്കുവയ്ക്കുന്ന ഒരിടമായി ബ്ലോഗിനെ നിലനിര്‍ത്താനും തീരുമാനമായി. Antonian News എന്ന പേരില്‍ കുട്ടികളുടെ യു-ട്യൂബ് ചാനലും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ബ്ലോഗിന്റെ യൂ-ട്യൂബ് ചാനല്‍..
       ഇപ്പോള്‍, കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശേഖരിച്ച് ബ്ലോഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍നിന്നും പൂഞ്ഞാര്‍ പി.ച്ച്.സി.- യില്‍നിന്നുമുള്ള അറിയിപ്പുകള്‍ അതാത് സമയങ്ങളില്‍ ഓണ്‍ലൈന്‍ ചെയ്യുന്നു. കൂടാതെ, ലോക് ഡൗണ്‍ കാലത്ത് കുട്ടികള്‍ വീട്ടിലിരുന്ന് പുതിയ ആശയങ്ങള്‍ കണ്ടെത്തി യു-ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. അതെ.. ഞങ്ങളുടെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്..

പൂഞ്ഞാര്‍ ബ്ലോഗിന്റെ വിലാസം : www.poonjarblog.blogspot.com

ബ്ലോഗിന്റെ ഫേസ് ബുക്ക് പേജ് : www.facebook.com/poonjarblog


യു-ട്യൂബ് ചാനല്‍ : www.youtube.com/channel/UCts18mQXt1stldhqPRkADGg
 
(ടോണി തോമസ് പുതിയാപറമ്പില്‍, അധ്യാപക കോ-ഓര്‍ഡിനേറ്റര്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂഞ്ഞാര്‍. Mb - 9895871371)

Monday, April 20, 2020

ലോക് ഡൗണ്‍ ഇളവുകള്‍ വരുമ്പോള്‍ ഇതുകൂടി ശ്രദ്ധിക്കുക.. ഔദ്യോഗിക സന്ദേശങ്ങള്‍..


      "ഇത് ജീവിക്കാനുള്ള ഇളവാണ്. രോഗഭീതി ഒഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ പോയരോഗം പാഞ്ഞെത്തും. ഇത്രയും കാലം അകലം പാലിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞു. ഇനി ജനങ്ങള്‍ അവ സ്വയം നടപ്പിലാക്കണം. വുഹാനില്‍ രോഗം വീണ്ടും തലപൊക്കിയെന്നോര്‍ക്കണം."
(ഡോ. ആര്‍. സജിത് കുമാര്‍, നോഡല്‍ ഓഫീസര്‍, കോവിഡ് ചികിത്സാ വിഭാഗം, കോട്ടയം മെഡിക്കല്‍ കോളേജ്)


കോട്ടയം ജില്ലാ കളക്ടര്‍ ശ്രീ. പി.കെ. സുധീര്‍ ബാബു പറയുന്നു.. (ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ നിന്ന്..)

     "ലോക് ഡൗണ്‍ ഇളവുകള്‍ വരുമ്പോൾ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുകയല്ല. അതുകൊണ്ടുതന്നെ  കൊറോണ പ്രതിരോധത്തിനായുള്ള ജാഗ്രത തുടരാന്‍ എല്ലാവരും ശ്രദ്ധിക്കണം. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അനാവശ്യമായി പോകുന്നതും  കൂട്ടം ചേരുന്നതും ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം.

      സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര ശാലകളിലും പൊതു സ്ഥലങ്ങളിലും ബ്രേക് ദ ചെയിന്‍ കാമ്പയിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതു സ്ഥലങ്ങളില്‍ പോകുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്.

      പ്രായമായവരും കുട്ടികളും കഴിവതും വീടുകളില്‍തന്നെ തുടരുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഷോപ്പിംഗ് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഒരാള്‍ മാത്രം പോയാല്‍ മതിയാകും. ഷോപ്പിംഗിന് പോകുന്നവര്‍ അനാവശ്യമായി പൊതു സ്ഥലങ്ങളില്‍ ചുറ്റി നടക്കുന്നത് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക. സാധനങ്ങള്‍ എടുത്തശേഷം തിരികെ വയ്ക്കുന്നത് ഒഴിവാക്കണം.

      സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചിയാക്കാന്‍ ശ്രദ്ധിക്കുക. ലിഫ്റ്റില്‍ കയറുന്നത് കഴിവതും ഒഴിവാക്കണം. വീട്ടില്‍ തിരികയെത്തിയാല്‍ കൈകള്‍ കഴുകുകയും വസ്ത്രം മാറുകയും കുളിക്കുകയും ചെയ്ത ശേഷമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ. സര്‍ക്കാര്‍ ഓഫീസുകള്‍, സർവ്വകലാശാല, ബാങ്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം."


മാസ്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനോരമ, ദീപിക പത്രങ്ങളില്‍ വന്ന അറിയിപ്പ് ചുവടെ..

Thursday, April 9, 2020

' ലോക്ക് ഡൗണ്‍ അവധിയിലുള്ള ' കുട്ടികള്‍ക്കുവേണ്ടി ഓണ്‍ലൈനില്‍ ഔദ്യോഗികമായി നടക്കുന്ന വിവിധ പരിപാടികളും മത്സരങ്ങളും..

സമഗ്ര പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’

        ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ, ഓൺലൈൻ വഴി കളിക്കാനും പഠിക്കാനും സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും നേതൃത്വത്തിൽ ‘സമഗ്ര’ പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പഠന സൗകര്യം  പ്രയോജനപ്പെടുത്തുക.
        വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികള്‍ക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന രൂപത്തിലാണ് ഇത് തയാറാക്കിയിട്ടുള്ളത് . രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി സമഗ്ര ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ www.samagra.kite.kerala.gov.in സന്ദർശിക്കുകയോ ചെയ്യുക. അവിടെ Edutainment എന്ന ലിങ്കിൽ പ്രവേശിച്ച് class, ഇഷ്ടമുള്ള topic എന്നിവ നൽകി പ്രവർത്തനങ്ങൾ ആരംഭിക്കാം.


അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്..

        കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ 'സ്കൂൾ വിക്കി' യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 
        ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ്. ഏപ്രിൽ മാസം ഇരുപതാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾ വിക്കിയിൽ ചേർക്കുന്നത്. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങൾ.. 
(വീട്ടിലിരുന്ന് സമ്മാനം നേടാം)
        കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കഥകളും കവിതകളും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി 2020 ഏപ്രിൽ 30നകം director@ksicl.org എന്ന E-mail ൽ അഡ്രസിലോ  9847178201 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ആണ് അയക്കേണ്ടത്. പേര്, വയസ്സ് , ക്ലാസ്സ്,  പഠിക്കുന്ന സ്കൂൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.


EMC (Energy Management Centre) Kerala സഘടിപ്പിക്കുന്ന മത്സരങ്ങൾ..
        LP, UP വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം, HS വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ രചന, HSS വിഭാഗത്തിന് ഡിജിറ്റല്‍ കൊളാഷ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. സൃഷ്ടികള്‍ ഇ-മെയില്‍ ചെയ്താല്‍ മതി. വിശദവിവരങ്ങള്‍ ചുവടെയുള്ള ബ്രോഷറില്‍..


'ലോക്ക് ഡൗൺ' ,  കോവിഡ് 19 പകർച്ചവ്യാധി - ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗവൺമെന്റും വിദ്യാഭ്യാസ വകുപ്പും അതാത് സമയങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് മേൽപ്പറഞ്ഞ മത്സരങ്ങളിലും പരിപാടികളിലും കുട്ടികൾ പങ്കെടുക്കേണ്ടത് എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.