പൂഞ്ഞാർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ പൂഞ്ഞാറിലെ എസ്.എം.വൈ.എം. (സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്) പ്രവർത്തകർ തങ്ങളുടെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായിരിക്കുകയാണ്. മരണത്തെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച പൂഞ്ഞാർ നിവാസിയുടെ സംസ്കാര ശുശ്രൂഷകളിൽ സഹകരിച്ചത് അവയിൽ ഒന്നു മാത്രം.
കേരളത്തിൽ കോവിഡ് രോഗബാധ തുടങ്ങുന്ന സമയത്തു തന്നെ സെമിനാർ ഉൾപ്പെടെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഇവർ രംഗത്തെത്തിയിരുന്നു. പൂഞ്ഞാർ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് പ്രദേശത്തെ ആളുകൾക്കായി പ്രതിരോധ മരുന്ന് വിതരണം നടത്തി. പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനാംഗങ്ങൾക്കും സൗജന്യമായും പൊതുജനങ്ങൾക്ക് മിതമായ നിരക്കിലും രണ്ടായിരത്തിൽപരം മാസ്കുകളാണ് ഇവർ നിർമ്മിച്ചു നൽകിയത്. ഇതു കൂടാതെ, ഹാൻഡ് വാഷും ലോഷനും നിർമ്മിച്ച് വിതരണം ചെയ്തിരുന്നു.
ഓണാഘോഷത്തിനായി കരുതിയ തുക മണിയംകുളം രക്ഷാഭവനിലെ അന്തേവാസികൾക്കായി നൽകിയ എസ്.എം.വൈ.എം. പ്രവർത്തകർ, സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണത്തിലും സഹായഹസ്തവുമായി എത്തിയിരുന്നു. സപ്ലൈക്കോയിൽ നിന്ന് കിറ്റുകൾ പൂഞ്ഞാർ തെക്കേക്കരയിലെ വിവിധ റേഷൻ കടകളിൽ എത്തിച്ചു നൽകിയത് ഇവരാണ്. കോവിഡ് ഭീതിമൂലം രക്തദാനം വളരെ കുറഞ്ഞപ്പോൾ, പാലാ പ്രദേശത്തെ ബ്ലഡ് ബാങ്കുകളിൽ രക്തം ദാനം ചെയ്യാൻ പൂഞ്ഞാറിൽ നിന്ന് യുവജനങ്ങൾ എത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, വിവിധ സംഘടനകളുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും വൃക്ഷത്തൈകളുടെയും വിതരണം നടത്തുകയും, പ്രകൃതിക്ഷോഭത്താലും രോഗത്താലും ദുരിതമനുഭവിച്ച ചെല്ലാനം നിവാസികൾക്ക് സഹായമെത്തിക്കുകയും ചെയ്തു. കോവിഡ് ഭീതിമൂലം ഉണ്ടാകാവുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഓൺലൈനിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കാനും ഇവർ മറന്നില്ല.
എസ്.എം.വൈ.എം. പൂഞ്ഞാർ മേഖലാ ഡയറക്ടർ ഫാ. ജോൺ കുറ്റാരപ്പള്ളിൽ, വൈസ് ഡയറക്ടർ സി. ജോയ്സി എഫ്.സി.സി., യൂണിറ്റ് പ്രസിഡൻ്റുമാരായ റ്റിജോ വെള്ളേടത്ത്, ലിയാ ജോയി എന്നിവരുടെ നേതൃത്വത്തിൽ ഒരു പറ്റം യുവജനങ്ങളാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞ ഈ സേവന പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. ഇവർ നടത്തുന്ന കോവിഡ് പ്രതിരോധ മരുന്നുവിതരണത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് (സെപ്റ്റംബർ 18) പൂഞ്ഞാറിൽ നടക്കും.