Tuesday, June 14, 2011

അദ്ധ്യാപകര്‍ക്കും അദ്ധ്യാപകരാകുവാന്‍ കൊതിക്കുന്നവര്‍ക്കുമായി ഒരു ചിത്രം - ' മാണിക്യക്കല്ല് '

     അദ്ധ്യാപകരും  അദ്ധ്യാപകരാകുവാന്‍ കൊതിക്കുന്നവരും മാത്രമല്ല , ആത്മാര്‍ഥതയും സ്നേഹവും അല്പ്പമെങ്കിലും കാത്തുസൂക്ഷിക്കുന്ന ഏതൊരാളും നിര്‍ബന്ധമായും കാണേണ്ട ഒരു സിനിമയാണ് ' മാണിക്യക്കല്ല് '. എന്താണിത്ര പുതുമ എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസം... എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ അത്ര പ്രായോഗികമല്ല എന്നു പറഞ്ഞ് നാം തള്ളിക്കളയന്ന ചില കാര്യങ്ങള്‍..
     ഒരു അദ്ധ്യാപകന്‍ എങ്ങനെയൊക്കെ ആയിരിക്കണം , എങ്ങനെയൊക്കെ ആയിരിക്കരുത് എന്നത് പുസ്തകങ്ങളിലൂടെ വായിച്ചുമാത്രമല്ല , അനുഭവങ്ങളിലൂടെയും നാം മനസിലാക്കി കഴിഞ്ഞ കാര്യമാണ്.  തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിനയചന്ദ്രന്‍ എന്ന അദ്ധ്യാപകന്‍ സ്കൂളിലും നാട്ടിലും വരുത്തിയ മാറ്റങ്ങള്‍ വിവരിക്കുന്ന ഈ ചിത്രവും പറയുന്നത് ആ കാര്യങ്ങള്‍ തന്നെയാണ് . 

     എന്നാല്‍ ഈ സിനിമ കാണുമ്പോഴും അതിനുശേഷവും നമുക്ക് ലഭിക്കുന്ന ഒരു ' പോസിറ്റീവ് എനര്‍ജി...' അതാണ് ശ്രദ്ധേയം. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ വിടരുമ്പോള്‍ , ചില കഥാ സന്ദര്‍ഭങ്ങളിലെങ്കിലും നമ്മുടെ കണ്ണുകള്‍ നനയും...സങ്കടം കൊണ്ടല്ല..മറിച്ച് സന്തോഷംകൊണ്ട്... നന്മകള്‍ കാണുമ്പോഴുള്ള സന്തോഷം...
     എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാന്‍ സംവിധായകന്‍ നടത്തിയിരിക്കുന്ന ചില ശ്രമങ്ങള്‍ , ഗൗരവമായി സിനിമയെ കാണുന്ന ആളുകളില്‍ എതിരഭിപ്രായങ്ങള്‍ സൃഷ്ടിച്ചേക്കാം...പ്രത്യേകിച്ച് ഗാന രംഗങ്ങളും , ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന് ലഭിക്കുന്ന അമിതമായ പ്രശംസയുംമറ്റും. പക്ഷേ ഈ സിനിമ നല്‍കുന്ന സന്ദേശം അതിനെയെല്ലാം മറികടക്കും..

     ചിത്രം കണ്ട കണ്ണൂരുകാരനായ സുഹൃത്ത്  നാരായണന്‍ , ഇങ്ങനെ ഒരു മെസേജ് അയച്ചുതന്നു.." നമ്മുടെ സ്വപ്നത്തിലെവിടെയോ ആ അദ്ധ്യാപകനുണ്ട്. അദ്ധ്യാപനം ഒരു ജോലി മാത്രമായി മാറുന്ന ഈ കാലത്ത് അതുപോലൊരു അദ്ധ്യാപകനാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചുപോകുന്നു..".
                                                                       - റ്റോണി പൂഞ്ഞാര്‍ - 

No comments:

Post a Comment