പൂഞ്ഞാര്‍ സിറ്റിസണ്‍ ക്ലബ് എന്ന പേര് കേരളത്തിലെ കായികമത്സര വേദികളില്‍ , പ്രത്യേകിച്ച് വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്ലബ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പൂഞ്ഞാറിന്റെ കളിക്കളങ്ങളും നിശബ്ദമായി. ഈ നിര്‍ജ്ജീവതയില്‍ വേദനതോന്നിയ ഒരു പറ്റം കായിക പ്രേമികള്‍ സിറ്റിസണ്‍ ക്ലബുമായി വീണ്ടുമെത്തുന്നു. സജിമോന്‍ കെ.ആര്. (കൊച്ചുമണി കുളത്തുങ്കള്‍) , റ്റി.കെ.റെജി തോട്ടാപ്പള്ളില്‍ എന്നിവരാണ് ഈ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രധാനികള്‍. 1978-ല്‍ ആരംഭിച്ച സിറ്റിസണ്‍ ക്ലബിലൂടെ താരമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തിയാണ് പ്രധാന പരിശീലകനായ റ്റി.കെ.റെജി. മുന്‍ ഇന്റര്‍നാഷണല്‍ വോളീബോള്‍ താരവും ഇപ്പോള്‍ ഇന്‍ഡ്യന്‍ ജൂനിയര്‍ അത്ലെറ്റിക് ടീം കോച്ചുമായ കെ.എസ്.അജിമോനും സമയം കിട്ടുന്നതനുസരിച്ച് പരിശീലകനായി ഇവിടെ എത്തുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക പരിശീലന പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നാലു വയസുമുതല്‍ മുപ്പതു വയസുവരെയുള്ള നൂറോളം പേര് ഈ പരിശീലന പദ്ധതിയുടെ ഭാഗമായി എത്തുന്നു. വോളിബോള്‍ , ഹാന്‍ഡ് ബോള്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നത്. പരിശീലന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ.ഷോണ്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായാണ് സിറ്റിസണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം നടക്കുന്നത്. നാട്ടുകാര്‍ നല്കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് പരിശീലനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങിയത്. സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI , ഹെഡ്മാസ്റ്റര് തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നു. ക്ലബ് പ്രസിഡന്റ് മോഹനകുമാര്‍ വടക്കേക്കര , സെക്രട്ടറിയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , മുന്‍ കായികതാരം ദേവസ്യാച്ചന് കാട്ടറാത്ത് തുടങ്ങിയ കായിക പ്രേമികളായ ഒരു കൂട്ടം പൂഞ്ഞാര്‍ നിവാസികളുടെ പിന്തുണയാല്‍ മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടാവുന്ന കായികതാരങ്ങള്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും.
No comments:
Post a Comment