flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Saturday, December 1, 2012

പൂഞ്ഞാര്‍ ബ്ലോഗിന് ഇന്ന് രണ്ടുവയസ് തികയുന്നു..

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ
പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച്
മലയാളമനോരമ പറഞ്ഞത്..
            പൂഞ്ഞാര്‍ ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നിട്ട് ഇന്ന് (ഡിസംബര്‍ 1) രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞുപോയ രണ്ടു വര്‍ഷങ്ങളിലേയ്ക്ക് നോക്കുമ്പോള്‍ അഭിമാനം തോന്നുന്നു..അതോടൊപ്പം ആശ്ചര്യവും. ബ്ലോഗ് തുടങ്ങുന്ന സമയത്ത് ഇതിന്റെ ഭാവിയെക്കുറിച്ച് മനസിലുണ്ടായിരുന്ന സ്വപ്നങ്ങളെല്ലാം എപ്പോഴേ പൂവണിഞ്ഞുകഴിഞ്ഞു.. ഇപ്പോള്‍ പുതിയപുതിയ സ്വപ്നങ്ങള്‍ മുളപൊട്ടിത്തുടങ്ങിയിരിക്കുന്നു.
            ഇന്റര്‍നെറ്റ് പരിചിതമാകുകയും ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്തതോടെയാണ്  എന്തുകൊണ്ട് കുട്ടികളുടെ ഒരു ബ്ലോഗ് തുടങ്ങിക്കൂടാ എന്ന ചിന്ത മനസില്‍ വന്നത്. കുട്ടികളുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍നിന്നും ഞങ്ങള്‍ ആരംഭിച്ച 'അന്റോണിയന്‍ ' എന്ന ത്രൈമാസ പ്രാദേശിക പ്രസിദ്ധീകരണം സാമ്പത്തിക പരാധീനതമൂലം നിന്നുപോയ അവസരവുമായിരുന്നു അത്. ബ്ലോഗ് ആകുമ്പോള്‍  സാമ്പത്തികബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ. അന്ന് സ്കൂള്‍ മാനേജറായിരുന്ന ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍ , ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.റ്റി.​എം.ജോസഫ് ,പ്രിന്‍സിപ്പാള്‍ ശ്രീ.എ.ജെ.ജോസഫ് , പി.റ്റി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതോടെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ബ്ലോഗ് തുടങ്ങുവാന്‍ തീരുമാനമായി. 
പൂഞ്ഞാര്‍ ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ച്
മംഗളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്...
            2010 ഡിസംബര്‍ ഒന്നാം തീയതി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ പൂഞ്ഞാര്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
            ബാലാരിഷ്ടതകള്‍ അലട്ടിയ പ്രാരംഭകാലത്ത് സഹായ ഹസ്തവുമായി ഓടിയെത്തിയ സുഹൃത്തുക്കളാണ് ബ്ലോഗിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചതെന്ന് നിസംശ്ശയം പറയാം. ഇപ്പോള്‍ കടപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനായ നിധിന്‍സാറിനെ നന്ദിയോടെ ഓര്‍ക്കുന്നു. ബ്ലോഗിന് ഇന്നത്തെ രൂപവും ഭാവവും വന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചത് അദ്ദേഹമാണ്. നേരിട്ടു പരിചയമില്ലെങ്കിലും ഫോണിലൂടെ പരിചയപ്പെട്ട രണ്ടു വ്യക്തികള്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മാത്സ് ബ്ലോഗിന്റെ അണിയറ ശില്‍പ്പികളായ ഹരിസാറും നിസാര്‍ സാറും . പൂഞ്ഞാര്‍ ബ്ലോഗിന്റെ ശ്രദ്ധേയമായ ചില പോസ്റ്റുകള്‍ മാത്സ് ബ്ലോഗിലൂടെ അവര്‍ പങ്കുവച്ചതോടെയാണ് പൂഞ്ഞാറിനും കോട്ടയം ജില്ലയ്ക്കും അപ്പുറത്തേയ്ക്ക് ബ്ലോഗ് അറിയപ്പെട്ടു തുടങ്ങിയത്. മാധ്യമ സുഹൃത്തുക്കളെയും നന്ദിയോടെ ഓര്‍ക്കുന്നു. ദീപികയും മനോരമയും ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസും സംസ്ഥാന വാര്‍ത്തയായും മംഗളം , ദേശാഭിമാനി , കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ ജില്ലാ വാര്‍ത്തയായും പ്രസിദ്ധീകരിച്ചുകൊണ്ട്  കുട്ടികളുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.
പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്..
             ഈരാറ്റുപേട്ട എ.ഇ.ഒ. ശ്രീ.ടി.വി.ജയമോഹന്റെ പ്രത്യേക താത്പ്പര്യപ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രമേളയുടെയും റിസല്‍ട്ടുകള്‍  പൂഞ്ഞാര്‍ ബ്ലോഗു വഴി തത്സമയംതന്നെ പ്രസിദ്ധപ്പെടുത്തിയത് ബ്ലോഗിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ ലൈവ് ടെലിക്കാസ്റ്റും പൂഞ്ഞാര്‍ ബ്ലോഗിലൂടെ നല്‍കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഏവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വാകക്കാട് സെന്റ് അല്‍ഫോന്‍സാ സ്കൂള്‍ അദ്ധ്യാപകനായ ശ്രീ. സന്തോഷ് കീച്ചേരി , കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായ ശ്രീ. ജെയ്സണ്‍ ജോസ് എന്നിവരുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ബ്ലോഗ് ആരംഭിച്ചതുമുതല്‍ സ്ഥിരമായി ബ്ലോഗ് പോസ്റ്റിലുള്ള കമന്റുകളിലൂടെയും കൂടാതെ നേരിട്ടും ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് ഇവര്‍. 
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍
ബ്ലോഗിനെക്കുറിച്ച് ദീപിക പറയുന്നു..
            അന്റോണിയന്‍ ക്ലബിലെ നിരവധി കുട്ടികള്‍ ബ്ലോഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാളം ടൈപ്പിംഗിന്റെ ചുമതല വഹിച്ചിരുന്ന അശ്വിന്‍ ആര്‍. , ഇന്റര്‍വ്യൂ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന ഗൗതം കൃഷ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബ്ലോഗ് ടീം , പ്രദേശം തിരിഞ്ഞ് , ലോക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സ്ഥാനത്തേയ്ക്ക് ഇപ്പോള്‍ പുതിയ കുട്ടികള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു.  ഫാ.റോമിയോ CMI ,ശ്രീ. പി.ജെ.ആന്റണി , സി.മെര്‍ളി കെ ജേക്കബ് , ശ്രീമതി.ആലീസ് ജേക്കബ് , ശ്രീമതി. ഡാലിയാ ജോസ് , ശ്രീമതി. മിനി കെ. ജോര്‍ജ്ജ് എന്നിങ്ങനെ അദ്ധ്യാപകരുടെ ഒരു നിരതന്നെ ബ്ലോഗ് ടീമിനെ സഹായിക്കാനുണ്ട്.
            യാതൊരു ലാഭേച്ഛകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ ബ്ലോഗിനായി കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ആയിരത്തിലേറെ മണിക്കൂറുകള്‍ ഞങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.  മടുപ്പ് തോന്നുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ നിങ്ങളില്‍നിന്ന് ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങളാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന ഓരോ കമന്റും പുതിയ പോസ്റ്റുകള്‍ തയ്യാറാക്കി ഈ രംഗത്ത് സജീവമായി നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍...
            ഏവര്‍ക്കും നന്ദി.. ഗ്രാമത്തിന്റെ വിശേഷങ്ങള്‍  മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും ഇപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നുണ്ട്. ഹോം പേജ് കൂടാതെ സ്കൂള്‍ വാര്‍ത്തകള്‍ക്കായി സെന്റ് ആന്റണീസ് ന്യൂസ്  , വിദ്യാഭ്യാസ അറിയിപ്പുകള്‍,  കലാ-സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരായനം , കുട്ടികളുടെ പേജ് , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links' തുടങ്ങിയവയും  പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.  ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക്  എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ,  PTA തുടങ്ങിയവരോടുള്ള  നന്ദിയും ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.                                                                                                                                                           
                                                                                                                                           

4 comments:

 1. This comment has been removed by the author.

  ReplyDelete
 2. Dear Tony,

  Heartfelt congratulations... I had noticed you during our Pre-degree days and had predicted a bright future. Now you have proved your mettle. Go on creating history.

  Rajeev
  www.english4keralasyllabus.com

  ReplyDelete
 3. നന്ദി രാജീവ് സാര്‍.. നന്ദി... ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നവരുടെ പട്ടികയില്‍ താങ്കളും തീര്‍ച്ചയായും ഉണ്ടായിരുന്നു.. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു..

  ReplyDelete
 4. ഇതൊരു പൂഞ്ഞാറന്‍ വിജയഗാഥയാണ്....അതിര്‍വരമ്പുകളില്ലാത്ത അര്‍പ്പണമനോഭാവത്തിന്റെയും,ആത്മാര്‍ഥതയുടെയും,കഠിനാധ്വാനത്തിന്റെയും
  ഒറ്റയാള്‍ വിപ്ലവം.... Fantastic... Wish You And Your Team All The Very Best To Leap Towards New Horizons.. HAPPY B'DAY...

  ReplyDelete