Tuesday, December 24, 2013

മങ്കി പെന്‍ കുട്ടികള്‍ക്കൊപ്പം കാണണേ..

            ഈ ക്രിസ്തുമസ് അവധിക്കാലം കുടുംബസമേതം സിനിമകാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന നാളുകളായി മാറിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളാണ് ഇതിനുകാരണമായിരിക്കുന്നത്. ദൃശ്യവും മങ്കിപെന്നും. ദൃശ്യം, സംവിധായകന്‍  ജിത്തു ജോസഫിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും പ്രഭാവത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ചാനലുകളും മാഗസീനുകളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ റിവ്യൂകളുമൊക്കെ ചിത്രത്തിന് അത് അര്‍ഹിക്കുന്ന പബ്ലിസിറ്റി നല്‍കുന്നുണ്ട്.
           എന്നാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കുറച്ചുനാള്‍ മുന്‍പിറങ്ങിയ മങ്കി പെന്നിന്റെ കാര്യത്തില്‍ അത്ര സഹായകമായോ എന്നൊരു സംശയമുണ്ട്. അടുത്തനാളിലിറങ്ങിയ ഏറ്റവും ആകര്‍ഷകമായ കുട്ടികളുടെ ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. കാണാത്തവര്‍ തീര്‍ച്ചയായും കുടുംബസമേതം ഈ ചിത്രം കാണണം.
           റയാന്‍ ഫിലിപ്പ് എന്ന അഞ്ചാം ക്ലാസുകാരന്റെ കുസൃതികളിലൂടെയും വേദനകളിലൂടെയും തിരിച്ചറിവുകളിലൂടെയും കടന്നുപോകുന്ന മങ്കിപ്പെന്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്നതും മുതിര്‍ന്നവര്‍ അവഗണിക്കുന്നതുമായ ചില യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. റയാന് കണക്ക് ഭീകര വിഷയമായി അനുഭവപ്പെടാന്‍ കാരണം അവനെ മുന്‍പു പഠിപ്പിച്ച കണക്കുമാഷിന്റെ ചില പ്രവൃത്തികളാണ്. അതു മനസിലാക്കാതെ അവനെ കളിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഇത് തിരിച്ചറിയുമ്പോള്‍ വേദനിക്കുന്നു. സിനിമക്കുപുറത്തും ഈ രീതിയിലുള്ള എത്രയോ കുട്ടികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട് ! അവരുടെ തകര്‍ച്ചയ്ക്കു കാരണം യഥാര്‍ഥത്തില്‍ അധ്യാപകരും മാതാപിതാക്കളും ഈ സമൂഹവുമല്ലേ എന്നൊരു ചോദ്യവും, നേരിട്ടല്ലെങ്കിലും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.
            കുട്ടികളില്‍നിന്ന് പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് മുതിര്‍ന്നവരുടെ പക്വതയാണ്. അതു ലഭിക്കാതെ വരുമ്പോള്‍ , അവര്‍ കുട്ടികളാണെന്നുള്ള സത്യം വിസ്മരിച്ചുകൊണ്ട് നാം അവരെ  കുറ്റപ്പെടുത്തുന്നു. അതേസമയം ശരിയായ മാര്‍ഗ്ഗദര്‍ശിയാകാത്ത രക്ഷിതാക്കള്‍ കുട്ടികളില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'സത്യം കയ്പ്പുള്ളതല്ല, മധുരമുള്ളതാണ്. എന്നാല്‍ കള്ളം അതിമധുരമായി നമുക്കു തോന്നുന്നതിനാല്‍ സത്യത്തെ കയ്പ്പുള്ളതായി തെറ്റിധരിക്കുന്നതാണ് ' -  ഈ തരത്തിലുള്ള മൂല്യങ്ങള്‍ ചിത്രം പകര്‍ന്നുനല്‍കുന്നുണ്ട്. 
            റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന സനൂപ് (നടി സനൂഷയുടെ അനുജന്‍) തന്റെ ആദ്യ ചിത്രത്തിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. റയാന്റെ നാല്‍വര്‍സംഘത്തിലെ ജുഗുനുവും അടിപൊളി. നീല്‍ ഡി ചുന്‍ഹയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റയാന്റെ വീടും പരിസരവും കടല്‍ത്തീരവുമൊക്കെ വ്യത്യസ്ത ഷോട്ടുകളിലൂടെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഫാന്റസിയില്‍ തീര്‍ത്ത ഷാനില്‍ മുഹമ്മദിന്റെ കഥക്ക് റോജിന്‍  തോമസ്  തിരക്കഥയൊരുക്കി. വലിയ പുതുമകള്‍ കഥയിലോ തിരക്കഥയിലോ ഇല്ലെങ്കിലും ഇരുവരും ചേര്‍ന്ന് പുതുമയാര്‍ന്ന ആവിഷ്ക്കാരത്തിലൂടെ ചിത്രത്തെ ശ്രദ്ധേയമാക്കി. ഈ ഇരട്ട സംവിധായകര്‍ മലയാള സിനിമയിലെ പുതുവാഗ്ദാനങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു.
            നന്മകള്‍ മനുഷ്യമനസില്‍ വിതക്കുവാന്‍ മങ്കിപെന്നിന് കഴിയുന്നുണ്ട്. സിനിമകഴിഞ്ഞ് ഇറങ്ങുമ്പോള്‍ നമുക്കൊപ്പം പോരുന്ന ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കുവാന്‍ ഈ ചിത്രത്തിന് സാധിക്കും എന്നുപറയുമ്പോഴും ഒരു സംശയം ബാക്കി. ആദ്യ പകുതിയില്‍ കാണിക്കുന്ന റയാന്റെ കുസൃതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് അത്ര ശരിയായോ..? ആളുകളെ കൂടുതല്‍ രസിപ്പിക്കുവാനും ചിത്രത്തിന്റെ വിജയത്തിനും അതാവശ്യമായിരിക്കും. പക്ഷേ, രണ്ടാം പകുതിയില്‍ റയാനു സംഭവിച്ച തിരിച്ചറിവുകളും മനംമാറ്റവും കാണികളുടെ മനസിലേക്ക് പതിപ്പിക്കുവാന്‍ സംവിധായകര്‍ക്കായോ എന്നു സംശയമുണ്ട്. ക്ലാസില്‍ ഈ ചിത്രം കണ്ട എന്റെ കുട്ടികളുമായി ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ ഓര്‍മ്മിച്ചെടുത്തതെല്ലാംതന്നെ റയാന്റെ കുസൃതികളായിരുന്നു. അതിനാല്‍ കുട്ടികളെ ഈ ചിത്രം കാണിക്കുന്നതിനൊപ്പം ഒരു ഗൈഡന്‍സുകൂടി അവര്‍ക്കു നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു.

Monday, December 16, 2013

പൂഞ്ഞാര്‍ അന്റോണിയന്‍ ക്ലബിനെയും പൂഞ്ഞാര്‍ ബ്ലോഗിനെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി..

കേരളകൗമുദി കോട്ടയം - ഇടുക്കി ജില്ലാ വാര്‍ത്ത

             2013 ഡിസംബര്‍ മാസം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നാലുവര്‍ഷവും പൂഞ്ഞാര്‍ ബ്ലോഗ് മൂന്നുവര്‍ഷവും പൂര്‍ത്തിയാക്കുന്ന വിവരം ബ്ലോഗില്‍ ഡിസംബര്‍ ഒന്നിനു പ്രസിദ്ധികരിച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നല്ലോ. കഴിഞ്ഞ രണ്ടാഴ്ച്ചകളായി വിവിധ മാധ്യമങ്ങള്‍  ഈ വാര്‍ത്ത നല്‍കിവരുകയായിരുന്നു. ബ്ലോഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഫോണിലൂടെയും ഫേസ്ബുക്കുവഴിയും നേരിട്ടും ആഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ ഏവരേയും നന്ദിയോടെ സ്മരിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ്. നന്ദി.. നന്ദി.. നന്ദി..
മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു..

Friday, December 13, 2013

11-12-13-ല്‍ നന്മ വിതയ്ക്കുവാനായി ഇവര്‍ ഒരുമിച്ചുകൂടി..

സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ , സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm)  പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ അണിനിരന്നപ്പോള്‍..
          പൂഞ്ഞാര്‍ : സംഖ്യകള്‍ കൗതുകം വിരിയിച്ച ദിനമായ 11-12-2013-ല്‍ മാനവസ്നേഹത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും സന്ദേശവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുരുന്നുകള്‍ ഒത്തുകൂടി. സമയമുള്‍പ്പെടെ അന്നത്തെ തീയതി കാണിക്കുന്ന കൗതുകസംഖ്യയുടെ രൂപത്തില്‍ (11/12/13 14:15:16 pm), 11 മുതല്‍ 16 വരെയുള്ള അക്കങ്ങളായാണ് ഇവര്‍ അണിനിരന്നത്.
            ഇത് സംഖ്യാ കൗതുകത്താലുള്ള വെറുമൊരു കൂടിച്ചേരല്‍ മാത്രമായിരുന്നില്ല.  മറിച്ച് , ക്രിസ്തുമസ് കാലത്ത് അനാവശ്യ ആര്‍ഭാടങ്ങള്‍ക്കായി ചെലവഴിക്കാറുള്ള തുകയുപയോഗിച്ച് അനാഥരായ കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി സ്നേഹസമ്മാനങ്ങള്‍ ഒരുക്കുക എന്നതീരുമാനം നടപ്പിലാക്കുന്ന അവസരംകൂടിയായിരുന്നു ഇത്. സ്കൂള്‍ മുഴുവന്‍ ഇതുമായി സഹകരിച്ചതോടെ നൂറുകണക്കിന് സമ്മാനപ്പൊതികളാണ്  ഒരു ദിവസംകൊണ്ടുതന്നെ ശേഖരിക്കപ്പെട്ടത്.
            ആഗോള പര്‍വ്വത ദിനം കൂടിയായ ഈ ദിവസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ പര്‍വ്വതസംരക്ഷണ പ്രതിജ്ഞയുമെടുത്തു. നദികളുടെ ഉത്ഭവസ്ഥാനവും ശുദ്ധജലത്തിന്റെ പ്രധാന ഉറവിടവുമായ പര്‍വ്വതങ്ങള്‍ സംരക്ഷിക്കുക എന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ ഒന്നാണ് എന്ന സന്ദേശമാണ് ഈ കുട്ടികള്‍ പങ്കുവച്ചത്.

Tuesday, December 10, 2013

ജില്ലാ കലോത്സവവേദിയിലെ താരമായി ഗൗതം കൃഷ്ണ..

മലയാളമനോരമ ജില്ലാ വാര്‍ത്ത
            പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗമായ ഗൗതം കൃഷ്ണ കോട്ടയം ജില്ലാ കലോത്സവ വേദിയിലെ മിന്നും താരമായി. പങ്കെടുത്ത നാലിനങ്ങളിലും (നാടന്‍ പാട്ട് എന്ന ഗ്രൂപ്പ് മത്സരം ഉള്‍പ്പെടെ) എ ഗ്രേഡും  അതില്‍ രണ്ടിനങ്ങളിള്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സത്തിന് യോഗ്യതയും നേടിക്കൊണ്ടാണ്  ഗൗതം മേളയുടെ താരമായത്. കലാപ്രതിഭപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ അതിന് ഈ വര്‍ഷം മറ്റൊരവകാശിയെ തേടേണ്ട ആവശ്യം വരില്ലായിരുന്നു. ചെണ്ട (തായമ്പക), ഗിറ്റാര്‍ (വെസ്റ്റേണ്‍) എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡും (ഉപജില്ലാ തലത്തില്‍ ഇവ മൂന്നിനും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു) നേടിയ ഗൗതത്തിന് ഈ നേട്ടങ്ങള്‍ ഒരു പുതിയ അനുഭവമല്ല.
            കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന തലത്തിലുള്ള കലോത്സവങ്ങളിലും ശാസ്ത്രോത്സവത്തിലും സജീവ സാന്നിധ്യമായ  ഈ മിടുക്കന്‍, ചെണ്ട, ഗിറ്റാര്‍, ഭരതനാട്യം, നാടന്‍ പാട്ട് എന്നിവ കൂടാതെ നാടകം, പദ്യോച്ചാരണം, പ്രസംഗം, ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ വിവിധയിനങ്ങള്‍ തുടങ്ങിയവയിലും നിരവധി സമ്മാനങ്ങള്‍  വാരിക്കൂട്ടിയിട്ടുണ്ട്. പലതവണ നാടകത്തിലെ ബെസ്റ്റ് ആക്ടര്‍ പദവി നേടിയിട്ടുള്ള ഈ കൊച്ചു കലാകാരന്‍, കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രവുമായിരുന്നു. കലാരംഗത്തിനൊപ്പം പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗൗതം കൃഷ്ണ പൂഞ്ഞാറിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു. 
ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ - ജ്യോത്സന എസ്. (മലയാളം ഉപന്യാസം), താരാ ചാര്‍ളി (ഹിന്ദി ഉപന്യാസം), അഭിരാമി പി.ബി. (കഥാപ്രസംഗം), ആല്‍ബിന്‍ ജോ ജോസഫ് (കഥാപ്രസംഗം, നാടന്‍ പാട്ട്), ഗൗതം കൃഷ്ണ (ചെണ്ട-തായമ്പക, ഗിറ്റാര്‍-വെസ്റ്റേണ്‍, ഭരതനാട്യം, നാടന്‍ പാട്ട്), ജോണിസണ്‍ പൂഞ്ഞാറന്‍ (നാടന്‍ പാട്ട്), ഡോണി ജെയിംസ് (കഥാപ്രസംഗം, നാടന്‍ പാട്ട്)

Saturday, December 7, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : നിശബ്ദപ്രതിഷേധറാലി ഈരാറ്റുപേട്ടയെ ജനസമുദ്രമാക്കി..

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചുള്ള നിശബ്ദ ബഹുജനമാര്‍ച്ച്  ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍..
            ഈരാറ്റുപേട്ട : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുവാനെത്തിയ സര്‍ക്കാരിന്റെ മൂന്നംഗ സമിതി മുന്‍പാകെ നിവേദനങ്ങളുമായി എത്തിയത് ആയിരക്കണക്കിനാളുകള്‍.  പൂഞ്ഞാര്‍, തീക്കോയി, മേലുകാവ് എന്നിവിടങ്ങളില്‍നിന്ന് കാല്‍നട ജാഥയായെത്തിയ ആയിരക്കണക്കിന് മലയോരക്കര്‍ഷകരുടെ പ്രതിനിധികള്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെത്തി മൂന്നുംഗ കമ്മറ്റിക്കു മുന്‍പാകെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കുകയായിരുന്നു. 
            രാവിലെ എട്ടുമണി മുതല്‍ പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഈരാറ്റുപേട്ടയിലേയ്ക്ക് വായ് മൂടിക്കെട്ടിക്കൊണ്ടുള്ള നിശബ്ദ പ്രതിഷേധ റാലി ആരംഭിച്ചു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ പ്രദേശത്തുനിന്നുള്ള പ്രതിഷേധ റാലി പനച്ചികപ്പാറയില്‍നിന്നാണ് ആരംഭിച്ചത്. സംരക്ഷണസമിതി ചെയര്‍മാന്‍മാരായ സാബു പൂണ്ടിക്കുളം, ഉഷാമേനോന്‍, തോമസ് ചൂണ്ടിയാനിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാഥ എം.ഇ.എസ്. കവലയില്‍ എത്തിയപ്പോള്‍ തീക്കോയില്‍നിന്നും കണ്‍വീനര്‍ അമ്മിണി തോമസിന്റെ നേതൃത്വത്തില്‍ എത്തിയ കര്‍ഷകജാഥ ഇവര്‍ക്കൊപ്പം ചേര്‍ന്നു. മേലുകാവില്‍നിന്ന് പ്രസിഡന്റ് ടെസിമോള്‍ മാത്യൂസിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍കൂടി എത്തിച്ചേര്‍ന്നതോടെ ഈരാറ്റുപേട്ട പട്ടണം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. 
അരുവിത്തുറ പള്ളി മൈതാനിയില്‍ കൂടിയ പ്രതിഷേധയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം സംസാരിക്കുന്നു.
വിദഗ്ധ സമിതി ചെയര്‍മാന്‍
ഉമ്മന്‍ വി. ഉമ്മന്‍ സംസാരിക്കുന്നു.
          ജാഥകള്‍ ഒരുമിച്ച് സമ്മേളനവേദിയായ അരുവിത്തുറ പള്ളി മൈതാനിയിലെത്തിയപ്പോള്‍ അത് പതിനായിരത്തോളം ആളുകളുടെ മഹാസാഗരമായി മാറിയിരുന്നു. ജനപ്രതിനിധികള്‍, വിവിധ കര്‍ഷക കൂട്ടായ്മകള്‍, പ്രദേശത്തെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ തങ്ങളുടെ നിവേദനങ്ങള്‍ സമിതിയ്ക്കു കൈമാറി.  തുടര്‍ന്നുനടന്ന പൊതുസമ്മേളനം അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ.തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  സി.എസ്.ഐ. മുന്‍ ബിഷപ്പ്  ഡോ. കെ.ജെ.സാമുവേലടക്കം നിരവധി പ്രമുഖര്‍ സംസാരിച്ചു. 
                         സര്‍ക്കാരിന്റെ മൂന്നംഗ സമിതിയിലെ അംഗങ്ങളായ ഉമ്മന്‍ വി. ഉമ്മന്‍, പി.സി. സിറിയക് എന്നിവരും ജനങ്ങളുമായി സംവദിച്ചു. കര്‍ഷകരുടെ ആശങ്കകള്‍ തങ്ങള്‍ മനസിലാക്കിയെന്നും അതിനനുസരിച്ച് കര്‍ഷകര്‍ക്കനുകൂലമായ റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാരിനു സമര്‍പ്പിക്കകയെന്നും അവര്‍ പറഞ്ഞു. 

Monday, December 2, 2013

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ പൂഞ്ഞാറില്‍ അണിനിരന്നത് നാലായിരത്തില്‍പരം കര്‍ഷകര്‍..

ഇത് കര്‍ഷകക്കൂട്ടായ്മ : ഉപരോധസമരത്തിനായി പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസിനുമുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍.
            പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനനിബിഢമായ പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കല്‍ എന്നീ വില്ലേജുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  നടന്ന പൂഞ്ഞാര്‍ തെക്കേക്കര പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുക്കുവാനായി  കക്ഷിരാഷ്ട്രീയ-ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് പൂഞ്ഞാര്‍ ടൗണിലേയ്ക്ക് ഒഴുകിയെത്തിയത്. 
ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട്  പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ സംസാരിക്കുന്നു.
             രാവിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയായാണ് സമരത്തില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. പൂഞ്ഞാര്‍ വലിയരാജാ പി. രാമവര്‍മ്മ ഉദ്ഘാടനം ചെയ്ത ഉപരോധപരിപാടിയില്‍ പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം - പ്രൊഫ. ജോര്‍ജ്ജുകുട്ടി ഒഴുകയില്‍
സി.തെരേസ് ആലഞ്ചേരി SABS, ഇമാം നദീര്‍ മൗലവി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, പൂഞ്ഞാര്‍  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉഷാ മേനോന്‍, പൂഞ്ഞാര്‍ ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് പൂവത്തുങ്കല്‍, പയ്യാനി ഇടവക വികാരി ഫാ. ജോര്‍ജ്ജ് കാവുംപുറം, ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാന്‍സീസ്, വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക-മത നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
സമരരംഗത്തെ സ്ത്രീ സാന്നിധ്യം  ശ്രദ്ധേയമായി..
             രാവിലെ എട്ടിന് ആരംഭിച്ച ഉപരോധ സമരം വൈകിട്ട് നാലിന് സമാപിച്ചപ്പോള്‍ നാലായിരത്തില്‍പരം ആളുകള്‍  പരിപാടിയില്‍ പങ്കെടുത്തു. അടുത്തനാളിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു വലിയ ജനകീയ കൂട്ടായ്മയ്ക്ക് പൂഞ്ഞാര്‍  സാക്ഷ്യം വഹിച്ചപ്പോള്‍ സമരരംഗത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും പ്രത്യേകം ശ്രദ്ധേയമായി. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.

Sunday, December 1, 2013

പൂഞ്ഞാര്‍ ബ്ലോഗിനും അന്റോണിയന്‍ ക്ലബിനും ഇന്ന് ജന്മദിനം..

            നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരുകൂട്ടം അദ്ധ്യാപകര്‍ കണ്ട ഒരു സ്വപ്നത്തിന് ഈ ഡിസംബറില്‍ നാലുവയസ് പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ സ്വപ്നത്തില്‍നിന്ന് ഉടലെടുത്ത ടീമായ അന്റോണിയന്‍ ക്ലബും ക്ലബ് നേതൃത്വം നല്‍കുന്ന പൂഞ്ഞാര്‍ ബ്ലോഗും ഇന്ന് ഏറെ ശ്രദ്ധേയമായിരിക്കുന്നു.  
         വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങളിലൂന്നിയുള്ള വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്  അന്റോണിയന്‍ ക്ലബ് പൂഞ്ഞാറിന്റെ നന്മയായി മാറിയിരിക്കുന്നത്. ഏഴാം ക്ലാസില്‍ ക്ലബില്‍ അംഗമാകുന്ന കുട്ടികള്‍ ഒന്‍പതാം ക്ലാസ് കഴിയുമ്പോളേക്കും മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളിലൂന്നിയുള്ള മുപ്പതു പരിശീലന പരിപാടികളിലൂടെയെങ്കിലും  കടന്നുപോയിട്ടുണ്ടാവും.
         വ്യക്തിത്വവികസനം ലക്ഷ്യമാക്കി സഹവാസക്യാമ്പുകള്‍, പഠനയാത്രകള്‍,  പ്രസംഗപരിശീലനം, കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, ലൈംഗീക വിദ്യാഭ്യാസം, ലക്ഷ്യബോധം, മൂല്യബോധം, മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ  അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ തുടങ്ങിയവ നടത്തുന്നു.
         കഴിഞ്ഞവര്‍ഷം അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച 'ടൂര്‍' എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരിച്ച 'ടൂറില്‍' അഭിനയിച്ചതും പിന്നണിയില്‍ പ്രവര്‍ത്തിച്ചതുമെല്ലാം ക്ലബ് അംഗങ്ങള്‍തന്നെ. പ്രശസ്ത സംവിധായകന്‍ ഭദ്രനാണ് സി.ഡി.പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
         സാമൂഹ്യസേവനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നാടിന്റെ നന്മനിറഞ്ഞ വിശേഷങ്ങള്‍ ലോകത്തെ അറിയിക്കുന്ന ന്യൂസ് ബ്ലോഗായ പൂഞ്ഞാര്‍ ബ്ലോഗാണ്. അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിന് ഉപകാരപ്രദമായ നിരവധി വിശേഷങ്ങളും അറിയിപ്പുകളും മലയാളത്തിലുള്ള ഈ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയിലെ എല്ലാ സ്കൂളുകളും ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രോത്സവത്തിന്റെയും അറിയിപ്പുകളും വിശദമായ റിസല്‍ട്ടുകളും മനസിലാക്കുന്നത് പൂഞ്ഞാര്‍ ബ്ലോഗുവഴിയാണ്. കൂടാതെ ഉപകാരപ്രദമായ ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍, പൂഞ്ഞാര്‍ ഗ്രാമത്തിലെ വിവിധ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കൃതികള്‍, ഉപകാരപ്രദമായ വീഡിയോകള്‍, വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങിയവയും പൂഞ്ഞാര്‍ ബ്ലോഗില്‍ ലഭ്യമാണ്. ക്ലബ് അംഗങ്ങള്‍തന്നെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന ഈ ന്യൂസ് ബ്ലോഗിന്റെ വിലാസം www.poonjarblog.com
         ഇടുക്കി ജില്ലയിലെ ആദിവാസിക്കുടികളിലെത്തുന്ന സഞ്ചരിക്കുന്ന പുസ്തകശാലയ്ക്കായി ആയിരത്തിയൊന്നു പുസ്തകങ്ങള്‍ ശേഖരിച്ചത്, അനാഥാലയ-അഗതിമന്ദിര സന്ദര്‍ശനങ്ങള്‍, അവര്‍ക്കുനല്‍കുവാനായി വസ്ത്രങ്ങളും ആഹാരസാധനങ്ങളും ശേഖരിച്ചത്, നാട്ടില്‍ പരക്കെ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്ററുകള്‍ക്കെതിരേ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി അത് തടയുവാന്‍ ശ്രമിക്കുന്നത്.. തുടങ്ങിയുള്ളവ  അന്റോണിയന്‍ ക്ലബിന്റെ സാമൂഹ്യപ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' പ്രദര്‍ശന സ്റ്റാള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സന്ദര്‍ശിച്ചപ്പോള്‍..
         പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ വര്‍ഷത്തെ പ്രത്യേക പ്രോജക്റ്റായ ഗ്രീന്‍ ടീം അറ്റ് സ്കൂളാണ്. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്ത ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി നടന്ന  'ഇലയറിവ് ' പരിപാടി ഏറെ ശ്രദ്ധേയമായി. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്.
          'ദി ബീറ്റ്സ് ഓഫ് നേച്ചര്‍ ' പ്രദര്‍ശനത്തില്‍  മനുഷ്യന്റെ അശാസ്ത്രീയവും ക്രൂരവുമായ ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ ക്ലബ് അംഗങ്ങള്‍  ശ്രദ്ധനേടി. കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക്  പകര്‍ന്നുനല്‍കുവാനുമായി  അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങിയതിന്റെ ഫലമാണ്  'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രനാണ് നിര്‍വ്വഹിച്ചത്. 
         ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിനൊപ്പം  ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, സഹപ്രവര്‍ത്തകരായ അധ്യാപകര്‍, അനധ്യാപകര്‍ , സ്കൂള്‍ പി.റ്റി.എ. തുടങ്ങിവര്‍ സജീവമായി രംഗത്തുണ്ട്. അന്റോണിയന്‍ ക്ലബിന്റെ ഈ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും വീടിനും ഉപകാരികളായ, നല്ല വ്യക്തിത്വത്തിന്റെ ഉടമകളായ, ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഏവരും.

അന്റോണിയന്‍ ക്ലബിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുടെ പോസ്റ്ററുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.. 

Friday, November 29, 2013

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാഹിത്യോത്സവം 2013

            ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവം, ഡിസംബര്‍ 3, ചൊവ്വാഴ്ച്ച ഈരാറ്റുപേട്ട MG HSS-ല്‍ നടക്കുന്നു. രാവിലെ 9.30-ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന മത്സരങ്ങളില്‍ ഒരു കുട്ടിയ്ക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാകൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. രജിസ്ട്രേഷന്‍ മുന്‍കൂട്ടി നടത്തേണ്ടതില്ല. മത്സരദിവസം രാവിലെ 9.30-നുള്ള രജിസ്ട്രേഷന്‍ സമയത്ത്  പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. LP വിഭാഗം മത്സരങ്ങള്‍ ഉപജില്ലയില്‍ അവസാനിക്കും. മറ്റുവിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ മത്സരം ഉണ്ടായിരിക്കും. കഴിഞ്ഞവര്‍ഷത്തെ എല്ലാ നിബന്ധനകളും ഈ വര്‍ഷവും ബാധകമാണ്. ഓരോ വിഭാഗത്തിനുമുള്ള മത്സര ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

LP
കടങ്കഥ, കഥപറയല്‍, പദ്യംചൊല്ലല്‍, ചിത്രരചന(പെന്‍സില്‍)

UP
കഥാരചന, കവിതാരചന, ഉപന്യാസം, ജലച്ഛായം, നാടന്‍ പാട്ട് (5 പേര്‍ - 5 മിനിട്ട്), പദ്യം ചൊല്ലല്‍ (ജി. ശങ്കരക്കുറിപ്പിന്റെ കവിതകള്‍ - 5 മിനിട്ട്)

HS
കഥാരചന, കവിതാരചന. ഉപന്യാസം, ചിത്രരചന(പെന്‍സില്‍), നാടന്‍ പാട്ട് (5 പേര്‍ - 5 മിനിട്ട്), പദ്യം ചൊല്ലല്‍ (ജി. ശങ്കരക്കുറിപ്പിന്റെ കവിതകള്‍ - 5 മിനിട്ട്), ആസ്വാദനക്കുറിപ്പ്, സാഹിത്യ ക്വിസ് (2 പേര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് :
                               ഷേര്‍ളി ചാക്കോ (UP പ്രതിനിധി), Ph: 9497664257
                                       ധര്‍മ്മകീര്‍ത്തി (കണ്‍വീനര്‍), Ph: 9447765782

Tuesday, November 26, 2013

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം - റിസല്‍ട്ട്


കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Saturday, November 23, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് - മലയാളം (Kasturirangan Report Kerala - Malayalam)

  • സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാളത്തിലുള്ള സംഗ്രഹത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള  കേരളത്തിലെ പരിസ്ഥിതിമൃദുല പ്രദേശങ്ങളുടെ ജില്ല തിരിച്ചുള്ള മാപ്പ് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.. 

  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ  മലയാള പരിഭാഷക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..


Tuesday, November 19, 2013

SSLC ബുക്കില്‍ തെറ്റ് വന്നിട്ടുള്ളവര്‍ക്ക് അതു തിരുത്തുവാനുള്ള സുവര്‍ണ്ണാവസരം..!

            നിങ്ങള്‍ 1998-ലോ അതിനുശേഷമോ SSLC പാസായവരും സര്‍ട്ടിഫിക്കറ്റില്‍ വന്നിട്ടുള്ള തെറ്റ് തിരുത്തുവാന്‍ ആഗ്രഹിക്കുന്നവരുമാണെങ്കില്‍ അതിനുള്ള എളുപ്പവഴി ഇപ്പോള്‍ ലഭ്യമാണ്. കോട്ടയം ജില്ലക്കാര്‍ തങ്ങള്‍ പരീക്ഷയെഴുതിയ സ്കൂളില്‍ ഈ മാസം 22-നു മുന്‍പ് നിങ്ങളുടെ SSLC ബുക്കുമായി എത്തുക. സ്കൂളില്‍നിന്ന് ലഭിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തി എ.ഇ.ഒ. ഓഫീസില്‍ നല്‍കിയോ കോട്ടയം  M.T. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവംബര്‍ 23-ന് നടക്കുന്ന അദാലത്തില്‍ നേരിട്ടു നല്‍കിയോ നിങ്ങളുടെ ബുക്കിലെ തെറ്റുകള്‍  തിരുത്താവുന്നതാണ്. തിരുവനന്തപുരത്ത് പരീക്ഷാ ഭവന്‍ ഓഫീസിലെത്തി ചെയ്യേണ്ട നടപടികളാണ് വളരെയെളുപ്പത്തില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കാവുന്നത്. ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ ഈ വിവരം അറിയിക്കുകയും ചെയ്യുക. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. (ബ്ലോഗില്‍ നേരിട്ടു പ്രവേശിച്ചവര്‍ ചുവടെ കാണുന്ന Read more >> -ല്‍ ക്ലിക്ക് ചെയ്യണം)

Sunday, November 17, 2013

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ മത്സരഫലങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. സമയക്രമം, മത്സരം നടക്കുന്ന സ്കൂളുകള്‍ തുടങ്ങിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി മുകളില്‍കാണുന്ന Sasthrolsavam 2013 എന്ന പേജ് സന്ദര്‍ശിക്കുക..

Friday, November 15, 2013

കോട്ടയം റവന്യൂജില്ലാ ശാസ്ത്രോത്സവം നവംബര്‍ 16,19,20 തീയതികളില്‍

             നവംബര്‍ 16,19,20 തീയതികളില്‍ നടക്കുന്ന കോട്ടയം റവന്യൂജില്ലാ ശാസ്ത്രോത്സവത്തിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നവംബര്‍ 18-ന്  ഹര്‍ത്താലായതിനാല്‍ അന്നു നടക്കുമെന്ന് അറിയിച്ചിരുന്ന മത്സരങ്ങള്‍ നവംബര്‍ 20, ബുധനാഴ്ച്ചയായിരിക്കും നടക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈരാറ്റുപേട്ട ഉപജില്ലയിലെ മത്സരാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍, നാളെ (നവംബര്‍ 16, ശനി) ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ അതാത് സ്കൂള്‍ അധികൃതര്‍ എ.ഇ.ഒ. ഓഫീസില്‍നിന്ന് വാങ്ങണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 

ശാസ്ത്രമേള - നവംബര്‍ 16, 20
Veune - സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞിരപ്പള്ളി
സയന്‍സ് ക്വിസ് & ടാലന്റ് സേര്‍ച്ച് എക്സാം - നവംബര്‍ 16, ശനി
(ക്വിസ് - HSS-10.30am, UP-11.30am, HS-1.30pm
 ടാലന്റ് സേര്‍ച്ച് എക്സാം - 10.30 am)
ശാസ്ത്രമേളയിലെ മറ്റ് എല്ലാ മത്സരങ്ങളും നടക്കുന്നത് - നവംബര്‍ 20, ബുധന്‍

ഗണിതശാസ്ത്രമേള - നവംബര്‍ 19,20
Venue - സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ കാഞ്ഞിരപ്പള്ളി

HS,HSS - നവംബര്‍ 19, ചൊവ്വ
LP,UP - നവംബര്‍ 20, ബുധന്‍

സാമൂഹ്യശാസ്ത്രമേള
- നവംബര്‍ 16, 19
Venue - സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞിരപ്പള്ളി
Local History Writing - നവംബര്‍ 16, ശനി
സാമൂഹ്യശാസ്ത്രമേളയിലെ മറ്റെല്ലാ മത്സരങ്ങളും നടക്കുന്നത് - നവംബര്‍ 19, ചൊവ്വ

പ്രവൃത്തിപരിചയമേള -
നവംബര്‍ 19,20
Venue - AKJM സ്കൂള്‍ കാഞ്ഞിരപ്പള്ളി

LP,UP - നവംബര്‍ 19, ചൊവ്വ
HS,HSS - നവംബര്‍ 20, ബുധന്‍ 
(പ്രവൃത്തിപരിചയമേളയ്ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. മാനുവലിലുള്ള മോഡലിന്റെ കോപ്പി എടുക്കുകയോ എ.ഇ.ഒ. ഓഫീസില്‍നിന്ന് കോപ്പി വാങ്ങുകയോ ചെയ്യാവുന്നതാണ്.)

ഐ.റ്റി. മേള - നവംബര്‍ 19,20
Venue - സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞിരപ്പള്ളി

HSS, എല്ലാ വിഭാഗങ്ങളുടെയും ക്വിസ് മത്സരം - നവംബര്‍ 19, ചൊവ്വ
UP,HS - നവംബര്‍ 20, ബുധന്‍

ഔദ്യോഗിക പ്രോഗ്രാം നോട്ടീസ് ചുവടെ നല്‍കുന്നു
 (നവംബര്‍ 18-നു നടക്കുന്നതായി നോട്ടീസില്‍ നല്‍കിയിരിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 20, ബുധനാഴ്ച്ചയാണ് നടക്കുക എന്ന കാര്യം ശ്രദ്ധിക്കുക..)

Tuesday, November 12, 2013

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു..

ഏന്തയാര്‍ ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്യുന്നു.
            ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഏന്തയാര്‍ ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. സ്കൂള്‍ മാനേജര്‍ മൈക്കിള്‍ എ. കള്ളിവയലില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് കലോത്സവം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഉപജില്ലയിലെ 68 സ്കൂളുകളില്‍നിന്നായി രണ്ടായിരത്തിയഞ്ഞൂറില്‍പരം പ്രതിഭകള്‍ മാറ്റുരയ്ക്കും. 

കലോത്സവത്തിന്റെ റിസല്‍ട്ടിനും മറ്റു വിശദവിവരങ്ങള്‍ക്കുമായി മുകളില്‍ കാണുന്ന
 Kalolsavam 2013 എന്ന പേജ് സന്ദര്‍ശിക്കുക..

Thursday, November 7, 2013

'എന്റെ ഭക്ഷണത്തിനായി എന്റെ കൃഷി' - ഇവിടെ മണ്ണിനെ അറിയുവാനും സ്നേഹിക്കുവാനും ഒരു കൂട്ടം കുരുന്നുകള്‍..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന  'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സിനിമാതാരവും ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം..
പൂഞ്ഞാര്‍ : കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്‍കുവാനുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങുന്നു. പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ,  ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി  നടത്തുന്ന, 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു.  
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന 'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ തുടങ്ങിയവര്‍ സമീപം.
        വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യുവാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, ബോധവത്ക്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷ്യമേള, സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയാകള്‍ ഉപയോഗിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തുവാനുള്ള മത്സരവും തുടങ്ങിക്കഴിഞ്ഞു.

         പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. അതിന്റെ ആദ്യ ഘട്ടം മുതലുള്ള ഡയറിക്കുറിപ്പും അവര്‍ തയ്യാറാക്കും. കുട്ടികളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക. നിശ്ചിത സമയത്തിനു ശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
         പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമനിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്നു ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേയ്ക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേയ്ക്കും പുതു തലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Saturday, November 2, 2013

ഇവിടെ കാട്ടാനകളും നാട്ടുകാരും കൂട്ടുകാര്‍..

            പകല്‍ സമയം വെള്ളം കുടിക്കുവാനായി ആറ്റിലേയ്ക്കെത്തുന്ന ആനക്കൂട്ടം. ആറിനു തീരത്തായി വോളിബോള്‍ കളിയ്ക്കുന്ന നാട്ടുകാരെകണ്ട് അവര്‍ ഒന്നു പതുങ്ങി. ദാഹിച്ചുവലഞ്ഞതിനാലാവാം, കൂടുതല്‍ കാത്തുനില്‍ക്കാതെ ആനക്കൂട്ടം പുഴയിലേയ്ക്കിറങ്ങി. കളിയുടെ രസം കളയാതിരിക്കാന്‍ അവസാനം വരെ കാത്തുനിന്ന നാട്ടുകാര്‍ ഒടുവില്‍ നെറ്റ് അഴിച്ചുമാറ്റി സാവധാനം പിന്‍വാങ്ങി. നാട്ടുകാരും ആനകളും തമ്മിലുള്ള ഈ ചങ്ങാത്തം കാണണമെങ്കില്‍ ആനക്കുളത്തിനു വന്നാല്‍മതി. ഈ സ്ഥലം എവിടെയാണെന്ന് അറിയാമോ..? ആദ്യം ചുവടെ നല്‍കിയിരിക്കുന്ന രണ്ടു ചെറിയ വീഡിയോ ക്ലിപ്പിംങ്ങുകള്‍  കണ്ടുനോക്കൂ. ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ ആനക്കുളം വിശേഷങ്ങള്‍ അറിയുവാനും ഫോട്ടോകള്‍ കാണുവാനുമായി 'കാട്ടാനക്കൂട്ടത്തെ നേരിട്ടു കാണണോ..! ആനക്കുളത്തേയ്ക്ക് സ്വാഗതം..' എന്ന ലിങ്ക് ഉപയോഗിക്കുക. 

Tuesday, October 29, 2013

'ദി ബീറ്റ്സ് ഓഫ് നേച്ചര്‍ ' പ്രദര്‍ശനം ശ്രദ്ധേയമായി..


'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശനം, ഈരാറ്റുപേട്ട
എ.ഇ.ഒ. ശ്രീ. ടി.വി.ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.
പൂഞ്ഞാര്‍: പ്രകൃതിയുടെ വിവിധ സ്പന്ദനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരുകൂട്ടം കുരുന്നുകള്‍ ശാസ്ത്രോത്സവത്തെ ഹരിതോത്സവമാക്കിമാറ്റി. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയുടെ സമീപമാണ് കുട്ടികള്‍ ഹരിതക്കൂടാരം തീര്‍ത്തത്. സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി, പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്
ഗവ. ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജ്ജ് പ്രദര്‍ശനം കാണാനെത്തിയപ്പോള്‍..
    പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കാണിയ്ക്കുന്ന നൂറില്‍പ്പരം പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. മനുഷ്യന്റെ അശാസ്ത്രീയവും ക്രൂരവുമായ ഇടപെടല്‍മൂലം പ്രകൃതിയ്ക്കുസംഭവിയ്ക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വനനശീകരണവും പ്രകൃതിയെ എങ്ങിനെ ദോഷകരമായി ബാധിയ്ക്കുമെന്നതിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു ഈ ചിത്രങ്ങള്‍.
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' ചിത്രപ്രദര്‍ശന ഹാളില്‍നിന്ന്...
  'ഇലയറിവ് ' പ്രദര്‍ശനമായിരുന്നു സ്റ്റാളിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു ഭാഗം. നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നതും എന്നാല്‍ ഭക്ഷ്യയോഗ്യവുമായ വിവിധ ഇലച്ചെടികളെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്ററുകള്‍ പുതുമനിറഞ്ഞതും വിജ്ഞാനപ്രദവുമായിരുന്നു
'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' കാണുവാനായി
ശ്രീ. ആന്റോ ആന്റണി എം.പി. എത്തിയപ്പോള്‍..
       'ദി ബീറ്റ്സ് ഓഫ് നേച്ചര്‍' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പ്രകൃതിയുടെ ഹൃദയമിടിപ്പുകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശന സ്റ്റാളിലെ ഓരോ ചിത്രങ്ങളും. ഗവ. ചിഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ആന്റോ ആന്റണി എം. പി. തുടങ്ങിയവരുള്‍പ്പെടെ  നൂറുകണക്കിനാളുകള്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും ഇതിനു നേതൃത്വം നല്‍കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ കുരുന്നുകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

Saturday, October 26, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശ്വോജ്ജ്വലമായ പരിസമാപ്തി..



ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജെയിംസ് നീണ്ടുശ്ശേരില്‍, ശശിധരന്‍ വി.എസ്, .ജെ.ജോസഫ്, ടി.വി.ജയമോഹന്‍, ഫാ. ചാണ്ടി കിഴക്കയില്‍, ഫാ. വി.ജെ.ജോര്‍ജ്ജ്, ലിസി സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ എം.കെ.,യോഗേഷ് ജോസഫ് എന്നിവര്‍ സമീപം.
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ എം.കെ., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി.ജയമാഹന്‍, ജനറല്‍ കണ്‍വീനര്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ. വി.ജെ.ജോര്‍ജ്ജ്, പി.റ്റി.. പ്രസിഡന്റ് ശശിധരന്‍ വി.ജെ., പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ യോഗേഷ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിയവര്‍

ശാസ്ത്രമേള
LP - First - St. Mary's LPS Teekoy
         Second - St. Joseph's UPS Maniamkunnu
UP - First - Muslim Girls HSS Erattupetta
         Second - MMM UM UPS Karakkad
HS - First - Muslim Girls HSS Erattupetta
         Second - LF HS Chemmalamattom
HSS- First - SMV HSS Poonjar
           Second - AM HSS Kalaketty

ഗണിതശാസ്ത്രമേള
LP- First - St. Mary's LPS Teekoy
        Second - St. Joseph's UPS Maniamkunnu
UP- First - Muslim Girls HSS Erattupetta
        Second - ST ANTONY'S HSS POONJAR
HS- First - Muslim Girls HSS Erattupetta
        Second - AM HSS Kalaketty
HSS- First - Muslim Girls HSS Erattupetta
           Second - SMV HSS Poonjar

സാമൂഹ്യശാസ്ത്രമേള
LP- First - St. Joseph's UPS Maniamkunnu
        Second - St. Joseph's UPS Poonjar & St. Mary's LPS Teekoy
UP- First - MMM UM UPS Karakkad
        Second - St. Mary's HSS Teekoy
HS- First - Muslim Girls HSS Erattupetta
         Second - ST ANTONY'S HSS POONJAR & St. Paul's HS Valiakumaramangalam
HSS- First - Muslim Girls HSS Erattupetta
           Second - ST ANTONY'S HSS POONJAR

പ്രവൃത്തിപരിചയമേള
LP- First - St. Mary's LPS Teekoy
        Second - St.Thomas LPS Velathussery
UP- First - St. Antony's HS Vellikulam
        Second - St. Joseph's UPS Poonjar
HS- First - SMG HS Chennad
        Second - St. Mary's HSS Teekoy
HSS- First - SMV HSS Poonjar
           Second - Muslim Girls HSS Erattupetta

.റ്റി. മേള
UP- First - Govt. VHSS Thidanadu
        Second - Govt. HSS Erattupetta
HS- First - Govt. VHSS Thidanadu
         Second - ST ANTONY'S HSS POONJAR
HSS- First - SMV HSS Poonjar
           Second - St. Mary's HSS Teekoy

Wednesday, October 23, 2013

'ശാസ്ത്രവൈജ്ഞാനിക രംഗത്ത് ഭാരതം മാതൃകയാകും..' ആന്റോ ആന്റണി എം.പി.


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ശ്രീ. ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യുന്നു
പൂഞ്ഞാര്‍ : ശാസ്ത്രവൈജ്ഞാനിക രംഗത്ത് ഇന്നത്തെ മുന്നേറ്റം തുടര്‍ന്നാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭാരതം ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറുമെന്ന് ആന്റോ ആന്റണി എം.പി. അഭിപ്രായപ്പെട്ടു. വികസിതരാജ്യങ്ങളുടെ ജനസംഖ്യയില്‍ അറുപതു ശതമാനവും വാര്‍ദ്ധക്യത്തില്‍ എത്തിക്കഴിഞ്ഞുവെങ്കില്‍ ഭാരത ജനതയുടെ അറുപതുശതമാനവും യുവജനങ്ങളായതിനാല്‍ ശാസ്ത്രവൈജ്ഞാനിക നൈപുണികളുടെ മത്സരരംഗത്ത് വിജയം ഇനി നമ്മുടേതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജോമോന്‍ ​ഐക്കര, പി.റ്റി.. പ്രസിഡന്റ് ശശിധരന്‍ വി.എസ്., പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ദേവസ്യാ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പരിപാടികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ജനറല്‍ കണ്‍വീനര്‍ എ.ജെ.ജോസഫ് പതാക ഉയര്‍ത്തുകയും ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര സമ്മേളനത്തിന് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. മേളയുടെ രണ്ടാം ദിനമായ നാളെ (ഒക്ടോബര്‍ 24) സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ നടക്കും.