Saturday, February 23, 2013

പൂഞ്ഞാറിനെ ജനസമുദ്രമാക്കിയ കാവടി ഘോഷയാത്ര ..!

പൂഞ്ഞാര്‍ (23/02/2013) : മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര നാടിനെ ജനസമുദ്രമാക്കി മാറ്റി. കാലങ്ങളായി ജാതി-മത വ്യത്യാസമില്ലാതെ പൂഞ്ഞാര്‍ ഗ്രാമം ഒന്നാകെ കൊണ്ടാടുന്ന ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മങ്കുഴി ഉത്സവം.
 കാവടി ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാ കരകളില്‍ നിന്നുമുള്ള  ഭക്തജനങ്ങള്‍ പൂഞ്ഞാര്‍ ടൗണില്‍ കേന്ദ്രീകരിച്ച് ഉച്ചയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. അലങ്കാരക്കാവടികളും ചെണ്ടമേളവും നിറവും താളവും പകര്‍ന്ന  ഘോഷയാത്രയില്‍  നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ച പൂജയും കാവടി അഭിഷേകവും ക്ഷേത്ര മൈതാനിയില്‍ പകല്‍പ്പൂരവും നടന്നു. കാവടി ഘോഷയാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Saturday, February 16, 2013

റേഡിയോയുടെ തിരിച്ചുവരവിനായി ഇവര്‍ കാത്തിരിക്കുന്നു..

            ദൃശ്യമാധ്യമങ്ങളുടെ നിറപ്പകിട്ടില്‍നിന്ന് തിരിച്ചുവരവിനൊരുങ്ങുന്ന റേഡിയോയെ പ്രോത്സാഹിപ്പിക്കുവാന്‍ ഒരു കൂട്ടം കുരുന്നുകളും രംഗത്ത്. ലോക റേഡിയോ ദിനത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
            ഭാരതത്തില്‍ ഒരു കാലത്ത് വിദ്യാസമ്പന്നര്‍ക്കിടയിലും അക്ഷരാഭ്യാസമില്ലാത്തവര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യമായ മാധ്യമമായിരുന്നു റേഡിയോ. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ രംഗങ്ങളില്‍ റേഡിയോ നല്‍കിയിട്ടുള്ള സേവനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ വരവോടെ പിന്തള്ളപ്പെട്ടുപോയ ഈ മാധ്യമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുകയാണ് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.
            പരിപാടികളുടെ ഭാഗമായി ക്ലബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി റേഡിയോ പ്രോഗ്രാമുകള്‍ ശ്രവിച്ചു. ആധുനിക യുഗത്തില്‍ റേഡിയോയുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചയും നടന്നു. അന്റോണിയന്‍ ക്ലബ് വൈസ് പ്രസിഡന്റ് അമൃത സന്തോഷ് പറയുന്നു- "റേഡിയോ കേള്‍ക്കുന്നത് വീട്ടിലെ ഒരു ജോലിയേയും തടസപ്പെടുത്തുന്നില്ല. സമയനഷ്ടമുണ്ടാകുന്നില്ല. കൊണ്ടുനടക്കാന്‍ സൗകര്യം. കറണ്ടില്ലെങ്കിലും ബാറ്ററിയില്‍ പ്രവര്‍പ്പിക്കാം. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ എത്രയോ പ്രോഗ്രാമുകളാണ് റേഡിയോയില്‍ ഉള്ളത് ! ടിവിയ്ക്കു മുന്‍പില്‍ ചടഞ്ഞിരുന്നാല്‍ അത് പഠനത്തെ ബാധിക്കും. മാത്രവുമല്ല റേഡിയോ ശ്രവിക്കുന്നതു മൂലം റേഡിയേഷനോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നുമില്ല."
           പ്രധാനപ്പെട്ട റേഡിയോ പ്രോഗ്രാമുകളുടെ സമയക്രമം  ഉള്‍പ്പെടെ റേഡിയോയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പോസ്റ്ററുകള്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. ജെറി മാന്‍ഡറുടെ 'ടി.വി.ക്കെതിരെ നാല് ന്യായങ്ങള്‍ ' എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രത്യേക ചര്‍ച്ചയും നടന്നു. മുന്നൂറു രൂപ മുതല്‍ റേഡിയോകള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ എല്ലാ വീടുകളിലും റേഡിയോ ശ്രോതാക്കള്‍ ഉണ്ടാകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പറയുന്നു.

Monday, February 4, 2013

Tour - A short film by Antonian Club

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) നിര്‍മ്മിച്ച ഹ്രസ്വചിത്രം  'ടൂര്‍' ചുവടെ നല്‍കിയിരിക്കുന്നു. സ്കൂളില്‍  കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു ഹ്രസ്വചിത്രം എന്നയാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ ചിത്രത്തെ വിലയിരുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു സാധാരണ സ്റ്റില്‍ ക്യാമറ ഉപയോഗിച്ചാണ് ടൂര്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ആലപ്പുഴയിലേയ്ക്കു നടന്ന അന്റോണിയന്‍ ക്ലബിന്റെ ഒരു പഠന-വിനോദ യാത്രക്കിടയില്‍ ചിത്രീകരിച്ച 'ടൂറില്‍' , ക്ലബ് അംഗങ്ങളായ ഗൗതം കൃഷ്ണ , ഡോണി ജെയിംസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപകനായ ടോണി തോമസ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Saturday, February 2, 2013

കുട്ടികളുടെ ഹ്രസ്വചിത്രം 'ടൂര്‍ ' ആദ്യ പ്രദര്‍ശനം നടന്നു..

             
            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) നിര്‍മ്മിച്ച ഹ്രസ്വചിത്രം  'ടൂറിന്റെ' ആദ്യ പ്രദര്‍ശനം സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്നു. നേരത്തെ ചിത്രത്തിന്റെ സിഡി പ്രകാശനം പ്രശസ്ത സംവിധായകന്‍ ശ്രീ. ഭദ്രന്‍ നിര്‍വ്വഹിച്ചിരുന്നു. 

             പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു സാധാരണ സ്റ്റില്‍ ക്യാമറ ഉപയോഗിച്ചാണ് ടൂര്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരമായ ഒരു വസ്തുത. സ്കൂളില്‍നിന്ന് പഠനയാത്ര പോകുന്ന സംഘത്തിലെ ഒരു കുട്ടി കടല്‍ത്തീരത്ത് ഒറ്റപ്പെട്ടുപോകുന്നതും തുടര്‍ന്ന് അവന്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളുമാണ് പത്തുമിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 

             ആലപ്പുഴയില്‍ ചിത്രീകരിച്ച 'ടൂറില്‍' , അന്റോണിയന്‍ ക്ലബ് അംഗങ്ങളായ ഗൗതം കൃഷ്ണ , ഡോണി ജെയിംസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ടോണി തോമസ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.
            യൂ-ട്യൂബിലും അന്റോണിയന്‍ ക്ലബിന്റെ വെബ്സൈറ്റായ poonjarblog.com ലും തിങ്കളാഴ്ച്ച (ഫെബ്രുവരി 4) മുതല്‍ ഹ്രസ്വചിത്രം ടൂര്‍ ലഭ്യമാകും..