Saturday, February 16, 2013

റേഡിയോയുടെ തിരിച്ചുവരവിനായി ഇവര്‍ കാത്തിരിക്കുന്നു..

            ദൃശ്യമാധ്യമങ്ങളുടെ നിറപ്പകിട്ടില്‍നിന്ന് തിരിച്ചുവരവിനൊരുങ്ങുന്ന റേഡിയോയെ പ്രോത്സാഹിപ്പിക്കുവാന്‍ ഒരു കൂട്ടം കുരുന്നുകളും രംഗത്ത്. ലോക റേഡിയോ ദിനത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
            ഭാരതത്തില്‍ ഒരു കാലത്ത് വിദ്യാസമ്പന്നര്‍ക്കിടയിലും അക്ഷരാഭ്യാസമില്ലാത്തവര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യമായ മാധ്യമമായിരുന്നു റേഡിയോ. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ രംഗങ്ങളില്‍ റേഡിയോ നല്‍കിയിട്ടുള്ള സേവനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ വരവോടെ പിന്തള്ളപ്പെട്ടുപോയ ഈ മാധ്യമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുകയാണ് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.
            പരിപാടികളുടെ ഭാഗമായി ക്ലബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി റേഡിയോ പ്രോഗ്രാമുകള്‍ ശ്രവിച്ചു. ആധുനിക യുഗത്തില്‍ റേഡിയോയുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചയും നടന്നു. അന്റോണിയന്‍ ക്ലബ് വൈസ് പ്രസിഡന്റ് അമൃത സന്തോഷ് പറയുന്നു- "റേഡിയോ കേള്‍ക്കുന്നത് വീട്ടിലെ ഒരു ജോലിയേയും തടസപ്പെടുത്തുന്നില്ല. സമയനഷ്ടമുണ്ടാകുന്നില്ല. കൊണ്ടുനടക്കാന്‍ സൗകര്യം. കറണ്ടില്ലെങ്കിലും ബാറ്ററിയില്‍ പ്രവര്‍പ്പിക്കാം. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമായ എത്രയോ പ്രോഗ്രാമുകളാണ് റേഡിയോയില്‍ ഉള്ളത് ! ടിവിയ്ക്കു മുന്‍പില്‍ ചടഞ്ഞിരുന്നാല്‍ അത് പഠനത്തെ ബാധിക്കും. മാത്രവുമല്ല റേഡിയോ ശ്രവിക്കുന്നതു മൂലം റേഡിയേഷനോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നുമില്ല."
           പ്രധാനപ്പെട്ട റേഡിയോ പ്രോഗ്രാമുകളുടെ സമയക്രമം  ഉള്‍പ്പെടെ റേഡിയോയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പോസ്റ്ററുകള്‍ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. ജെറി മാന്‍ഡറുടെ 'ടി.വി.ക്കെതിരെ നാല് ന്യായങ്ങള്‍ ' എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രത്യേക ചര്‍ച്ചയും നടന്നു. മുന്നൂറു രൂപ മുതല്‍ റേഡിയോകള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ എല്ലാ വീടുകളിലും റേഡിയോ ശ്രോതാക്കള്‍ ഉണ്ടാകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പറയുന്നു.

1 comment:

  1. ടോണി മാഷേ... ഒരു അന്റോണിയന്‍ റേഡിയോ നിലയം തുടങ്ങിക്കൂടെ ??
    സാങ്കേതിക സഹായം വേണമെങ്കുല്‍ ചോദിക്കാന്‍ മടിക്കണ്ടാട്ടോ......
    നിധിന്‍ & ജൂബിറ്റ്

    ReplyDelete