പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഇലയറിവ്' പരിപാടിയ്ക്കുശേഷം അഭിന്ദനങ്ങളും പരിഹാസങ്ങളും ഒരുപോലെയുണ്ടായി. പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവരും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിച്ചപ്പോള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രം പരിപാടിയെക്കുറിച്ചറിഞ്ഞവരില്‍ ചിലര്‍ക്കാണ് ഇതൊരു കൗതുകമായത്.
നമ്മളെന്തേ ഇങ്ങനെയായിപ്പോയത് എന്നു വീണ്ടും ചിന്തിപ്പിക്കുംവിധം, പരിഹാസ ശരങ്ങളുമായി പാഞ്ഞെത്തിയവരുമുണ്ട്.
ചൊറിയണങ്ങുകൊണ്ട് തോരന്‍കറിയുണ്ടാക്കാം എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. അതൊക്കെ നിലവാരമില്ലായ്മയാണുപോലും..! തൊടിയിലെ പാഴ്ച്ചെടികള്‍ സ്വാദിഷ്ടവിഭവങ്ങളാക്കാമെന്ന അറിവിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നു ചിലര്‍. കഷ്ടംതന്നെ...!
വിഷമയമായ മറുനാടന്‍ പച്ചക്കറികളും പഴങ്ങളും അപകടകാരികളായ പായ്ക്കറ്റ് ഭക്ഷണങ്ങളും വാങ്ങിക്കഴിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു... ഈ അറിവില്ലായ്മ കാണുമ്പോള്‍ സഹതാപം തോന്നുന്നു. അതങ്ങനെയാണല്ലോ... കോക്കക്കോളയോ പെപ്സിയോ കുടിക്കുന്നവന്‍ നാലാള്‍ കാണ്‍കേ ആ 'വിഷം' അകത്താക്കുമ്പോള്‍ നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ പെട്ടിക്കടയുടെ മറവുവേണമെന്നായി അവസ്ഥ..!
ഇതൊക്കെ മേമ്പൊടിയായി പറഞ്ഞുവെന്നുമാത്രം. ഇനി കാര്യത്തിലേയ്ക്ക് വരാം. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകണ്ട് വിളിച്ചവരില്‍ എല്ലാവര്‍ക്കുംതന്നെ അറിയേണ്ടിയിരുന്നത് ചൊറിയണങ്ങ് തോരന്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. ഫേസ് ബുക്കിലും ബ്ലോഗിലും ഇതേ അന്വേഷണമുണ്ടായി. വാസ്തവത്തില്‍ നമ്മുടെ തൊടിയില്‍ ലഭ്യമാകുന്ന എഴുപതില്‍പ്പരം ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ചൊറിയണങ്ങ്. നാം ഒട്ടും പരിഗണിയ്ക്കാത്ത, നമുക്ക് 'ശല്യക്കാരനായ' ഒരു ചെടിയായതിനാല്‍ അത് കൗതുകമായി എന്നുമാത്രം.
കൈകൊണ്ട് ഇതെങ്ങനെ അരിയും..? ചൊറിയില്ലേ..? ഇതൊക്കെയാണ് എല്ലാവര്‍ക്കും സംശയം. കൃത്യമായി മറുപടി പറയണമെങ്കില്‍ ചെയ്തുനോക്കണമല്ലോ.. അതുകൊണ്ട് ക്ലാസില്‍ കേട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം പ്രയോഗത്തിലാക്കി. ഒരുകുഴപ്പവുമില്ല. സ്വാദിഷ്ടമായ ചൊറിയണങ്ങ് തോരനും കൂട്ടി ഊണുകഴിച്ചിട്ടാണ് ഇപ്പോള്‍ ഇതെഴുതുന്നത്. തയ്യാറാക്കുന്ന രീതി ചിത്രങ്ങള്‍ സഹിതം ഇവിടെ വിവരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ, ഭക്ഷ്യയോഗ്യമായ ചില ഇലച്ചെടികളും അവയുടെ ഔഷധഗുണങ്ങളും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചുവടെ ചേര്‍ക്കുന്നു. ഈ അറിവുകള്‍ പരമാവധി ആളുകളിലേയ്ക്ക് ഷെയര്‍ ചെയ്യുമല്ലോ..
ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്ന വിധം
ഇല ശരീരത്തില്‍ സ്പര്‍ശിക്കാതെ ചൊറിയണങ്ങ് ചെടി മുറിച്ചെടുക്കുക. തണ്ടുസഹിതം ചുവടെ മുറിച്ചെടുക്കുന്നതാണ് ഉചിതം. മണ്ണുപറ്റിയിരിക്കുവാന്‍ സാധ്യതയുള്ള, എറ്റവും താഴെയുള്ള ഏതാനും ഇലകള്‍ മുറിച്ചുകളയുക.
ഒരു ബക്കറ്റിലെ ജലത്തിലേയ്ക്ക് തണ്ടുസഹിതം താഴ്ത്തി (ചിത്രത്തില്‍ കാണുന്നതുപോലെ) നന്നായി ഇളക്കുക. ഇലകളിലുള്ള, ചൊറിച്ചിലിനുകാരണമാകുന്ന പദാര്‍ത്ഥം ഈ കഴുകലിലൂടെ ഇല്ലാതാകും. ഉറപ്പിനുവേണ്ടി ഓരോ ഇലകളും അടത്തിയെടുത്ത് ഇപ്രകാരംതന്നെ ഒന്നുകൂടി വൃത്തിയാക്കുകയുമാകാം.
അടുത്തതായി ഈ ഇലകള്‍ നന്നായി അരിയുക. (ചീരയിലയും കാബേജുമൊക്കെ അരിയുന്നതുപോലെ.) കൈകള്‍ ചൊറിയുമെന്ന പേടി വേണ്ട.
ഇനി സാധാരണ ഒരു തോരന്‍കറിയ്ക്ക് ഉപയോഗിക്കുന്ന കൂട്ടുകള്‍ വേണം. അതായത്, ആവശ്യത്തിനുള്ള തേങ്ങ , വെളുത്തുള്ളി, ചുവന്നുളളി, ഇഞ്ചി, മുളക് എന്നിവ. കടുകിനു പകരം ഉഴുന്നാണ് ഉപയോഗിയ്ക്കേണ്ടത്. ചുവന്നുള്ളി അല്‍പ്പം കൂടുതല്‍ ചേര്‍ക്കുന്നത് നന്നായിരിക്കും.
ചട്ടിയിലെ എണ്ണയില്‍ ഉഴുന്നിട്ട് മൂപ്പിച്ചതിനുശേഷം മറ്റു കൂട്ടുകള്‍ ചേര്‍ക്കുക. അവസാനം അരിഞ്ഞുവച്ചിരിക്കുന്ന ഇലകളും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പുമൊഴിച്ച് വേയിക്കുക. ചൊറിയണങ്ങ് കറി തയ്യാര്‍. ചൂടാറുന്നതിനുമുമ്പ് കഴിച്ചാല്‍ രുചി കൂടും. എന്താ... ഒന്നു പരീക്ഷിച്ചുനോക്കുകയല്ലേ..
ഭക്ഷ്യയോഗ്യമായ മറ്റുചില ഇലച്ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..