കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കായി സൗജന്യമായി ഏകദിന / ദ്വിദിന / ത്രിദിന നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചുവരുന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? നടത്തപ്പെടുന്നതില്‍ തൊണ്ണൂറു ശതമാനം ക്യാമ്പുകളും കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നതാണ്. എന്നാല്‍ ചുരുക്കം ചില സ്കൂളുകള്‍ മാത്രമാണ് ഈ സുവര്‍ണ്ണാവസരം വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സുവര്‍ണ്ണാവസരം എന്ന വാക്ക് ആലങ്കാരികമായി പ്രയോഗിച്ചതല്ല. വനത്തെയും വന്യമൃഗങ്ങളെയും അടുത്തറിയുവാനും പ്രകൃതിസ്നേഹം കൂട്ടികളില്‍ വളര്‍ത്തുവാനും ഏറെ പ്രയോജനപ്രദമാണ് ഈ പ്രകൃതിപഠന ക്യാമ്പുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി , കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റിലെ നേച്ചര്‍ ക്യാമ്പിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ വര്‍ഷം ഞങ്ങള്‍ , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ കുട്ടികളും അധ്യാപകരും തേക്കടിയാണ് നേച്ചര്‍ക്യാമ്പിനായി തിരഞ്ഞെടുത്തത്. അവിടെ ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ചുവടെ നല്‍കുന്നു. നേച്ചര്‍ ക്യമ്പിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കുവാന്‍ ഈ വിവരണം ഉപകരിക്കുമെന്ന് കരുതുന്നു.
കുമളി ടൗണില്‍നിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നേച്ചര്‍ ക്യാമ്പ് നടക്കുന്ന സ്ഥലം. ഒരു വശത്ത് റോഡിനോട് ചേര്‍ന്ന് മുളങ്കാടുകള്‍ തിങ്ങിനിറഞ്ഞ് വളരുന്നു. പെരിയാര്‍ നേച്ചര്‍ ഇന്റര്‍ പ്രറ്റേഷന്‍ സെന്റര്‍ മ്യൂസിയവും ക്യാമ്പംഗങ്ങള്‍ക്കുള്ള താമസ സ്ഥലവും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുമൊക്കെ തൊട്ടടുത്തായി ഒരു കോംപൗണ്ടിലെന്നപോലെ സ്ഥിതി ചെയ്യുന്നു. അതിനോട് ചേര്‍ന്ന് വനഭൂമിയായി. വൈകുന്നേരം നാലുമണിയോടെ ക്യാമ്പിനായി എത്തിയ ഞങ്ങളെ വരവേല്‍ക്കാന്‍ കുരങ്ങന്‍മാരുടെ ഒരു സംഘംതന്നെ മതിലിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു. ' മുറിക്ക് പുറത്തിറങ്ങുമ്പോള്‍ വാതിലുകള്‍ ഭദ്രമായി അടക്കണം. അല്ലെങ്കില്‍ കുരങ്ങന്‍മാര്‍ എല്ലാം നശിപ്പിക്കും." ചെന്നതേ മുന്നറിയിപ്പ് കിട്ടി.
കണ്ണും മനസും കുളിര്‍പ്പിക്കുന്ന സ്ഥലമാണ് ഇവിടം. കേവലം നാലു കിലോമീറ്റര്‍ അകലെയാണ് ലോക പ്രസിദ്ധമായ തേക്കടി തടാകം. പക്ഷേ ഇത്തവണ ഞങ്ങളുടെ ലക്ഷ്യം അതൊന്നുമല്ല. വനത്തെയും വന്യജീവികളെയുംകുറിച്ചുള്ള ഗൗരവമായ പഠനം. അതുമാത്രം.. താമസിക്കുന്ന വലിയ ഹാള്‍ രണ്ടായി തിരിച്ച് ഒരു ഭാഗം ആണ്‍കുട്ടികള്‍ക്കും മറ്റൊരു ഭാഗം പെണ്‍കുട്ടികള്‍ക്കും നല്‍കിയിരിക്കുന്നു. കട്ടിലും ബെഡും ബാത്ത് റൂം സൗകര്യങ്ങളുമെല്ലാം ആവശ്യത്തിന്. ഭക്ഷണശാലയും ഇതിനോട് ചേര്‍ന്നുണ്ട്. ആദിവാസി നൃത്തം നടത്തുന്ന ഒരു കള്‍ച്ചറല്‍ സെന്ററും ഇവിടെയുണ്ട്. ഈ കലാരൂപം കാണുവാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്നുണ്ട്. പക്ഷേ, നേരത്തേ ഫീസടച്ച് ബുക്ക് ചെയ്യണം എന്നുമാത്രം.
കളരി |
ക്ലാസുകള്‍ നടത്തുന്ന 'കളരി' മറ്റൊരു കോംപൗണ്ടിലാണ്. വനത്തില്‍ ട്രക്കിംഗിനായും തേക്കടി സന്ദര്‍ശനത്തിനായും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന ബുക്ക് ചെയ്ത് വരുന്നവര്‍ക്കുള്ള താമസ സൗകര്യം ഇവിടെയാണ്. പ്രകൃതിക്കനുയോജ്യമായ ചെറിയ റിസോര്‍ട്ടുകള്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്നു. കോണ്‍ഫറന്‍സിനും ക്ലാസിനുമായി നിര്‍മ്മിച്ചിരിക്കുന്ന കളരി എന്ന ഹാളും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. LCD പ്രൊജക്ടറും ഉയര്‍ന്ന നിലവാരമുള്ള സൗണ്ട് സിസ്റ്റവുമടക്കം ഒരു സെമിനാര്‍ നടത്തുവാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും കളരിയിലുണ്ട്.
ആദ്യ ദിനത്തില്‍ മൂന്നു ക്ലാസുകളാണ് ഉണ്ടായിരുന്നത്. റേഞ്ച് ഓഫീസര്‍മാരായ സജി സാര്‍, വിനോദ് സാര്‍ എന്നിവര്‍ ക്യാമ്പിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. റിസേര്‍ച്ച് വിംഗിലെ അംഗമായ ജോസഫ് വര്‍ഗ്ഗീസ് സാര്‍ , 'എന്തുകൊണ്ട് വനത്തെയും വന്യമൃഗങ്ങളെയും നാം സംരക്ഷിക്കണം.. സ്നേഹിക്കണം..' എന്ന വിഷയത്തില്‍ സരസമായി ക്ലസ് എടുത്തു. തമിഴ്നാട് സ്വദേശിയായ ഡോ. രമേശ്, തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ചരിത്രമടക്കം ആ പ്രദേശത്തെക്കുറിച്ചും എന്തുകൊണ്ട് കടുവകളെ നാം പ്രത്യേകമായി സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചും വിജ്ഞാനപ്രദമായ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. രാത്രിയില്‍ കൂട്ടായി കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. ഒരു പക്ഷേ , ഈ ക്യാമ്പിനെക്കുറിച്ച് കുട്ടികള്‍ പരാതി പറഞ്ഞ ഏക കാര്യവും ഇതായിരുന്നു.
ക്യാമ്പിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം വനത്തിലേയ്ക്കുള്ള ട്രക്കിംഗാണ്. രാവിലെ കാപ്പികുടി കഴിഞ്ഞ് ഉടന്‍ വനയാത്രക്കിറങ്ങി. ഉച്ചവരെയുള്ള യാത്രയാണിത്. പത്തുകിലോമീറ്ററോളം വനത്തിലൂടെയുള്ള ഈ സഞ്ചാരം പ്രകൃതിയെ അടുത്തറിയുന്ന സുന്ദര നിമിഷങ്ങളാണ്. ഞങ്ങളുടെ സംരക്ഷണത്തിനായും കാണുന്ന കാഴ്ച്ചകള്‍ വിശദീകരിച്ചുതരുവാനുമായി മുന്‍പിലും പുറകിലും ഫോറസ്റ്റ് ഓഫീസര്‍മാരുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സജി സാറിനൊപ്പം ഗാര്‍ഡുമാരായ രാജു സാര്‍, അനീഷ് സാര്‍, പൊന്നയ്യന്‍ സാര്‍ എന്നിവരുമാണ് ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നത്. കാട്ടുപോത്തിനെയോ വലിയ കാട്ടുമൃഗങ്ങളെയോ നേരിട്ടുകാണുവാനുള്ള ആവേശമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ അന്ന് അതിനുള്ള ഭാഗ്യം ലഭിച്ചില്ല.
എന്നാല്‍ മ്ലാവ്, മലയണ്ണാന്‍, സിംഹവാലന്‍കുരങ്ങ്, കാട്ടുകോഴി, വേഴാമ്പല്‍, വിവിധയിനം പക്ഷികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍ മരങ്ങള്‍.. തേക്ക്, മരുത്, ഈട്ടി, അരളി, പാല കൂടാതെ നിരവധി കാട്ടുമരങ്ങളും. നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആല്‍മരങ്ങള്‍ ഒരു പ്രദേശംമുഴുവന്‍ കൈയടക്കിയിരിക്കുന്നു. നീണ്ട, രോമാവൃതമായ വാലുള്ള മലയണ്ണാന്‍ ഒരു വലിയ മഹാഗണി മരത്തിന്റെ മുകളില്‍ ചുരുണ്ടുകൂടിക്കിടക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ട് അവന്‍ മറ്റുമരങ്ങളിലേയ്ക്ക് കുതിച്ചുചാടി മറഞ്ഞു.
തോട്ടപ്പുഴുവിന്റെ ശല്യം പറഞ്ഞറിയിക്കാനാവില്ല. ആ ദിവസങ്ങളില്‍ മഴയുമുണ്ടായിരുന്നതിനാല്‍ അതല്‍പ്പം കൂടുതലായിരുന്നു. ആദ്യം എല്ലാവരെയും അലോസരപ്പെടുത്തിയെങ്കിലും പിന്നെ അതും രസമായി. ചില സ്ഥലങ്ങളില്‍ നിലത്ത് കാല്‍ ചവിട്ടാന്‍ സ്ഥലമില്ല..! രക്തത്തിനായി ദാഹിച്ച് തോട്ടപ്പുഴുക്കള്‍ ഉയര്‍ന്നുനിന്നു പുളയുന്നു..! നോക്കി നില്‍ക്കേ കാലിലേയ്ക്ക് ചാടിക്കയറുകയാണ്.. ഉപ്പുകിഴിയും പുകയിലപ്പൊടിയും മറ്റുപൊടിക്കൈകളുമൊക്കെ ചെറിയ സഹായം തന്നു. കുറേ കഴിഞ്ഞപ്പോള്‍ കാലിലേയ്ക്ക് ശ്രദ്ധിക്കാതെയായി. കാടിന്റെ സൗന്ദര്യവും ഞങ്ങളുടെ ശബ്ദംകേട്ട് പായുന്ന കാട്ടുമൃഗങ്ങളെ ഒരുനോക്കു കാണുവാനുള്ള ആകാംക്ഷയുമെല്ലാം 'ഈ കൊച്ചു രക്തദാഹികളെ' മറക്കുവാനുള്ള കാരണമായി.
വനത്തിനുള്ളിലെ മൊട്ടക്കുന്നായ കുരിശുമലയുടെ മുകളില്‍നിന്ന്.. |
കുരിശുമല എന്നറിയപ്പെടുന്ന ഒരു കുന്നിനുമുകളിലാണ് ഞങ്ങളുടെ ആദ്യദിന ട്രക്കിംഗ് അവസാനിച്ചത്. ഒരാള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെയാണ് ഇവിടേയ്ക്ക് നടന്നത്. കാട്ടുപോത്തുകളും ആനകളും കാണുന്ന ഭാഗമാണിത്. ഒരിടത്ത് പുല്ലുകള്‍ ഒടിച്ചിട്ട് ഏതോ ജീവി ഉണ്ടാക്കിയ മെത്ത. ' കരടി എഴുന്നേറ്റു പോയിട്ട് അധികനേരമായില്ല" അതും ചൂണ്ടിക്കാട്ടിയുള്ള ഫോറസ്റ്റ് ഗാര്‍ഡ് രാജു സാറിന്റെ വാക്കുകള്‍ ചെറുതായെങ്കിലും ഒന്നു പരിഭ്രമിപ്പിക്കാതിരുന്നില്ല..
മലമുകളില്‍ എത്തിയാല്‍ ഒരു ഭാഗത്ത് തമിഴ്നാടിന്റെ വിദൂരകാഴ്ച്ചയുണ്ട്. കേരളത്തിന്റെ അതിര്‍ത്തിയായ പര്‍വ്വതനിരകള്‍ക്കപ്പുറം പരന്ന ഭൂപ്രദേശം.. മലയാളികളെ ഉള്‍പ്പെടെ തീറ്റിപ്പോറ്റുന്ന തമിഴ്നാട്ടിലെ കൃഷിയിടങ്ങള്‍.. മറ്റൊരു ഭാഗത്ത് ഒരു വലിയ തടാകം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമാണ് അത്. നല്ലകാറ്റുകൂടിയായപ്പോള്‍ നടപ്പിന്റെ ക്ഷീണം മറന്നു. അല്‍പ്പസമയം വിശ്രമിച്ചതിനുശേഷം മടക്കയാത്ര. ഏതാണ്ട് അഞ്ചുമണിക്കൂറുകൊണ്ട് കുറഞ്ഞത് പത്തുകിലോമീറ്ററെങ്കിലും നടന്നുകഴിഞ്ഞു എന്നകാര്യം പിന്നിട് ഓര്‍മ്മിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. ഇത്രദൂരം സഞ്ചാരം നടത്തി ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും വലിയ ക്ഷീണം ആര്‍ക്കും ഉണ്ടായില്ല. അതാണ് വനയാത്രയുടെ പ്രത്യേകത. കണ്ണും മനസും കുളിര്‍പ്പിക്കുന്ന കാഴ്ച്ചകളും ശുദ്ധവായുവും. ആകെ ഒന്നു ഫ്രഷ് ആവാന്‍ പിന്നെ എന്തുവേണം..!
തിരിച്ച് മുറിയില്‍ചെന്ന എല്ലാവരും ഒന്നുഞെട്ടി.. ആകെ അലങ്കോലപ്പെട്ടുകിടക്കുന്നു. കുരങ്ങന്‍മാര്‍..! അവസാനം ഇറങ്ങിയ ആള്‍ മുറി നന്നായി ലോക്ക് ചെയ്യാന്‍ മറന്നതിന്റെ ഫലം. മിക്ക ബാഗുകളും തുറന്നുകിടക്കുന്നു. കൂടുകള്‍ പലതും കീറിയ അവസ്ഥയില്‍. പക്ഷേ നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് എടുത്തപ്പോള്‍ എല്ലാവര്‍ക്കും ചിരിപൊട്ടി. ചുമക്കും പനിക്കുമായി കൊണ്ടുവന്ന മരുന്നുകളൊന്നും ബാക്കിയില്ല. കൊറിക്കാനുള്ള ലഘുഭക്ഷണ പായ്ക്കറ്റുകളും. (വിശപ്പു കൂടുതലുള്ള ചില വിരുതന്‍മാര്‍ പൊതികള്‍ ഇഷ്ടംപോലെ കരുതിയിരുന്നു.) ഹോമിയോ ഗുളികയുടെ ഒഴിഞ്ഞ കുപ്പി തിരിച്ചുകിട്ടി..പാവം കുരങ്ങന്‍മാര്‍..
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെ കാത്തിരുന്നത് മറ്റൊരു അത്ഭുതലോകമാണ്. പെരിയാര്‍ നേച്ചര്‍ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍. വനത്തയും വന്യജീവികളെയും മനസിലാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ഒരു വലിയ മ്യൂസിയം. ഇവിടെ ആദ്യം പ്രവേശിക്കുക ഒരു കൃത്രിമ വനത്തിലേയ്ക്കാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്നപോലെ ഇവിടെ കാണാം. ഓഡിയോ-വിഷ്വല്‍ ഇഫക്ടുകളുടെ സഹായത്തോടെ വന്യജീവികളെയും പക്ഷികളെയും പരിചയപ്പെടുന്ന സ്റ്റാളാണ് അടുത്തത്. ഇരുട്ടിലുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളിലേയ്ക്ക് പ്രകാശം പതിക്കുമ്പോള്‍ അവയുടെ ശബ്ദവും ലഘുവിവരണവും കേള്‍ക്കാം.
ഉള്‍ക്കാടുകളില്‍ മാത്രം കാണുന്ന വിവിധയിനം പക്ഷിമൃഗാദികളുടെ സ്വരങ്ങള്‍ ഏറെ കൗതുകമുണര്‍ത്തി. തുടര്‍ന്നുള്ള വിവിധ സ്റ്റാളുകളില്‍ , സൂക്ഷ്മ ജീവികള്‍, വംശനാശ ഭീഷണി നേരിടുന്ന വിവിധ ജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ മനോഹര ചിത്രങ്ങളും വിവരണങ്ങളും കാണാം. ആഗോളതാപനത്തിന്റെ വിവിധ തലങ്ങള്‍ വിവരിക്കുന്ന സ്റ്റാള്‍ ശ്രദ്ധേയമാണ്. ഒരുഭാഗത്ത് ആനയുടെ അസ്ഥികൂടം തലയുയര്‍ത്തി നില്‍ക്കുന്നു. പരിസ്ഥിതി വിജ്ഞാനത്തിലുള്ള അറിവു പരിശോധിക്കുന്ന ക്വിസ് കോര്‍ണറില്‍ മൂന്നു കംപ്യൂട്ടറുകള്‍ സജ്ജമാണ്. അവസാനം നാം എത്തിച്ചേരുന്നത് ഇരുട്ടുനിറഞ്ഞ ഒരു മുറിയിലാണ്. വനത്തിലുള്ളില്‍ രാത്രിയില്‍ എത്തിപ്പെട്ടാലുള്ള കാഴ്ച്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. പുറത്തേക്കിറങ്ങുന്ന ഭാഗം ഒരു വിമാനത്തിനുള്ളുപോലെയാണ്. ഇരുവശത്തും ജനാലകള്‍പോലെ ചിത്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. ഒരു വശം പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങളാണെങ്കില്‍ മറുവശം പ്രകൃതിയില്‍ മനുഷ്യന്റെ കൈകടത്തല്‍മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സമയം പോയതറിഞ്ഞില്ല. എതാണ്ട് രണ്ടര മണിക്കൂറോളം ഇവിടെ ചെലവഴിച്ചിരുന്നു. മികച്ച ടൂറിസ്റ്റ് ഗൈഡിനുള്ള അവാര്‍ഡ് ലഭിച്ച അനീഷ് സാറിന്റെ വിവരണമാണ് ഇന്റര്‍ പ്രറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനം ഏറെ വിജ്ജാനദായകമാക്കിയത് എന്ന് നിസ്സംശയം പറയാം.
രാത്രിയില്‍, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ശ്രീകാന്ത് സാര്‍ നയിച്ച ക്ലാസും ഉണ്ടായിരുന്നു. പകലല്‍സമയത്തെ യാത്രകാരണമാകാം , അന്നു കിടന്നതേ എല്ലാവരും സുഖമായി ഉറങ്ങി. ഞങ്ങളെ ശല്യപ്പെടുത്തേണ്ടന്ന് അന്ന് കൊതുകുകളും തീരുമാനിച്ചെന്നുതോന്നുന്നു. അതല്ല, ഒരാഴ്ച്ചത്തേയ്ക്കുള്ളത് അവ ഇന്നലെതന്നെ കുടിച്ചുകഴിഞ്ഞു എന്നൊരു കമന്റും കുട്ടികളില്‍നിന്ന് കേട്ടു.
വനത്തിനുള്ളിലെ 'വയലില്‍'.. |
പിറ്റേന്ന് രാവിലെ പക്ഷി നിരീക്ഷണമുണ്ടായിരുന്നു. നേരം വെളുക്കുന്നതിനുമുമ്പ് എണീറ്റ് കടുംകാപ്പിയും കുടിച്ച് തയ്യാറായി. ആറരയ്ക്ക് ഞങ്ങള്‍ വനത്തില്‍ പ്രവേശിച്ചു. പുലര്‍കാലത്ത് പക്ഷികള്‍ ഭക്ഷണംതേടി കൂടുവിട്ടിറങ്ങുകയാണ്. നാട്ടില്‍ കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി പക്ഷികള്‍ ഞങ്ങളുടെ മുന്നിലൂടെ പറന്നുമറഞ്ഞു. മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന വനാന്തരീക്ഷം.. ഞങ്ങളില്‍ പലര്‍ക്കും ഇത് ടിവിയിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കാഴ്ച്ചയാണ്. അതു നേരിട്ടുകാണുന്നതിന്റെ ആവേശം എല്ലാവരിലും ഉണ്ടായിരുന്നു. നടന്നുനടന്ന് വനത്തിനുള്ളിലെ ' വയലില്‍ ' എത്തി. ഏക്കറുകളോളം സ്ഥലം നിരപ്പായി, തുറസായി കിടക്കുന്നു. ചുറ്റും വന്‍ മരങ്ങള്‍ തഴച്ചുവളരുന്ന കാടും. ഈ വയല്‍പ്രദേശം കാട്ടുപോത്തുകളുടെ ഇഷ്ടസ്ഥലമാണ്. പക്ഷേ, ഞങ്ങള്‍ വരുന്നതിന് അല്‍പ്പംമുന്‍പ് അവ അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. അവിടം ചന്ദനക്കാടാണ്. അതിന്റെ സംരക്ഷണത്തിനായി ഫോറസ്റ്റ് ഗാര്‍ഡുകള്‍ തങ്ങുന്ന ഏറുമാടങ്ങളും അങ്ങിങ്ങായി കണ്ടു.
വയല്‍വിട്ട് വീണ്ടും വനത്തിനുള്ളിലേയ്ക്ക് കടന്നതേ രണ്ടു കൂട്ടം ആതിഥേയര്‍ ഞങ്ങളെ സ്വീകരിക്കാനെത്തി. ആദ്യം മ്ലാവിന്‍ കൂട്ടം. തൊട്ടുപുറകേ കാട്ടുപോത്തുകളും. പുറകില്‍നില്‍ക്കുന്ന കൂട്ടുകാരെ ഈ കാഴ്ച്ച കാണിക്കുവാനുള്ള ആവേശത്തില്‍ ചിലരുടെ ശബ്ദം ഉയര്‍ന്നത് കഷ്ടമായി. പരിചയമില്ലാത്ത ശബ്ദം കേട്ടമാത്രയില്‍ അവ പാഞ്ഞ് അപ്രത്യക്ഷമായി.
വനയാത്രയെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ ആകെപ്പാടെ മാറ്റിമറിക്കുവാന്‍ ഈ യാത്രകള്‍ക്കും ക്ലാസുകള്‍ക്കും സാധിച്ചു. വലിയ മൃഗങ്ങളെ കണ്ടാല്‍മാത്രമേ വനയാത്രക്ക് ഫലമുണ്ടാകൂ എന്ന ധാരണയോടെയാണ് ഞങ്ങള്‍ വന്നതെങ്കില്‍ അതിനേക്കാളുപരി പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന പല ജീവികളും ഈ വനത്തിനും നമ്മുടെ പ്രകൃതിക്കും ചെയ്യുന്ന നന്മകള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. രണ്ടു മണിക്കൂര്‍ മാത്രം ജീവിക്കുന്ന ചിത്രശലഭം പരാഗണത്തിലൂടെ തലമുറകള്‍ക്ക് സമ്പാദിച്ച് നല്‍കുമ്പോള്‍ എഴുപതുവയസ് ആയുസ്സുള്ള മനുഷ്യന്‍ എന്തുചെയ്യുന്നു..? 35-45 ദിവസം ജീവിക്കുന്ന ഒരു തുമ്പി ഈ കാലയളവില്‍ 10,000 മുതല്‍ 15,000 വരെ കൊതുകുകളെ തിന്നുമ്പോള്‍ രാസകീടനാശിനി പ്രയോഗത്തിലൂടെ അവയെ കൊന്നൊടുക്കുന്ന നാം പണം കൊടുത്ത് കൊതുകുതിരി വാങ്ങുന്നു. കൊതുകുജന്യ രോഗങ്ങളാല്‍ നട്ടംതിരിയുന്നു. ചില ദേശാടന തുമ്പികള്‍ വന്നാല്‍മാത്രം പരാഗണം നടക്കുന്ന മരങ്ങള്‍ നമ്മുടെ വനങ്ങളിലുണ്ട്.
മ്യൂസിയത്തിനു പുറത്തായി ഒരു ചെടിച്ചട്ടിയില്‍ പന വര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. ആ ചെടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഇലകളില്‍ പ്യൂപ്പ അവസ്ഥയിലുള്ള ചിത്രശലഭങ്ങളെ കാണിച്ചുതന്നു. ഈ ചിത്രശലഭങ്ങള്‍ ഈ ചെടിയിലൂടെ മാത്രമേ ജന്മമെടുക്കൂ. ഇതിന്റെ ഇലകള്‍ മാത്രമാണ് അവയുടെ ആഹാരം. ആ ചെടികള്‍ ഇല്ലാതാകുന്നതോടെ അത്തരം ചിത്രശലഭങ്ങള്‍ക്ക് വംശനാശം സംഭവിക്കും. ഈ ചിത്രശലഭങ്ങളിലൂടെ മാത്രം പരാഗണം നടക്കുന്ന ചില മരങ്ങളും അതോടെ ഇല്ലാതാകും. ഓരോ ചെറു ജീവികള്‍ക്കും അതിന്റേതായ പ്രാധാന്യം ഈ പ്രകൃതിയിലുണ്ട്. അതു മനസിലാക്കുക എന്നതാണ് ഈ വനയാത്രയുടെയും പ്രകൃതി പഠനത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പക്ഷി നിരീക്ഷണം കഴിഞ്ഞ് തിരിച്ച് ക്യാമ്പിലെത്തിയപ്പോഴേക്കും ഒന്‍പതുമണി കഴിഞ്ഞു. സ്കൂളിലേയ്ക്കുള്ള മടക്കയാത്രക്ക് ധാരാളം സമയമെടുക്കും എന്നതിനാല്‍ ഉച്ചയോടെ പരിപാടികള്‍ അവസാനിപ്പിക്കാം എന്ന ധാരണയിലെത്തിയിരുന്നു. അതിനാല്‍ ദിവാകരന്‍ സാറിന്റെ ക്യാമ്പ് ക്വിസും തുടര്‍ന്ന് നേച്ചര്‍ ക്യാമ്പ് അവലോകനവും ചര്‍ച്ചയും നിര്‍ദ്ദേശങ്ങളുമൊക്കെയായിരുന്നു കാപ്പികുടി കഴിഞ്ഞുള്ള അവസാന സെഷനില്‍. സര്‍ട്ടിഫിക്കറ്റ് വിതരണവും നന്ദിയുമൊക്കെയായി ഉച്ചക്ക് ക്യാമ്പ് അവസാനിച്ചെങ്കിലും ഈ സ്ഥലത്തോട് വിടപറയാന്‍ മനസുവരുന്നില്ല. ഇവിടെനിന്ന് ലഭിച്ച ക്യാമ്പ് ഡയറിയില്‍ സന്ദര്‍ശകര്‍ക്കുള്ള അവസാന നിര്‍ദ്ദേശമായി ഇങ്ങനെ കുറിച്ചിരുന്നു. 'Leave behind nothing but footprints, takeaway nothing but memories'. അതെ കുറേയേറെ നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍ മടങ്ങുകയാണ്. അടുത്ത വര്‍ഷത്തെ നേച്ചര്‍ക്യാമ്പും സ്വപ്നം കണ്ടുകൊണ്ട്.
തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനെക്കുറിച്ചുള്ള നാലുമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചുവടെ ചേര്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക്ചെയ്ത് നടത്താവുന്ന വനയാത്രയുടെയും കാഴ്ച്ചകളുടെയും വിവരങ്ങളും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.
No comments:
Post a Comment