Sunday, January 25, 2015

പ്ലാസ്റ്റിക് ചലഞ്ചില്‍ പങ്കെടുക്കാം.. കൂട്ടുകാരെ ചലഞ്ച് ചെയ്യാം.. ഫേസ്ബുക്കിലൂടെ..


            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ കൂട്ടുകാര്‍ ആരംഭിച്ച പ്ലാസ്റ്റിക് ചലഞ്ചില്‍ പങ്കുചേരുവാനായി വിവിധ വ്യക്തികളും സ്ഥാപനങ്ങളും താത്പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക സാധ്യമല്ല. കരണീയമായിട്ടുള്ളത്, വിവിധയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ്. ഇതിന് മുഴുവന്‍ കേരളീയരുടെയും ആത്മാര്‍ത്ഥവും ബോധപൂര്‍വ്വകവുമായ സഹകരണം ആവശ്യമാണ്. ഇതിലേയ്ക്ക് കേരളീയരുടെ മുഴുവന്‍ ശ്രദ്ധയും കരുതലും ലക്ഷ്യമാക്കിയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാസ്റ്റിക് ചലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.
        പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുവാനും, അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുവാനാണ് ഈ പ്ലാസ്റ്റിക് ചലഞ്ച് നടത്തുന്നത്. ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക..


            ഇനി, ഈ ചലഞ്ച് ഏറ്റെടുത്ത് നടപ്പിലാക്കിയത് എങ്ങിനെ ലോകത്തെ അറിയിക്കും..? മറ്റുള്ളവരെ ചലഞ്ചിനായി എങ്ങിനെ ക്ഷണിയ്ക്കും..? മറ്റു പല ചലഞ്ചുകളും പൊതുസമൂഹം ഏറ്റെടുത്തത് ഫേസ്ബുക്കിലൂടെയാണ്. ആ മാര്‍ഗ്ഗംതന്നെ നമുക്ക് ഇവിടെയും സ്വീകരിക്കാം.
            ഫേസ് ബുക്കില്‍ #plasticchallenge എന്ന് ടൈപ്പ് ചെയ്തശേഷം പ്ലാസ്റ്റിക് ചലഞ്ച് നടത്തിയതിന്റെ ഫോട്ടോകള്‍ നല്‍കാവുന്നതാണ്. ചെറിയ വിവരണംകൂടി നല്‍കുന്നത് കൂടുതല്‍ നന്നായിരിക്കും. കൂടാതെ, മൂന്നു സുഹൃത്തുക്കളെ പ്ലാസ്റ്റിക് ചലഞ്ചിനായി ക്ഷണിയ്ക്കുക. # ചിഹ്നത്തിനുശേഷം സ്പേസ് ഇടാതെയാണ് plasticchallenge എന്നത് ഒറ്റവാക്കായി നല്‍കേണ്ടത് എന്നതും ശ്രദ്ധിക്കുമല്ലോ..

റണ്‍.. പൂഞ്ഞാര്‍.. റണ്‍..


റണ്‍ കേരളാ റണ്ണിന്റെ ഭാഗമായി പൂഞ്ഞാര്‍ തെക്കേക്കരയില്‍ നടന്ന കൂട്ടയോട്ടം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍, പൂഞ്ഞാര്‍ IHRD എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക്, പൂഞ്ഞാര്‍ SN കോളേജ്. പൂഞ്ഞാര്‍ KSEB, പൂഞ്ഞാര്‍ റസിഡന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.. 
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

Sunday, January 18, 2015

പ്ലാസ്റ്റിക് ചലഞ്ചിന് ഒരുക്കമാണോ..?

                     ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി എത്രയോ ചലഞ്ചുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. നന്മയ്ക്കുതകുന്നതെങ്കില്‍ ഏതു ചലഞ്ചും ഏറ്റെടുക്കുവാന്‍ മടിയ്ക്കേണ്ടതില്ലല്ലോ.. ഇതാ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്ന ഒരു ചലഞ്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകൂട്ടുകാര്‍  മുന്നോട്ടുവയ്ക്കുന്നു..
            ഈ കാലഘട്ടത്തില്‍ കേരളത്തെ ഒന്നടങ്കം ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. ഇതില്‍തന്നെ ഏറ്റവും ഗൗരവമേറിയതാണ് പ്ലാസ്റ്റിക് മൂലമുള്ള മാലിന്യപ്രശ്നം. ഒരിക്കല്‍ നിര്‍മ്മിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും നശിക്കില്ല എന്ന കാരണത്താല്‍ , കരയിലും വെള്ളത്തിലും  എല്ലാ പരിധികളും ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഇത് വളരെ ഗൗരവമേറിയ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. 
        പ്ലാസ്റ്റിക് നിര്‍മ്മിക്കുവാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെല്ലാം തീവ്ര വിഷപദാര്‍ത്ഥങ്ങളായതിനാല്‍ , ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതുമൂലവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിന്‍, ഫ്യൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ മാരക വിഷവാതകങ്ങള്‍ ശ്വസിക്കുന്നതുമൂലവും , ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ചുണ്ടാകുന്ന വന്ധ്യത തുടങ്ങിയവ സംഭവിക്കുന്നു. ഇങ്ങനെ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെതന്നെ ഗൗരവമായി ബാധിക്കുന്ന രോഗങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്നു. 
            ഇന്നത്തെ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക സാധ്യമല്ല. കരണീയമായിട്ടുള്ളത്, വിവിധയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ്. ഇതിന് മുഴുവന്‍ കേരളീയരുടെയും ആത്മാര്‍ത്ഥവും ബോധപൂര്‍വ്വകവുമായ സഹകരണം ആവശ്യമാണ്. ഇതിലേയ്ക്ക് കേരളീയരുടെ മുഴുവന്‍ ശ്രദ്ധയും കരുതലും ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആഹ്വാനം ചെയ്യുന്ന പ്ലാസ്റ്റിക് ചലഞ്ചില്‍ താങ്കളും പങ്കാളിയാകണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മത-രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ക്കും എല്ലാ MLA-മാര്‍ക്കും ഈ കത്ത് ഞങ്ങള്‍ അയച്ചുകഴിഞ്ഞു.
            ചലഞ്ച് : താങ്കളുടെ അധികാരപരിധിയില്‍ നേരിട്ടോ അല്ലാതെയോ വരുന്ന ഒരു സ്ഥാപനത്തിലും താങ്കള്‍ നേരിട്ടോ അല്ലാതെയോ നടത്തുന്ന ഒരു പൊതു പരിപാടിയിലും , പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് കപ്പിലുള്ള ഐസ്ക്രീം, പ്ലാസ്റ്റിക് ഫ്ലക്സ് ബാനറുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ല. അതുപോലെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ശ്രമിക്കും. 
            ഒരു സ്ഥാപനത്തിന്റെ മേലധികാരി എന്ന രീതിയിലോ അല്ലെങ്കില്‍ വ്യക്തിഗതമായോ ഈ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്. ഞങ്ങളുടെ ഈ ചലഞ്ച് ഏറ്റെടുക്കുന്നതായി കത്തു മുഖേനയോ ഞങ്ങളുടെ സ്കൂള്‍ ബ്ലോഗായ www.poonjarblog.com അല്ലെങ്കില്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജായ www.facebook.com/poonjarblog -ല്‍ കമന്റ് രേഖപ്പടുത്തിയോ അറിയിക്കുമല്ലോ. 

                          സ്നേഹപൂര്‍വ്വം,
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍.
സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
പൂഞ്ഞാര്‍ തെക്കേക്കര പി.ഒ.
പൂഞ്ഞാര്‍. 
കോട്ടയം. 686582
ഫോണ്‍ : 04822 275420, 9497321466

Thursday, January 8, 2015

അപകടങ്ങള്‍ കണ്ടാല്‍ ഇനി ഇവര്‍ പകച്ചുനില്‍ക്കില്ല ..!

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസിന്റെ സഹകരണത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രഥമശുശ്രൂഷാ പരിശീലന പരിപാടിയായ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

            പൂഞ്ഞാര്‍ : അപകടത്തില്‍പെടുന്നവര്‍ക്ക് ഉടന്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ ശാസ്ത്രീയമായി പരിശീലിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പൂഞ്ഞാറിലെ ഒരു കൂട്ടം ജനങ്ങള്‍. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രഥമശുശ്രൂഷാ പരിശീലന പരിപാടിയായ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസിന്റെ വിദഗ്ധ ടീം നയിച്ച പരിപാടിയില്‍, പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നായി എഴുപതു പേര്‍ക്കാണ് പരിശീലനം നല്‍കിയത്.
            വാഹനാപകടങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, തൊണ്ടയില്‍ ആഹാരം കുടുങ്ങിയുണ്ടാകുന്ന അപകടം, വിഷബധ, ഷോക്ക് തുടങ്ങിയവ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ മനുഷ്യശരീരത്തിന്റെ ഡമ്മിയുടെ സഹായത്തോടെയാണ് ഇവര്‍ ചെയ്തുപഠിച്ചത്. പരിസരങ്ങളില്‍ ലഭ്യമായ വിവിധ വസ്തുക്കള്‍ പ്രഥമശുശ്രൂഷക്കായി ഉപയോഗപ്പെടുത്തേണ്ട രീതികളും വിശദീകരിക്കപ്പെട്ടു. 
            ഐ.ഐ.ഇ.എം.എസ്. ട്രെയിനര്‍ രാജശേഖരന്‍ നായര്‍ പ്രധാന പരിശീലകനായപ്പോള്‍ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് മുന്‍പ് പൂര്‍ത്തിയാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ സഹായികളായെത്തി. 
            പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, വാര്‍ഡ് മെമ്പര്‍മാരായ റോജി തോമസ്, ജനാര്‍ദ്ദനന്‍ പി.ജി., മോന്‍സി സണ്ണി, രാജമ്മ ഗോപിനാഥ്, ആനിയമ്മ സണ്ണി, ഗീത രവീന്ദ്രന്‍, സിന്ധു ഷാജി എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു.

Thursday, January 1, 2015

ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് തുടക്കമായി..


            പൂഞ്ഞാര്‍ : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് പുതുവത്സര ദിനത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങള്‍ വൃത്തിയാക്കി വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കും. സ്കൂളുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.

            പഞ്ചായത്തിലെ അഞ്ചുകേന്ദ്രങ്ങളിലായി ഔഷധസസ്യങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന ചെടികളുമടക്കമുള്ള സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ നേഴ്സറികള്‍ ആരംഭിക്കും. ആടുത്ത ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനത്തില്‍ ഇവിടെ വളര്‍ത്തിയെടുത്ത തൈകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടും.

            പുതുവത്സര ദിനത്തില്‍ പദ്ധതിയുടെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും രംഗത്തെത്തി. കുളത്തുങ്കല്‍ മുതല്‍ പൂഞ്ഞാര്‍ ടൗണ്‍ പാലം ജംഗ്ഷന്‍ വരെയും പാതാമ്പുഴ വഴിയില്‍ കാട്ടറാത്തുപാലം വരെയുമുള്ള പൊതുവഴി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കി.

            ജൈവ-അജൈവ മാലിന്യങ്ങള്‍ തിരിച്ച് , പ്ലാസ്റ്റിക് വേസ്റ്റുകള്‍ പ്രത്യേക കവറുകളിലാക്കി. ഇവ വൃത്തിയാക്കി റീ സൈക്ലിംഗ് യൂണിറ്റുകളിലെത്തിയ്ക്കും. വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന നേഴ്സറികളില്‍ ഒന്നായി പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്വവും  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഏറ്റെടുത്തിട്ടുണ്ട്. 
         
            പരിപാടികള്‍ക്ക്  ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോമോന്‍ ഐക്കര, ബ്ലോക്ക് ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വന്തം ഗ്രാമത്തെ ശുചിത്വപൂര്‍ണ്ണമാക്കുവാനുള്ള കരുന്നുകളുടെ ആവേശം പൂഞ്ഞാര്‍ തെക്കേക്കര ഗ്രമാപഞ്ചായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.