പൂഞ്ഞാര്‍ : അപകടത്തില്‍പെടുന്നവര്‍ക്ക് ഉടന്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ ശാസ്ത്രീയമായി പരിശീലിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പൂഞ്ഞാറിലെ ഒരു കൂട്ടം ജനങ്ങള്‍. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രഥമശുശ്രൂഷാ പരിശീലന പരിപാടിയായ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസിന്റെ വിദഗ്ധ ടീം നയിച്ച പരിപാടിയില്‍, പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നായി എഴുപതു പേര്‍ക്കാണ് പരിശീലനം നല്‍കിയത്.
വാഹനാപകടങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, തൊണ്ടയില്‍ ആഹാരം കുടുങ്ങിയുണ്ടാകുന്ന അപകടം, വിഷബധ, ഷോക്ക് തുടങ്ങിയവ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ മനുഷ്യശരീരത്തിന്റെ ഡമ്മിയുടെ സഹായത്തോടെയാണ് ഇവര്‍ ചെയ്തുപഠിച്ചത്. പരിസരങ്ങളില്‍ ലഭ്യമായ വിവിധ വസ്തുക്കള്‍ പ്രഥമശുശ്രൂഷക്കായി ഉപയോഗപ്പെടുത്തേണ്ട രീതികളും വിശദീകരിക്കപ്പെട്ടു.
ഐ.ഐ.ഇ.എം.എസ്. ട്രെയിനര്‍ രാജശേഖരന്‍ നായര്‍ പ്രധാന പരിശീലകനായപ്പോള്‍ ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് മുന്‍പ് പൂര്‍ത്തിയാക്കിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ സഹായികളായെത്തി.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍, വാര്‍ഡ് മെമ്പര്‍മാരായ റോജി തോമസ്, ജനാര്‍ദ്ദനന്‍ പി.ജി., മോന്‍സി സണ്ണി, രാജമ്മ ഗോപിനാഥ്, ആനിയമ്മ സണ്ണി, ഗീത രവീന്ദ്രന്‍, സിന്ധു ഷാജി എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment