Thursday, January 1, 2015

ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് തുടക്കമായി..


            പൂഞ്ഞാര്‍ : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ & ക്ലീന്‍ പൂഞ്ഞാര്‍ പദ്ധതിയ്ക്ക് പുതുവത്സര ദിനത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങള്‍ വൃത്തിയാക്കി വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കും. സ്കൂളുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.

            പഞ്ചായത്തിലെ അഞ്ചുകേന്ദ്രങ്ങളിലായി ഔഷധസസ്യങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന ചെടികളുമടക്കമുള്ള സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ നേഴ്സറികള്‍ ആരംഭിക്കും. ആടുത്ത ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനത്തില്‍ ഇവിടെ വളര്‍ത്തിയെടുത്ത തൈകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടും.

            പുതുവത്സര ദിനത്തില്‍ പദ്ധതിയുടെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും രംഗത്തെത്തി. കുളത്തുങ്കല്‍ മുതല്‍ പൂഞ്ഞാര്‍ ടൗണ്‍ പാലം ജംഗ്ഷന്‍ വരെയും പാതാമ്പുഴ വഴിയില്‍ കാട്ടറാത്തുപാലം വരെയുമുള്ള പൊതുവഴി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കി.

            ജൈവ-അജൈവ മാലിന്യങ്ങള്‍ തിരിച്ച് , പ്ലാസ്റ്റിക് വേസ്റ്റുകള്‍ പ്രത്യേക കവറുകളിലാക്കി. ഇവ വൃത്തിയാക്കി റീ സൈക്ലിംഗ് യൂണിറ്റുകളിലെത്തിയ്ക്കും. വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന നേഴ്സറികളില്‍ ഒന്നായി പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്വവും  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഏറ്റെടുത്തിട്ടുണ്ട്. 
         
            പരിപാടികള്‍ക്ക്  ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി മാടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോമോന്‍ ഐക്കര, ബ്ലോക്ക് ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വന്തം ഗ്രാമത്തെ ശുചിത്വപൂര്‍ണ്ണമാക്കുവാനുള്ള കരുന്നുകളുടെ ആവേശം പൂഞ്ഞാര്‍ തെക്കേക്കര ഗ്രമാപഞ്ചായത്തിനാകെ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.

No comments:

Post a Comment