Sunday, January 18, 2015

പ്ലാസ്റ്റിക് ചലഞ്ചിന് ഒരുക്കമാണോ..?

                     ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി എത്രയോ ചലഞ്ചുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. നന്മയ്ക്കുതകുന്നതെങ്കില്‍ ഏതു ചലഞ്ചും ഏറ്റെടുക്കുവാന്‍ മടിയ്ക്കേണ്ടതില്ലല്ലോ.. ഇതാ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്ന ഒരു ചലഞ്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകൂട്ടുകാര്‍  മുന്നോട്ടുവയ്ക്കുന്നു..
            ഈ കാലഘട്ടത്തില്‍ കേരളത്തെ ഒന്നടങ്കം ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. ഇതില്‍തന്നെ ഏറ്റവും ഗൗരവമേറിയതാണ് പ്ലാസ്റ്റിക് മൂലമുള്ള മാലിന്യപ്രശ്നം. ഒരിക്കല്‍ നിര്‍മ്മിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കലും നശിക്കില്ല എന്ന കാരണത്താല്‍ , കരയിലും വെള്ളത്തിലും  എല്ലാ പരിധികളും ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഇത് വളരെ ഗൗരവമേറിയ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. 
        പ്ലാസ്റ്റിക് നിര്‍മ്മിക്കുവാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെല്ലാം തീവ്ര വിഷപദാര്‍ത്ഥങ്ങളായതിനാല്‍ , ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതുമൂലവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിന്‍, ഫ്യൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ മാരക വിഷവാതകങ്ങള്‍ ശ്വസിക്കുന്നതുമൂലവും , ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ചുണ്ടാകുന്ന വന്ധ്യത തുടങ്ങിയവ സംഭവിക്കുന്നു. ഇങ്ങനെ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെതന്നെ ഗൗരവമായി ബാധിക്കുന്ന രോഗങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്നു. 
            ഇന്നത്തെ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുക സാധ്യമല്ല. കരണീയമായിട്ടുള്ളത്, വിവിധയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ്. ഇതിന് മുഴുവന്‍ കേരളീയരുടെയും ആത്മാര്‍ത്ഥവും ബോധപൂര്‍വ്വകവുമായ സഹകരണം ആവശ്യമാണ്. ഇതിലേയ്ക്ക് കേരളീയരുടെ മുഴുവന്‍ ശ്രദ്ധയും കരുതലും ലക്ഷ്യമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആഹ്വാനം ചെയ്യുന്ന പ്ലാസ്റ്റിക് ചലഞ്ചില്‍ താങ്കളും പങ്കാളിയാകണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മത-രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ക്കും എല്ലാ MLA-മാര്‍ക്കും ഈ കത്ത് ഞങ്ങള്‍ അയച്ചുകഴിഞ്ഞു.
            ചലഞ്ച് : താങ്കളുടെ അധികാരപരിധിയില്‍ നേരിട്ടോ അല്ലാതെയോ വരുന്ന ഒരു സ്ഥാപനത്തിലും താങ്കള്‍ നേരിട്ടോ അല്ലാതെയോ നടത്തുന്ന ഒരു പൊതു പരിപാടിയിലും , പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് കപ്പിലുള്ള ഐസ്ക്രീം, പ്ലാസ്റ്റിക് ഫ്ലക്സ് ബാനറുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ല. അതുപോലെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ശ്രമിക്കും. 
            ഒരു സ്ഥാപനത്തിന്റെ മേലധികാരി എന്ന രീതിയിലോ അല്ലെങ്കില്‍ വ്യക്തിഗതമായോ ഈ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്. ഞങ്ങളുടെ ഈ ചലഞ്ച് ഏറ്റെടുക്കുന്നതായി കത്തു മുഖേനയോ ഞങ്ങളുടെ സ്കൂള്‍ ബ്ലോഗായ www.poonjarblog.com അല്ലെങ്കില്‍ ബ്ലോഗിന്റെ ഫേസ് ബുക്ക് പേജായ www.facebook.com/poonjarblog -ല്‍ കമന്റ് രേഖപ്പടുത്തിയോ അറിയിക്കുമല്ലോ. 

                          സ്നേഹപൂര്‍വ്വം,
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍.
സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
പൂഞ്ഞാര്‍ തെക്കേക്കര പി.ഒ.
പൂഞ്ഞാര്‍. 
കോട്ടയം. 686582
ഫോണ്‍ : 04822 275420, 9497321466

No comments:

Post a Comment