Monday, August 31, 2015
Saturday, August 29, 2015
തിരുവോണനാളില്‍ ഇല്ലിക്കല്‍ മലനിരകളിലെത്തിയത് നൂറുകണക്കിന് സഞ്ചാരികള്‍..
അടുക്കം : പുതിയ പാത തുറന്നതിനുശേഷമുള്ള എറ്റവും വലിയ ജനത്തിരക്കാണ് ഇല്ലിക്കല്‍ മലയില്‍ ഈ തിരുവോണനാളില്‍ ഉണ്ടായത്. വൈകുന്നേരം മൂന്നിനുശേഷം മാത്രം ഇരുന്നൂറിലധികം കാറുകളാണ് സഞ്ചാരികളേയുംകൊണ്ട് അടുക്കം വഴി ഇല്ലിക്കലേയ്ക്ക് കടന്നുപോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൂടാതെ നിരവധി ഇരുചക്ര വാഹനങ്ങളും. ടാറിങ്ങ് തീരുന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്ററോളം താഴെവരെ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. പാര്‍ക്കിങ്ങിനുള്ള അസൗകര്യമാണ് സഞ്ചാരികളെ അലട്ടുന്ന പ്രധാന പ്രശ്നം.
ഈരാറ്റുപേട്ടയില്‍നിന്ന് വാഗമണ്‍ റൂട്ടില്‍ തീക്കോയിലെത്തി അവിടെനിന്ന് അടുക്കം, മേലടുക്കം വഴിയുള്ള പുതിയ പാതയിലൂടെ ഇല്ലിക്കല്‍ മലയില്‍ എത്തുന്നതാണ് ഏറ്റവും എളുപ്പം. ഈരാറ്റുപേട്ടയില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരം. സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ മൂന്നിലവ്, തലനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിനെയും മൂന്നാര്‍ ടോപ് സ്റ്റേഷനെയും അനുസ്മരിപ്പിക്കുന്ന പ്രകൃതി ഭംഗിയും കാലാവസ്ഥയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയായിരുന്നു ഇവിടെനിന്നും ഇത്രയും നാള്‍ സഞ്ചാരികളെ അകറ്റി നിര്‍ത്തിയിരുന്നത്. സാഹസികര്‍ മാത്രം എത്തിയിരുന്ന ഈ മലയുടെ ചുവടുവരെ ഇപ്പോള്‍ ആര്‍ക്കും വാഹനത്തില്‍ എത്താം. ഇരുപത്തിരണ്ടോളം ഹെയര്‍ പിന്‍ വളവുകള്‍ തിരിഞ്ഞുള്ള ഈ യാത്രതന്നെ നമ്മെ ഹരം പിടിപ്പിക്കും. വിതി കുറവുള്ള റോഡ് ആയതിനാല്‍ ഡ്രൈവിംഗില്‍ ശ്രദ്ധവേണം എന്നുമാത്രം. അവസാന അഞ്ചുകിലോമീറ്ററോളം ദൂരം ആദ്യ രണ്ടു ഗിയറുകളില്‍തന്നെ വാഹനം ഓടിക്കേണ്ടിവരും.
ഇല്ലിക്കല്‍ താഴ്വര പിന്നിട്ട് കയറ്റം കയറുമ്പോള്‍ ഇരുവശത്തും മൊട്ടക്കുന്നുകള്‍. ഇവിടെ ചിറ്റീന്തുകളും പുല്ലും തഴച്ചുവളരുന്നു. ടാറിംഗ് അവസാനിക്കുന്നിടത്തുനിന്ന് (ഇപ്പോള്‍ ടാറിങ്ങില്ലാത്ത കുറച്ചു ഭാഗം കടക്കുമ്പോള്‍ വിണ്ടും അരക്കിലോമീറ്ററോളം ടാര്‍ ചെയ്ത റോഡ് ഉണ്ട് എങ്കിലും മണ്ണിളകിയ ഭാഗത്തുകൂടി വാഹന സഞ്ചാരം ഒഴിവാക്കുന്നതാണ് നല്ലത്) ഒരു മൊട്ടക്കുന്ന് കയറുവാന്‍ തുടങ്ങുന്നതേ ഇല്ലിക്കല്‍ കല്ലിന്റെ മനോഹര ദൃശ്യം തൊട്ടുമുന്‍പില്‍ കാണാം. കുന്നുകയറുവാന്‍ ബുധിമുട്ടുള്ളവര്‍ക്ക് ഇവിടെ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാവുന്നതാണ്. ചുറ്റുപാടും ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷവും ഇളം കാറ്റുമെല്ലാം കണ്ണും മനസും കുളിര്‍പ്പിക്കും. തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ സമീപ പ്രദേശങ്ങളുടെ ദൂരെക്കാഴ്ച്ച ഏറെ ആകര്‍ഷണീയമാണ്.
ഒറ്റയടിപ്പാതയിലൂടെ മുന്നൂറ് മീറ്ററോളം കുന്ന് കയറിയാല്‍ ഇല്ലിക്കല്‍കുന്നിന് അഭിമുഖമായി ഉയരത്തില്‍ എത്താം. സഞ്ചാരികള്‍ എല്ലാവരും തന്നെ ഇവിടെവരെ എത്തും. ഇവിടെനിന്ന് അമ്പതുമീറ്ററോളം കുന്നിറങ്ങിയാല്‍ ഇല്ലിക്കല്‍ കല്ലിലേയ്ക്ക് കടക്കുന്ന, ഏതാണ്ട് നൂറുമീറ്റര്‍ ദൈര്‍ഘ്യമുള്ള 'നരകപാല'ത്തിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതുകടന്ന് ഇല്ലിക്കല്‍കല്ലില്‍ കയറാം. പക്ഷേ ഈ യാത്ര അപകടം നിറഞ്ഞതാണ്. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
സഞ്ചാരികളുടെ വരവു കൂടിയതിനാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ വികസിപ്പിക്കേണ്ടതുണ്ട്. അതിനു കാലതാമസമുണ്ടായിക്കൂട. കാരണം ഈ തിരക്ക് ഇനിയും കൂടും. ഒന്നുവന്നവര്‍ പിന്നെയും ഇവിടെയെത്തും, കൂട്ടുകാരെയും വീട്ടുകാരെയും കൂട്ടി. തീര്‍ച്ച.
Thursday, August 27, 2015
ഫാ. എമ്മാനുവേല്‍ തെള്ളി CMI-യുടെ നിര്യാണം സഭയ്ക്കും നാടിനും തീരാ നഷ്ടം..
പൂഞ്ഞാര്‍ : സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രവിശ്യാംഗവും പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമാംഗവുമായിരുന്ന ഫാ. എമ്മാനുവേല്‍ തെള്ളിയില്‍ CMI (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍. മൃതദേഹം രാവിലെ 9.30-ന് പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമത്തില്‍ കൊണ്ടുവരും.
ഭാരതത്തിലെ അറിയപ്പെടുന്ന സുറിയാനി ഭാഷാ പണ്ഡിതനായിരുന്നു അന്തരിച്ച ഫാ. എമ്മാനുവേല്‍ തെള്ളി CMI. 1953 ഡിസംബര്‍ എട്ടിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാന്നാനം, മുത്തോലി, കോഴിക്കോട്, കൂടത്തായ്, പൂഞ്ഞാര്‍, പാലാ, അമനകര, കപ്പാട്, മാനന്തവാടി, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാന്നാനം KE കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും അമനകര സെന്റ് പയസ് ITC യുടെ പ്രഥമ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ബ്രൂക്ക് ലിന്‍ രൂപതയില്‍ അജപാലന ശുശ്രൂഷ ചെയ്ത അദ്ദേഹം 1964-67 കാലഘട്ടത്തില്‍ ഇറാക്കിലെ വൈദിക വിദ്യാര്‍ഥികളെ കല്‍ദായി സുറിയാനി വ്യാകരണം പഠിപ്പിക്കുകയും മിഷനറി പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.
സീറോ മലബാര്‍ സഭയുടെ കനോന നമസ്ക്കാരങ്ങളും പാട്ടുകളും സുറിയാനിയില്‍നിന്ന് വിവര്‍ത്തനം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ചത് എമ്മാനുവേലച്ചനായിരുന്നു. സുറിയാനി സഭയുടെ പ്രഭാത പ്രാര്‍ഥനയായ സപ്രായിലെ 'പുലരിപ്രഭയില്‍ കര്‍ത്താവേ.. സാമോദം നിന്‍ ദാസരിതാ..' എന്ന ഗാനം അദ്ദേഹം എഴുതിയതാണ്. പൗരസ്ത്യ സഭാ പണ്ഡിതനായ ഫാ. പ്ലാസിഡ് CMIയുടെ ശിഷ്യനായ അദ്ദേഹം സുറിയാനി - ഇംഗ്ലീഷ്, മലയാളം നിഘണ്ടുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകള്‍ രചിച്ചിട്ടുണ്ട്. നാലു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കത്തെഴുതിയിരുന്നത് കവിതാ രൂപത്തിലായിരുന്നു. കൂടാതെ 10 പുസ്തകങ്ങളും 50 ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.
നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഫാ. എമ്മാനുവേല്‍ തെള്ളി ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോമിയോ ചികിത്സയിലും പ്രാവീണ്യമുണ്ടായിരുന്നു. സന്യാസ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് തികഞ്ഞ ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. (വിവരങ്ങള്‍ക്ക് കടപ്പാട് - ദീപിക ദിനപത്രം)
Rev. Fr. Emmanuel Thelly C.M.I., bids farewell to the world in his poem
"Yaathraa Mangalam"
"Yaathraa Mangalam"
Thursday, August 13, 2015
ജൈവ കാഹളം മുഴക്കി കുട്ടികള്‍ നാടിനു മാതൃകയായി..
പൂഞ്ഞാര്‍ : തൊപ്പിപ്പാള ധരിച്ച കുട്ടിക്കര്‍ഷകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ജൈവകാഹളം മുഴങ്ങി. ജൈവകൃഷി പ്രചരിപ്പിക്കുവാനായി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നടത്തുന്ന 'എന്റെ കൃഷി എന്റെ ഭക്ഷണം' പ്രോജക്ടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പൂഞ്ഞാര്‍ കൃഷിഭവന്റെ സഹകരണത്തോടെ പ്രദേശത്തെ 1500 കുടുംബങ്ങളില്‍ ജൈവകൃഷിത്തോട്ടം ആരംഭിക്കുവാനുള്ള പദ്ധതിയാണ് ഇത്. കര്‍ഷകവേഷം ധരിച്ച കുട്ടികള്‍ വാദ്യോപകരണമായ കൊമ്പ് ഉപയോഗിച്ച് 'ജൈവ കാഹളം' മുഴക്കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിങ്ങമാസത്തിനും കര്‍ഷകദിനത്തിനും സ്വാഗതമോതി നൃത്തച്ചുവടുകളോടെ പെണ്‍കുട്ടികള്‍ നടത്തിയ കര്‍ഷക ഗാനവും വീഡിയോ പ്രദര്‍ശനവും ശ്രദ്ധേയമായി.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര കൃഷി ഓഫീസര്‍ എം.എ.റഫീക്ക് മുഖ്യപ്രഭാഷണം നടത്തുകയും പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI,പി.റ്റി.എ. പ്രസിഡന്റ് ജോസ് വലിയപറമ്പില്‍, എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപിക സി.ഗ്രേസ് FCC, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. സ്കൂളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങളില്‍ ജൈവ കൃഷിത്തോട്ടം ആരംഭിക്കുതോടൊപ്പം മുതിര്‍ന്ന കുട്ടികള്‍ അവരുടെ അയല്‍ വീടുകളിലും ജൈവകൃഷിയുടെ സന്ദേശം എത്തിക്കും.
Subscribe to:
Posts (Atom)