Thursday, August 27, 2015

ഫാ. എമ്മാനുവേല്‍ തെള്ളി CMI-യുടെ നിര്യാണം സഭയ്ക്കും നാടിനും തീരാ നഷ്ടം..


      പൂഞ്ഞാര്‍ : സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രവിശ്യാംഗവും പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമാംഗവുമായിരുന്ന ഫാ. എമ്മാനുവേല്‍ തെള്ളിയില്‍ CMI (91) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍. മൃതദേഹം രാവിലെ 9.30-ന് പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമത്തില്‍ കൊണ്ടുവരും. 

   ഭാരതത്തിലെ അറിയപ്പെടുന്ന സുറിയാനി ഭാഷാ പണ്ഡിതനായിരുന്നു അന്തരിച്ച ഫാ. എമ്മാനുവേല്‍ തെള്ളി CMI. 1953 ഡിസംബര്‍ എട്ടിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാന്നാനം, മുത്തോലി, കോഴിക്കോട്, കൂടത്തായ്, പൂഞ്ഞാര്‍, പാലാ, അമനകര, കപ്പാട്, മാനന്തവാടി, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാന്നാനം KE കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും അമനകര സെന്റ് പയസ് ITC യുടെ പ്രഥമ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ബ്രൂക്ക് ലിന്‍ രൂപതയില്‍ അജപാലന ശുശ്രൂഷ ചെയ്ത അദ്ദേഹം 1964-67 കാലഘട്ടത്തില്‍ ഇറാക്കിലെ വൈദിക വിദ്യാര്‍ഥികളെ കല്‍ദായി സുറിയാനി വ്യാകരണം പഠിപ്പിക്കുകയും മിഷനറി പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. 

        സീറോ മലബാര്‍ സഭയുടെ കനോന നമസ്ക്കാരങ്ങളും പാട്ടുകളും സുറിയാനിയില്‍നിന്ന് വിവര്‍ത്തനം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ചത് എമ്മാനുവേലച്ചനായിരുന്നു. സുറിയാനി സഭയുടെ പ്രഭാത പ്രാര്‍ഥനയായ സപ്രായിലെ 'പുലരിപ്രഭയില്‍ കര്‍ത്താവേ.. സാമോദം നിന്‍ ദാസരിതാ..' എന്ന ഗാനം അദ്ദേഹം എഴുതിയതാണ്. പൗരസ്ത്യ സഭാ പണ്ഡിതനായ ഫാ. പ്ലാസിഡ് CMIയുടെ ശിഷ്യനായ അദ്ദേഹം സുറിയാനി - ഇംഗ്ലീഷ്, മലയാളം നിഘണ്ടുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകള്‍ രചിച്ചിട്ടുണ്ട്. നാലു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കത്തെഴുതിയിരുന്നത് കവിതാ രൂപത്തിലായിരുന്നു. കൂടാതെ 10 പുസ്തകങ്ങളും 50 ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. 

       നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഫാ. എമ്മാനുവേല്‍ തെള്ളി ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോമിയോ ചികിത്സയിലും പ്രാവീണ്യമുണ്ടായിരുന്നു. സന്യാസ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് തികഞ്ഞ ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. (വിവരങ്ങള്‍ക്ക് കടപ്പാട് - ദീപിക ദിനപത്രം)

Rev. Fr. Emmanuel Thelly C.M.I., bids farewell to the world in his poem
"Yaathraa Mangalam"

No comments:

Post a Comment