Saturday, August 29, 2015

തിരുവോണനാളില്‍ ഇല്ലിക്കല്‍ മലനിരകളിലെത്തിയത് നൂറുകണക്കിന് സഞ്ചാരികള്‍..


അടുക്കം : പുതിയ പാത തുറന്നതിനുശേഷമുള്ള എറ്റവും വലിയ ജനത്തിരക്കാണ് ഇല്ലിക്കല്‍ മലയില്‍ ഈ തിരുവോണനാളില്‍ ഉണ്ടായത്. വൈകുന്നേരം മൂന്നിനുശേഷം മാത്രം ഇരുന്നൂറിലധികം കാറുകളാണ് സഞ്ചാരികളേയുംകൊണ്ട് അടുക്കം വഴി ഇല്ലിക്കലേയ്ക്ക് കടന്നുപോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൂടാതെ നിരവധി ഇരുചക്ര വാഹനങ്ങളും. ടാറിങ്ങ് തീരുന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്ററോളം താഴെവരെ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. പാര്‍ക്കിങ്ങിനുള്ള അസൗകര്യമാണ് സഞ്ചാരികളെ അലട്ടുന്ന പ്രധാന പ്രശ്നം. 
      ഈരാറ്റുപേട്ടയില്‍നിന്ന് വാഗമണ്‍ റൂട്ടില്‍ തീക്കോയിലെത്തി അവിടെനിന്ന് അടുക്കം, മേലടുക്കം വഴിയുള്ള പുതിയ പാതയിലൂടെ ഇല്ലിക്കല്‍ മലയില്‍ എത്തുന്നതാണ് ഏറ്റവും എളുപ്പം. ഈരാറ്റുപേട്ടയില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരം. സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ മൂന്നിലവ്, തലനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിനെയും മൂന്നാര്‍ ടോപ് സ്റ്റേഷനെയും അനുസ്മരിപ്പിക്കുന്ന പ്രകൃതി ഭംഗിയും കാലാവസ്ഥയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. 
      യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയായിരുന്നു ഇവിടെനിന്നും ഇത്രയും നാള്‍ സഞ്ചാരികളെ അകറ്റി നിര്‍ത്തിയിരുന്നത്. സാഹസികര്‍ മാത്രം എത്തിയിരുന്ന ഈ മലയുടെ ചുവടുവരെ ഇപ്പോള്‍  ആര്‍ക്കും വാഹനത്തില്‍  എത്താം. ഇരുപത്തിരണ്ടോളം ഹെയര്‍ പിന്‍ വളവുകള്‍ തിരിഞ്ഞുള്ള ഈ യാത്രതന്നെ നമ്മെ ഹരം പിടിപ്പിക്കും. വിതി കുറവുള്ള റോഡ് ആയതിനാല്‍ ഡ്രൈവിംഗില്‍ ശ്രദ്ധവേണം എന്നുമാത്രം. അവസാന അഞ്ചുകിലോമീറ്ററോളം ദൂരം ആദ്യ രണ്ടു ഗിയറുകളില്‍തന്നെ വാഹനം ഓടിക്കേണ്ടിവരും. 
      ഇല്ലിക്കല്‍ താഴ്വര പിന്നിട്ട് കയറ്റം കയറുമ്പോള്‍ ഇരുവശത്തും മൊട്ടക്കുന്നുകള്‍. ഇവിടെ ചിറ്റീന്തുകളും പുല്ലും തഴച്ചുവളരുന്നു. ടാറിംഗ് അവസാനിക്കുന്നിടത്തുനിന്ന് (ഇപ്പോള്‍ ടാറിങ്ങില്ലാത്ത കുറച്ചു ഭാഗം കടക്കുമ്പോള്‍ വിണ്ടും അരക്കിലോമീറ്ററോളം ടാര്‍ ചെയ്ത റോഡ് ഉണ്ട് എങ്കിലും മണ്ണിളകിയ ഭാഗത്തുകൂടി വാഹന സഞ്ചാരം ഒഴിവാക്കുന്നതാണ് നല്ലത്) ഒരു മൊട്ടക്കുന്ന് കയറുവാന്‍ തുടങ്ങുന്നതേ ഇല്ലിക്കല്‍ കല്ലിന്റെ മനോഹര ദൃശ്യം തൊട്ടുമുന്‍പില്‍ കാണാം. കുന്നുകയറുവാന്‍ ബുധിമുട്ടുള്ളവര്‍ക്ക് ഇവിടെ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാവുന്നതാണ്. ചുറ്റുപാടും ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷവും ഇളം കാറ്റുമെല്ലാം കണ്ണും മനസും കുളിര്‍പ്പിക്കും. തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ സമീപ പ്രദേശങ്ങളുടെ ദൂരെക്കാഴ്ച്ച ഏറെ ആകര്‍ഷണീയമാണ്.
      ഒറ്റയടിപ്പാതയിലൂടെ മുന്നൂറ് മീറ്ററോളം കുന്ന് കയറിയാല്‍ ഇല്ലിക്കല്‍കുന്നിന് അഭിമുഖമായി ഉയരത്തില്‍ എത്താം. സഞ്ചാരികള്‍ എല്ലാവരും തന്നെ ഇവിടെവരെ എത്തും. ഇവിടെനിന്ന് അമ്പതുമീറ്ററോളം കുന്നിറങ്ങിയാല്‍ ഇല്ലിക്കല്‍ കല്ലിലേയ്ക്ക് കടക്കുന്ന, ഏതാണ്ട് നൂറുമീറ്റര്‍ ദൈര്‍ഘ്യമുള്ള 'നരകപാല'ത്തിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതുകടന്ന് ഇല്ലിക്കല്‍കല്ലില്‍ കയറാം. പക്ഷേ ഈ യാത്ര അപകടം നിറഞ്ഞതാണ്. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. 
      സഞ്ചാരികളുടെ വരവു കൂടിയതിനാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ വികസിപ്പിക്കേണ്ടതുണ്ട്. അതിനു കാലതാമസമുണ്ടായിക്കൂട. കാരണം ഈ തിരക്ക് ഇനിയും കൂടും. ഒന്നുവന്നവര്‍ പിന്നെയും ഇവിടെയെത്തും, കൂട്ടുകാരെയും വീട്ടുകാരെയും കൂട്ടി. തീര്‍ച്ച.

No comments:

Post a Comment