Thursday, August 13, 2015

ജൈവ കാഹളം മുഴക്കി കുട്ടികള്‍ നാടിനു മാതൃകയായി..



         പൂഞ്ഞാര്‍ : തൊപ്പിപ്പാള ധരിച്ച കുട്ടിക്കര്‍ഷകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ജൈവകാഹളം മുഴങ്ങി. ജൈവകൃഷി പ്രചരിപ്പിക്കുവാനായി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നടത്തുന്ന 'എന്റെ കൃഷി എന്റെ ഭക്ഷണം' പ്രോജക്ടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
പൂഞ്ഞാര്‍ കൃഷിഭവന്റെ സഹകരണത്തോടെ പ്രദേശത്തെ 1500 കുടുംബങ്ങളില്‍ ജൈവകൃഷിത്തോട്ടം ആരംഭിക്കുവാനുള്ള പദ്ധതിയാണ് ഇത്. കര്‍ഷകവേഷം ധരിച്ച കുട്ടികള്‍ വാദ്യോപകരണമായ കൊമ്പ് ഉപയോഗിച്ച് 'ജൈവ കാഹളം' മുഴക്കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിങ്ങമാസത്തിനും കര്‍ഷകദിനത്തിനും സ്വാഗതമോതി നൃത്തച്ചുവടുകളോടെ പെണ്‍കുട്ടികള്‍ നടത്തിയ കര്‍ഷക ഗാനവും വീഡിയോ പ്രദര്‍ശനവും ശ്രദ്ധേയമായി.
      യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഡോ.ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര കൃഷി ഓഫീസര്‍ എം.എ.റഫീക്ക് മുഖ്യപ്രഭാഷണം നടത്തുകയും പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI,പി.റ്റി.എ. പ്രസിഡന്റ് ജോസ് വലിയപറമ്പില്‍, എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപിക സി.ഗ്രേസ് FCC, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു. സ്കൂളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങളില്‍ ജൈവ കൃഷിത്തോട്ടം ആരംഭിക്കുതോടൊപ്പം മുതിര്‍ന്ന കുട്ടികള്‍ അവരുടെ അയല്‍ വീടുകളിലും ജൈവകൃഷിയുടെ സന്ദേശം എത്തിക്കും.

2 comments: