മലയാളത്തനിമ നിറഞ്ഞതും നിറപ്പകിട്ടാര്‍ന്നതുമായ കേരളപ്പിറവി ആഘോഷമാണ് നവംബര്‍ ഒന്നിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നത്. 'നവകേരളം എന്റെ ഭാവനയില്‍ ' എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ഉപന്യാസ-കഥാ-കവിതാ-ചിത്രരചനാ മത്സരങ്ങള്‍ നടത്തി.
സ്കൂളിലെ എല്ലാ കുട്ടികളും ഈ മത്സരത്തില്‍ പങ്കെടുത്ത് നവകേരളത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ പങ്കുവച്ചു. നവംബര്‍ ഒന്നിന് രാവിലെ, സ്കൂളിലെ ചാവറ ഹാളില്‍ ആരംഭിച്ച പോസ്റ്റര്‍ പ്രദര്‍ശനത്തോടെ മലയാളദിനാചരണത്തിന് തുടക്കമായി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെയും കവികളെയും പരിചയപ്പെടുത്തുന്ന നൂറോളം പോസ്റ്ററുകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞുനടന്ന പൊതുസമ്മേളനം ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെ്തു. യു.പി. കുട്ടികള്‍ അവതരിപ്പിച്ച രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം, മലയാളി മങ്ക - മലയാളി ശ്രീമാന്‍ മത്സരമായിരുന്നു. മൂന്നു റൗണ്ടുകളായി നടന്ന മത്സരത്തില്‍ നാല്‍പ്പത് കുട്ടികള്‍ പങ്കെടുത്തു. രണ്ടാം റൗണ്ടിലെ, പൊതുവിജ്ഞാന പരിശോധനാ ചോദ്യങ്ങളെ അതിജീവിച്ച് ഒന്‍പത് കുട്ടികളാണ് ഫൈനലില്‍ എത്തിയത്. 'കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ നവകേരള സൃഷ്ടിക്കായി എന്തുചെയ്യും?' എന്ന ചോദ്യത്തിനായിരുന്നു അവര്‍ അവസാന റൗണ്ടില്‍ ഉത്തരം പറയേണ്ടിയിരുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ മരിയ ജോസഫ്, മാര്‍ട്ടിന്‍ ബെന്നി എന്നിവര്‍ മലയാളി മങ്കയായും ശ്രീമാനായും തെരഞ്ഞെടുക്കപ്പെട്ടു.
എട്ട്, ഒന്‍പത് ക്ലാസുകളിലെ എല്ലാ ഡിവിഷനുകളില്‍നിന്നും പത്തുപേരടങ്ങിയ ടീമുകള്‍ കവിതകള്‍ അവതരിപ്പിച്ചു. സ്കൂള്‍ ഗായക സംഘം അവതരിപ്പിച്ച കേരള ഗാനം ശ്രദ്ധേയമായി. മലയാളദിന പ്രതിജ്ഞ, ലളിതഗാനം, പ്രഭാഷണം, വീഡിയോ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ. ജോസഫ് സമാപന സന്ദേശം നല്‍കുകയും വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വ്വഹിക്കുകയും ചെയ്തു. സ്കൂളിലെ മുന്‍ സംഗീത അധ്യാപിക ശ്രീമതി. ആലീസ് ജേക്കബ് മുഖ്യ ജഡ്ജ് ആയിരുന്നു. രചന മത്സരങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളുടെ കൃതികള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കൈയെഴുത്തു മാസിക സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഡെന്നി പുല്ലാട്ട് ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിന്‍ കുരുവിള നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണത്തോടെയാണ് ആഘോഷ പരിപാടികള്‍ അവസാനിച്ചത്.
പരിപാടിയുടെ പ്രസക്തഭാഗങ്ങള്‍ അടങ്ങിയ 5 മിനിട്ട് വീഡിയോ ചുവടെ..
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു..