Monday, May 7, 2012

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (NPR) അംഗമാകുവാനുള്ള അവസരം നഷ്ടപ്പെടുത്തരുത്..!

            രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബയോമെട്രിക് വിവരശേഖരണം ഇപ്പോള്‍ നടന്നു വരികയാണ്. പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ മെയ് മാസം വിവിധ തീയതികളിലായി വിവര ശേഖരണ ക്യാമ്പ് നടക്കും.  ആളുകളുടെ ഫോട്ടോഗ്രാഫും വിരലടയാളവും ഐറിസ് ഇമേജുമാണ് ഈ ഘട്ടത്തില്‍ ശേഖരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കാര്‍ഡ് എല്ലാ ഭാരതീയര്‍ക്കും നിര്‍ബന്ധമാക്കും എന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നത് ഉചിതമായിരിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല.
            എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തിക്കുന്ന INTIMATION SLIP-കള്‍ സൂക്ഷ്മമായി പരിശോധിക്കുക. ഓരോ സ്ലിപ്പിന്റെയും ചുവടെയായി ക്യാമ്പ് നടക്കുന്ന സെന്ററിന്റെ പേരും അവിടെ ആളുകള്‍ കുടുംബസമേതം എത്തേണ്ട ദിവസവും ഏകദേശ സമയവും കുറിച്ചിട്ടുണ്ടാകും. മൂന്നു ദിവസത്തില്‍ എന്നു വേണമെങ്കിലും ക്യാമ്പില്‍ ഫോട്ടോ എടുക്കാനായി എത്താമെങ്കിലും ഈ ദിവസവും സമയവും പാലിച്ചാല്‍ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനാകും. സ്ളിപ്പില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള അവസരവും അവിടെ ഉണ്ടാകും. ഇന്റിമേഷന്‍ സ്ളിപ്പിന്റെ മാതൃക ചുവടെ ചേര്‍ക്കുന്നു.
            കൂടാതെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പേപ്പറും ഇന്റിമേഷന്‍ സ്ളിപ്പിനൊപ്പം ലഭിക്കും. ഇതിന്റെ മറുവശത്ത് കുടുംബാംഗങ്ങള്‍ എല്ലാവരുടെയും പേരും അവര്‍ക്ക് ലഭ്യമായിരിക്കുന്ന തിരിച്ചറിയല്‍ രേഖകളും എഴുതേണ്ട കോളങ്ങളുണ്ട്. ഓരോ വ്യക്തിയുടെയും പേരിനു നേരേ , കോളങ്ങളില്‍ പറഞ്ഞിരിക്കുന്ന എട്ട് തിരിച്ചറിയല്‍ രേഖകളില്‍ അവര്‍ക്കുള്ള കാര്‍ഡുകളുടെയെല്ലാം നമ്പര്‍ രേഖപ്പെടുത്തണം. ക്യാമ്പുകളില്‍ എത്തുമ്പോള്‍ ഈ രേഖകളുടെ ഒറിജിനല്‍ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ലിസ്റ്റില്‍ പേര് വരാത്തവര്‍ക്കും പുതുതായി ചേര്‍ക്കാനുള്ളവര്‍ക്കും ക്യാമ്പില്‍ എത്തി അപേക്ഷ നല്‍കാവുന്നതാണ്. ഇങ്ങനെയുള്ളവരുടെ  ബയോമെട്രിക് വിവരശേഖരണത്തിനായി മറ്റൊരു ക്യാമ്പ് നടക്കും.
    നിര്‍ദ്ദേശങ്ങളുടെയും ക്യാമ്പില്‍ പൂരിപ്പിച്ചു കൊണ്ടുവരേണ്ട വിവരങ്ങളുടെയും മാതൃക ചുവടെ ചേര്‍ത്തിരിക്കുന്നു.

 

No comments:

Post a Comment