Tuesday, July 2, 2013

കേരളത്തിന്റെ ചുവരുകളില്‍ അശ്ലീലത നിറയുമ്പോള്‍..!

            സിനിമകളും ടിവി ചാനലുകളും സഭ്യതയുടെ അതിരുകടക്കുന്ന പരിപാടികളുമായി റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. വാര്‍ത്താ ചാനലുകള്‍പോലും, ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങള്‍ യാതൊരു മറയുമില്ലാതെ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുട്ടികളുമൊത്തിരുന്ന് വാര്‍ത്തപോലും കാണുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കുടുംബങ്ങള്‍. കുട്ടികള്‍ക്കായുള്ള ചാനലുകളില്‍വരുന്ന പല ആനിമേറ്റഡ്  സിനിമകളും പ്രോഗ്രാമുകളും, അക്രമങ്ങളും ക്രൂരതയും നിറഞ്ഞവയാണ്. സിനിമാ പോസ്റ്ററുകളില്‍ അശ്ലീലത പണ്ടുമുതല്‍തന്നെ കാണുന്നതാണ്. എന്നാല്‍ അടുത്തനാളില്‍ സെക്സും വയലന്‍സും ഒരുപോലെ വില്‍പ്പനച്ചരക്കാക്കുന്ന പോസ്റ്ററുകള്‍ കേരളത്തിന്റെ സാംസ്ക്കാരിക ചുവരുകളെ മലീനസമാക്കിക്കൊണ്ടിരിക്കുകയാണ്.
            കേരളത്തിലെമ്പാടും പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു തമിഴ് ചിത്രത്തിന്റെ പോസ്റ്ററാണ് ഈ കമന്റെഴുതുവാന്‍ പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ ചിത്രമാണ് ആദ്യം ആളുകള്‍ ശ്രദ്ധിക്കുവാന്‍ സാധ്യത. ഇതിനേക്കാള്‍ അശ്ലീലമായ പോസ്റ്ററുകള്‍ കാണാറുണ്ടല്ലോ എന്നുപറയുന്നവര്‍ അതിനു ചുവടെയുള്ള ചിത്രംകൂടി ശ്രദ്ധിക്കുക. കുറെ ഭാഗം കീറിമാറ്റുകയും മറ്റുള്ള ഭാഗങ്ങള്‍ ഞങ്ങള്‍  അവ്യക്തമായി  നല്‍കുകയും  ചെയ്തിരിക്കുന്നതിനാല്‍ കാര്യം വിശദീകരിക്കാം. നിലത്തുകിടക്കുന്ന യുവതിയെ മറ്റൊരു യുവതി ബലമായി പിടിച്ചിരിക്കുന്നു. തലഭാഗത്തിരിക്കുന്ന യുവാവ് ഒരു കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്ത് മുറിയ്ക്കുകയാണ്.. കഴുത്ത് പാതി മുറിഞ്ഞിരിക്കുന്നതും രക്തം ചീറ്റി ഒഴുകുന്നതും പോസ്റ്ററില്‍ വ്യക്തമായി കാണാം.. ഹൃദയത്തില്‍ അല്‍പ്പമെങ്കിലും ആര്‍ദ്രത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് രണ്ടാമതൊന്നു നോക്കുവാന്‍ കഴിയാത്ത ചിത്രം..!
            ഈ കാഴ്ച്ച കേരളത്തിലെ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. സിനിമകളും ടി.വി. ചാനലുകളും റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാം. പക്ഷേ നാടൊട്ടുക്കുമുള്ള ഇത്തരം പരസ്യചിത്രങ്ങള്‍ ആരു നിയന്ത്രിക്കും..? സ്വര്‍ണ്ണക്കടകളുടെയും സാരിക്കടകളുടെയും തുടങ്ങി ഏതു പരസ്യങ്ങളും ഇന്ന് നഗ്നതാ പ്രദര്‍ശനത്തിന്റെ വേദിയായി മാറിക്കഴിഞ്ഞു. കുഞ്ഞുമനസുകളില്‍ വിഷവിത്തുകള്‍ പാകിയിട്ട് , മുതിര്‍ന്നുകഴിഞ്ഞ് ബോധവത്ക്കരണം നടത്തിയതുകൊണ്ട് എന്തു പ്രയോജനം..?
           സോള്‍ജിയര്‍ എന്നപേരില്‍ ഒരു ഇംഗ്ലീഷ് ചിത്രമുണ്ട്. സിനിമയില്‍ ക്രൂരനായ പട്ടാളക്കാരനെ സൃഷ്ടിച്ചെടുക്കുന്ന രീതി കാണിക്കുന്നത് ഇപ്രകാരമാണ്.. ചെറുപ്രായത്തില്‍തന്നെ ആരോഗ്യമുള്ള കുട്ടിയെ  തെരഞ്ഞെടുക്കുന്നു. അവന്റെ മുന്നില്‍ ഭീകര ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു... ക്രൂരമായ പ്രവൃത്തികള്‍ കാണിക്കുന്നു.. മുതിര്‍ന്നുകഴിയുമ്പോള്‍ എന്തു ദുഷ്ട പ്രവൃത്തിയും ചെയ്യുന്ന മനുഷ്യമൃഗമായി അവന്‍ മാറുന്നു. ഇന്ന് നമ്മുടെ നാട്ടിലും ഇതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷിക്കുക... മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

6 comments:

  1. ചിന്തോദ്ദ്വീപകം

    ReplyDelete
  2. Relevant article... Please keep posting such matters.

    ReplyDelete
  3. കുട്ടികളുമൊത്തിരുന്ന് വാര്‍ത്താചാനലുകള്‍ പോലും കാണാന്‍ വയ്യാത്ത കാലം http://sathyamonline.com/inner/?id=88301658&cat=van

    ReplyDelete
  4. relevant comments. welcome similar postings.

    ReplyDelete