Sunday, October 6, 2013

മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാറിലെ കുരുന്നുകളും..

            മീനച്ചിലാറിനു പുതുജീവനേകാന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുരുന്നുകളും പ്രവര്‍ത്തനനിരതരാകുന്നു. 23 വര്‍ഷമായി മീനച്ചിലാര്‍ സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ പിന്തുണയോടെ സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് വിവിധ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. മീനച്ചില്‍ നദീസംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍, വിങ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ സഹകരണപത്രം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസിന്  കൈമാറി.
            മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനംമുതല്‍ കായലില്‍ അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍  വിവിധ സമയങ്ങളില്‍ പകര്‍ത്തി, നദീസംരക്ഷണ-ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന  ഒരു ഡോക്യുമെന്ററി ഫിലിം തയ്യാറാക്കുക എന്നതാണ് അന്റോണിയന്‍ ക്ലബ് അംഗങ്ങളുടെ ഒരു പ്രധാന ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  മീനച്ചിലാറിനെ സംരക്ഷിക്കുവാനായി തങ്ങളാലാകുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

കഴിഞ്ഞദിവസങ്ങളില്‍ മീനച്ചിലാറിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ചില ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. അവയിലൊന്ന് ചുവടെ ചേര്‍ക്കുന്നു.

തുള്ളിയൊഴുകിയിരുന്നു, ഒരു കാലം..
(മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ സുനീഷ് തോമസ് മീനച്ചിലാറിനെക്കുറിച്ചെഴുതിയത്..)
          
             ഈരാറ്റുപേട്ടയുടെ തലയ്ക്കു മുകളിലുള്ള കിഴക്കന്‍ മലനിരകളില്‍നിന്നു തുടങ്ങുന്ന ഒരു നിലവിളിയാണിപ്പോള്‍ മീനച്ചിലാര്‍. വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം ബണ്ടിനു ചുവട്ടില്‍ അതൊരു നേര്‍ത്ത കരച്ചിലായി ഇല്ലാതാവുന്നു.മീനച്ചിലാര്‍ ഒഴുകിയ വഴിയിലിപ്പോള്‍ വലിയൊരു അഴുക്കുചാല്‍ ബാക്കിയുണ്ട്. ഇതായിരുന്നില്ല ഒരു പതിറ്റാണ്ടിനു മുന്‍പു പോലും മീനച്ചിലാര്‍. പഴമക്കാരുടെ ഓര്‍മകളിലെ കടവുകളില്‍ കടത്തുവള്ളവും അക്കരെയിക്കരെ മുറ്റി ഒഴുകുന്ന നദിയുമുണ്ടായിരുന്നു.

             ആറ്റിലൂടെ ഒഴുകിവന്ന എക്കല്‍ മണ്ണിലാണ് നദിയുടെ ഇരുപുറവും ഫലഭൂയിഷ്ഠമായ സംസ്‌കാരം നാമ്പെടുത്തത്. തോണികളായിരുന്നു അന്നത്തെ ഒഴുകുന്ന കച്ചവടസ്ഥാപനങ്ങള്‍.വാഗമണ്‍ കുരിശുമലയുടെ പടിഞ്ഞാറേ ചെരുവിലുള്ള കുടുമുരുട്ടി മലയില്‍ ഐതിഹ്യം ഉരുള്‍പൊട്ടിയ സ്ഥലമുണ്ട്. അഗസ്ത്യ മഹര്‍ഷിയുടെ കമണ്ഡലു കവിഞ്ഞൊഴുകിയ പുഴ എന്നയര്‍ഥത്തിലാണത്രേ മീനച്ചിലാറിനു കവണാര്‍ എന്ന പേരുകിട്ടിയത്. ഇപ്പോഴും നാഗമ്പടം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ മീനച്ചിലാര്‍ കവണാര്‍ ആണ്.
           തമിഴ്‌നാട്ടില്‍നിന്നു വന്നവര്‍ നാടുവാണ കാലത്ത് കുലദൈവമായ മധുര മീനാക്ഷിയുടെ പേരിലൊരു നാടും നദിയും വേണമെന്ന് അവരാഗ്രഹിച്ചു. അങ്ങനെ മീനാക്ഷിയാര്‍ എന്ന വിളിപ്പേര് മീനച്ചിലാര്‍ എന്നായെന്നും ചരിത്രത്തിന്റെ കൈവഴികള്‍ പറയുന്നു.ആറിന്റെ തീരങ്ങളില്‍ ആറ്റുവഞ്ചി, കുമ്പിള്‍, കിഴിഞ്ഞില്‍, ഈറ്റ, തൊണ്ടി, കല്ലുരുക്കി തുടങ്ങിയ ഒട്ടേറെ ചെടികളുണ്ടായിരുന്നത് ഇന്നു കാണാനില്ല. കിടങ്ങൂര്‍ പഞ്ചായത്തിലെ കട്ടച്ചിറയ്ക്കു സമീപം രണ്ടര ഏക്കര്‍ പൊതുസ്ഥലത്ത് ആറിനോടു ചേര്‍ന്നുള്ള നദീതീര വനത്തില്‍ അഞ്ഞൂറോളം ആറ്റുവഞ്ചികള്‍ ബാക്കിയുള്ളതു ഭാഗ്യം.
             മീനച്ചിലാറുപോലെ പേരുകേട്ടതായിരുന്നു ആറ്റുകൊഞ്ച്.ആറ്റുവഞ്ചികള്‍ വെട്ടിക്കളഞ്ഞ് തീരം കെട്ടിയെടുത്തതോടെ ആറ്റുകൊഞ്ചുകളെ കാണാതായി. കല്ലേമുട്ടി, നെറ്റിയേല്‍പൊന്നന്‍, പള്ളത്തി, ആരോന്‍, വാള, കാരി, കുറുവ, പുല്ലന്‍, വരാല്‍ തുടങ്ങിയ മീനുകളൊന്നും ഇപ്പോള്‍ ആറ്റിലില്ല. പകരം, മറ്റൊന്നുണ്ടായി. തണ്ണീര്‍മുക്കത്തെ കായലരിപ്പയ്ക്ക് ഇടയിലൂടെ കായലില്‍നിന്ന് അനേകം കരിമീനുകള്‍ മീനച്ചിലാറ്റിലേക്കു കുടിയേറി.
            ഭരണങ്ങാനത്തെ വട്ടോളിക്കടവില്‍ ചൂണ്ടയിട്ടാലും ഇപ്പോള്‍ ഇഷ്ടംപോലെ കരിമീന്‍ കിട്ടും. പണ്ട്, വിശാലമായ മണല്‍പ്പരപ്പിനു മുകളിലൂടെയായിരുന്നു മീനച്ചിലാര്‍ ഒഴുകിയിരുന്നത്. ഇന്നിപ്പോള്‍, മണല്‍വാരിയ ചെളിക്കുഴികള്‍ മാത്രമായി. ആറ്റുപൊന്തകളിലെ പൊന്മാന്‍, കുളക്കോഴി, നീര്‍കാക്ക, ഉപ്പന്‍ തുടങ്ങിയവയെല്ലാം പൊന്തകള്‍ ഇല്ലാതായതോടെ ഓര്‍മകളിലെ ചിറകടി മാത്രമായി.
ബുക്കര്‍ പ്രൈസിലേക്ക് അരുന്ധതി റോയിക്ക് അക്ഷരക്കപ്പലോടിക്കാന്‍ വഴിയൊരുക്കിയതു മീനച്ചിലാറാണ്.

             അയ്മനത്തെ വീടും മീനച്ചിലാറിലെ പള്ളത്തിയുമെല്ലാം ലോകസാഹിത്യത്തില്‍ അരുന്ധതി റോയിയെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു നദി ഒരു സംസ്‌കാരം തന്നെയാണ് എന്നതിന് ഇനിയും തെളിവു വേണ്ടല്ലോ...!ഒരുപുഴയില്‍ ഒന്നിലേറെ തവണ കുളിക്കാന്‍ പറ്റില്ലെന്നാണല്ലോ ലാവണ്യശാസ്ത്രം. എന്നാല്‍, മീനച്ചിലാറിലേക്കു വരിക. എത്ര തവണ വേണമെങ്കിലും ഒരേപുഴയില്‍ കുളിക്കാം. മഴ പെയ്യുമ്പോള്‍ മാത്രം ഒഴുകാനേ ഇപ്പോള്‍ മീനച്ചിലാറിനു ശേഷിയുള്ളൂ...!!!

സുനീഷ് തോമസ്, മലയാളമനോരമ (03/10/2013)

1 comment:

  1. The people should realise that, once the environment is destroyed, it's impossible to revive it.The Meenachil river exists in its name only. After the recent floods, the river returned to its pathetic condition in a few days.The river is the integral part of the people's wealth and culture.At least in this eleventh hour, everybody should cooperate to protect the river.

    ReplyDelete