Wednesday, May 28, 2014

സംസ്ഥാന സിലബസിന്റെ മേന്മകള്‍ തിരിച്ചറിയുക ..


      അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട്  മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു. 
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. 
പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു. 
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. 
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ്  തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി. 
  പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്. 
ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്. 
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്. 
പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍  പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.
ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
      നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി,  കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 
ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.. 

12 comments:

  1. First, All teachers must join their children in their own(Govt or Aided)schools.Then there is no need of any notice or advertisement.

    ReplyDelete
    Replies
    1. പൂര്‍ണ്ണമായും ശരിയാണ്. ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്ന ഒരധ്യാപകനും തന്റെ മക്കളെ മറ്റൊരു സ്കൂളില്‍ അയയ്ക്കുവാന്‍ സാധിക്കില്ല. ഈ കാര്യത്തില്‍ അധ്യാപക സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാന സിലബസിന്റെ മേന്മകള്‍ മാത്രം സൂചിപ്പിക്കുന്ന ലേഖനമായതിനാലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കാതിരുന്നത്. തലകുനിക്കാതെതന്നെ എനിക്കീ കാര്യങ്ങള്‍ എഴുതാം. കാരണം എന്റെ മകന്‍ പഠിക്കുന്നത് സംസ്ഥാന സിലബസിലുള്ള എയ്ഡഡ് സ്കൂളിലാണ്.

      Delete
  2. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
    Wrong Statement, because the % of state Syll. Students is very low ie only 300/60000
    but the % of CBSE students out of 1000 is very High 600/17000

    ReplyDelete
    Replies
    1. ലേഖനം വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ആദ്യം തന്നെ നന്ദി പറയട്ടെ. പക്ഷേ, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യ 1000 റാങ്കില്‍ എത്തിയവരുടെ കാര്യമാണ് ഞാന്‍ ലേഖനത്തില്‍ എഴുതിയതെന്നത് ശ്രദ്ധിക്കുമല്ലോ.. കൃത്യമായ കണക്കുകള്‍ ഇപ്രകാരമാണ് : ആദ്യ 1000 റാങ്കിനുള്ളില്‍ എത്തിയ സ്റ്റേറ്റ് സിലബസുകാര്‍ - 491, സി.ബി.എസ്.ഇ. പഠിച്ചവര്‍ - 475, ഐ.സി.എസ്.ഇ. സിലബസുകാര്‍ - 30. ബാക്കി മറ്റു സിലബസുകാരും. (ദീപിക, മെയ് 16, പേജ് - 5, കോട്ടയം എഡിഷന്‍). ലേഖനത്തിലെ കണക്കുകളില്‍ യാതൊരു തെറ്റുമില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ..

      Delete
  3. congratulations for the eye opening letter. Now a days parents have a misconcept that their child is to be sent to a CBSE or ICSE etc school for attaining good future. It is entirely wrong. In many aspect formation getting in govt or aided schools are far better especially in the field of social commitment.

    ReplyDelete
  4. It is good and thought provoking.Try to publish it in news paper as an article. It will helpful to open the eyes of parents.

    ReplyDelete
    Replies
    1. Thank you.. എല്ലാ ദിനപത്രങ്ങളിലും കത്തുകളുടെ കോളത്തിലേയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷേ വിഷയമിതായതിനാല്‍ വലിയ പ്രതീക്ഷയില്ല.

      Delete
  5. ലേഖനം തയ്യാറാക്കിയപ്പോള്‍ വിട്ടുപോയ ഒന്നാണ് സംസ്ഥാന സിലബസില്‍ ഇപ്പോഴുള്ള കംപ്യൂട്ടര്‍ പരിശീലനം. ഇപ്പോള്‍ അത് കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍, ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത് എന്നകാര്യവും ശ്രദ്ധിക്കുക..

    ReplyDelete
  6. ടോണിസാറിന്റെ നല്ല ഉദ്യമം കാണാന്‍ വൈകിയതില്‍ ക്ഷമാപണം......കലക്കി സാറെ...എന്റെ രണ്ടു കുട്ടികളും കുന്നോന്നിയിലെ മലയാളം മീഡിയം സ്കൂളിലാനണ് പഠിക്കുന്നത്.....B'coz I believe in the quality of the malayalam medium syllabus....Let more parents join hands with this good venture... May God bless Your initiative....Congrats again....

    ReplyDelete
  7. ഈ ലേഖനം ഇന്ന് (മെയ് 31, ശനി) ദീപിക ദിനപത്രത്തിന്റെ ആറാം പേജില്‍ , കത്തുകളുടെ കോളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട ഈ വിഷയത്തിനായി അരപ്പേജ് നീക്കിവച്ച ദീപികയോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.

    ReplyDelete
  8. ഇന്ന് മാത്സ് ബ്ലോഗില്‍ ( www.mathsblog.in ) ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളും ശ്രദ്ധേയമാണ്. Please visit www.mathsblog.in

    ReplyDelete