|
പൂഞ്ഞാര്‍ ബ്ലോഗ് ടീം |
കുട്ടികളുടെ സ്കൂള്‍ ബ്ലോഗായി തുടക്കം... പിന്നീട് പ്രാദേശിക വിശേഷങ്ങള്‍കൂടി ചേര്‍ത്തപ്പോള്‍ ' ലോക്കല്‍ ബ്ലോഗ് ' എന്ന വിശേഷണം... വിദ്യാഭ്യാസ ഉപജില്ലാ-ജില്ലാ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് വീണ്ടും വിപുലീകരണം... കോട്ടയം റവന്യൂ ജില്ലാ കലോത്സവ റിസല്‍ട്ടുകള്‍ ഓണ്‍ലൈനായി നല്‍കിയതോടെ ജില്ലയുടെ ശ്രദ്ധാകേന്ദ്രം... വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുകയും ഈ വിശേഷങ്ങള്‍ മലയാളത്തിലെ പ്രശസ്തമായ ചില ബ്ലോഗുകള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ ' ബൂലോകത്തെ ' (ഇന്റര്‍നെറ്റിലെ മലയാളം ബ്ലോഗുകളുടെ കൂട്ടായ്മ) പുതിയ അതിഥി എന്ന പരിവേഷം. ഒരു വര്‍ഷം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങളാണ് പൂഞ്ഞാര്‍ ബ്ലോഗ് കരസ്ഥമാക്കിയിരിക്കുന്നത്. അടുത്തനാളില്‍ നടന്ന , CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ തത്സമയ സംപ്രേഷണം 'വെബ് സ്ട്രീമിംഗിലൂടെ' നടത്തി ബ്ലോഗ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യു.പി. , ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങളാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്റോണിയന്‍ ക്ലബിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് 'പൂഞ്ഞാര്‍ ബ്ലോഗ് '. ക്ലബ് അംഗങ്ങളായ കുട്ടികള്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും കൂടാതെ വിദ്യാഭ്യാസ സംബന്ധമായ വിശേഷങ്ങളും കണ്ടത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ഇത് പ്രസിദ്ധീകരണ യോഗ്യമാക്കുന്നു. കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുന്നതിനും മാധ്യമ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി , 2007-ല്‍ 'അന്റോണിയന്‍ ' എന്ന പേരില്‍ സ്കൂളില്‍നിന്ന് ആരംഭിച്ച ത്രൈമാസ പ്രസിദ്ധീകരണമാണ് ഇന്ന് പൂഞ്ഞാര്‍ ബ്ലോഗിന്റെ രൂപത്തില്‍ വിരല്‍ത്തുമ്പില്‍ വിരിയുന്ന വിശേഷങ്ങളുമായി ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നില്‍ എത്തുന്നത്. തുടക്കത്തില്‍ പൂഞ്ഞാര്‍ ന്യൂസ് എന്ന പേരാണ് നല്‍കിയിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
|
റ്റോണി പുതിയാപറമ്പില്‍ |
വിദ്യാഭ്യാസ അറിയിപ്പുകളും പ്രാദേശിക വിശേഷങ്ങളും മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നു. ഹോം പേജ് കൂടാതെ സ്കൂള്‍ വിശേഷങ്ങള്‍ക്കും വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കും കലാ-സാഹിത്യ രചനകള്‍ക്കുമായി പ്രത്യേക പേജുകള്‍ , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links' തുടങ്ങിയ പേജുകളും പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു.
സ്കൂളിലെ അദ്ധ്യാപകനായ റ്റോണി പുതിയാപറമ്പില്‍ നേതൃത്വം നല്‍കുന്ന ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI,ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , PTA തുടങ്ങിയവര്‍ ശക്തമായ പിന്തുണയും നല്‍കുന്നു.
ബ്ലോഗിന്റെ വിലാസം : www.poonjarblog.com