Saturday, February 4, 2012

PSC-യില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ നടത്താത്തവരുടെ ശ്രദ്ധയ്ക്ക്..

            പിഎസ് സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ജനുവരി ഒന്നിന്  ആരംഭിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.org-യില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം.  ഒറ്റത്തവണ രജിസ്ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്താനോ ഒന്നിലേറെ രജിസ്ട്രേഷനുകള്‍ നടത്താനോ പാടില്ല. വിവിധ തസ്തികകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനു മുന്‍പ്   ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ യോഗ്യതയും തൊഴില്‍ പരിചയവും രേഖപ്പെത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള  സംശയനിവാരണത്തിന്  പി എസ് സി യുടെ കോള്‍സെന്ററില്‍ (0471 2554000)ബന്ധപ്പെടാവുന്നതാണ്.
ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.. 

പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.org തുറക്കുക
One-Time Registration എന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക. അപ്പോള്‍ രജിസ്ട്രേഷനുള്ള പേജ് സ്ക്രീനില്‍ തെളിയും. ഈ പേജില്‍ രണ്ടു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

1 പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിന് ..
2 രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ എത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍..

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1 ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍  New Registration ( sign up) ലിങ്ക് ക്ലിക്ക് ചെയ്യുക.
2 രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ ലൈന്‍ ഫോം അപ്പോള്‍ സ്ക്രീനില്‍ തെളിയും.
3 ആദ്യമായി ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ അപ് ലോഡ് ചെയ്യണം . 150 px X 200 px വലിപ്പത്തിലുള്ള ഫേട്ടോയാണ് അപ് ലോഡ്  ചെയ്യേണ്ടത്. സ്കാന്‍ ചെയ്ത ഫോട്ടോയുടെ വലിപ്പം 30 kb യില്‍ കവിയരുത്.
4 ഇനി 150 px X 100 px വലുപ്പമുള്ള സ്കാന്‍ചെയ്ത കൈയൊപ്പ് അപ് ലോഡ് ചെയ്യണം. ഇതിന്റെ വലിപ്പവും 30 kb യില്‍ കവിയരുത്.
5 ഉദ്യോഗാര്‍ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ ഇനി രേഖപ്പെടുത്തണം. ഇതിലേയ്ക്ക് പ്രത്യേകം കോളങ്ങളുണ്ട്. പേരും ജനനത്തീയതിയും രണ്ടുപ്രാവിശ്യം വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്നു പൊരുത്തമുള്ളതാകണം. എങ്കിലേ കംപ്യൂട്ടര്‍ അതു സ്വീകരിക്കൂ.
6 അടുത്തതായി ലിംഗം , മതം , ജാതി , ഉപജാതി , അച്ഛന്റയും അമ്മയുടെയും പേര് , രക്ഷകര്‍ത്താവിന്റെ പേര് , ബന്ധം തുടങ്ങിയവ രേഖപ്പെടുത്തണം.
7 ഇനി വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ , ദേശീയത , മാതൃ സംസ്ഥാനം , മാതൃജില്ല , താലൂക്ക് , വില്ലേജ് , പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവ രേഖപ്പെടുത്തുക.
ഇനി Next ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ്  ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണം. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തിയതിനു ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8 അടുത്തതായി സ്ഥിരവിലാസം , കത്തുകള്‍ അയക്കേണ്ട താത്ക്കാലിക വിലാസം എന്നിവ രേഖപ്പെടുത്തണം.
9 ഇനി ഉദ്യോഗാര്‍ഥിക്ക് സ്വന്തം ഇ-മെയില്‍  വിലാസവും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ അതു രേഖപ്പെടുത്താനുള്ള ഭാഗമാണ്. മൊബൈല്‍ നമ്പര്‍  നല്‍കുന്നവര്‍ക്കു മാത്രമേ SMS അറിയിപ്പുകള്‍ ലഭിക്കൂ.
10 തുടര്‍ന്നു കാണുന്ന സ്ക്രീനില്‍ user-id യും password ഉം നല്‍കണം. ഭാവിയിലെ ഓണ്‍ലൈനായുള്ള എല്ലാ PSC ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്തേണ്ടതാണ് എന്നതിനാല്‍ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചു വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
11 മേല്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ നല്‍കി , ഡിക്ലറേഷനില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ വായിച്ചുനോക്കി , അതിലുള്ള ബോക്സില്‍ ടിക് ചെയ്ത്  submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ണ്ണമാകും.  അപ്പോള്‍ ഉദ്യോഗാര്‍ഥിക്ക് login details പേജ് ലഭ്യമാകും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലിലേയ്ക്ക് ലോഗിന്‍ ചെയ്യാന്‍..
            രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ പേജിലൂടെ user-id യും password ഉം നല്‍കി സ്വന്തം പേജിലേയ്ക്ക് login ചെയ്യാവുന്നതാണ്. ഈ പേജില്‍ നിന്ന്  Registration Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് സ്വന്തം രജിസ്ട്രേഷന്‍ കാര്‍ഡ് കാണുവാനും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തിരുത്തുന്നതിനും ഈ പേജില്‍ സൗകര്യമുണ്ട്.

No comments:

Post a Comment