
ഇതിനിടയില്‍ വേറിട്ടൊരു ചിന്തകൂടി. റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ടി.വി. ചാനലുകളും സമ്മാനപ്പെരുമഴയുമായി വ്യാപാരികളും മദ്യ വ്യവസായികളും ഓണം കൈയടക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. , 'ഒറ്റപ്പെട്ട ജീവിതം' നയിച്ചു തുടങ്ങിയിരിക്കുന്ന മലയാളിയും തന്റേതുമാത്രമായ ലോകത്തെ ആഘോഷങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടുന്നു. ഒരുമിച്ചുള്ള ആഘോഷമെന്നത് 'വെള്ളമടി കൂട്ടായ്മയോ' അല്ലെങ്കില്‍ ജാതി/മത ലേബലുകളില്‍ നടക്കുന്ന ഓണാഘോഷങ്ങളോ ആയി ചുരുങ്ങുന്നു.


'പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക' എന്ന പേരില്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന (ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന) ഒരു ലേഖനം ഇവിടെ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു..
പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക

എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ?
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
-പെരുമ്പടവം
(വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)
"പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.... അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി... എന്നാല്‍ ഇന്ന്... ഫേസ് ബുക്കിലും ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല..."
എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം |
ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഈ ലേഖനം ആദ്യാവസാനം വായിക്കേണ്ടതാണ്.