കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ആദ്യ ഘട്ടം (KTET-1) ഇന്നു നടന്നു. എല്‍.പി. വിഭാഗത്തിലെ അധ്യാപകര്‍ക്കായി നടത്തിയ ഈ പരീക്ഷ പ്രതീക്ഷിച്ചതിനേക്കാള്‍ പ്രയാസമേറിയതായിരുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം , അശ്രദ്ധമൂലം പലര്‍ക്കും പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും പരീക്ഷാ ഹാളില്‍ അറിവില്ലായ്മ മൂലം പലരും പിഴവുകള്‍ വരുത്തിയെന്നും പറഞ്ഞുകേള്‍ക്കുന്നു. സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
തീയതി
യുപി വിഭാഗത്തിലെ അധ്യാപകര്‍ക്കുള്ള ടെറ്റ് 27നും ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റ് സെപ്റ്റംബര്‍ ഒന്നിനുമാണു നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12 വരെയാണു പരീക്ഷ. ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. (മുകളില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്)
പരീക്ഷയ്ക്ക് 9.45ന് എത്തണം
രാവിലെ 10.30നാണ് പരീക്ഷ തുടങ്ങുകയെങ്കിലും എല്ലാവരും 9.45നുതന്നെ ഹാളില്‍ എത്തണം. അപ്പോള്‍ത്തന്നെ ഒഎംആര്‍ ഷീറ്റ് നല്‍കും. മൂന്നു ദിവസത്തെ പരീക്ഷകള്‍ക്കു മൂന്നു നിറത്തിലുള്ള ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒഎംആര്‍ ഷീറ്റിന്റെ ആദ്യപേജില്‍ ഉത്തരം അടയാളപ്പെടുത്തിയാല്‍ രണ്ടാമത്തെ പേജിലും അതു പതിയും. പരീക്ഷ കഴിയുമ്പോള്‍ രണ്ടാമത്തെ പേജ് പരീക്ഷാര്‍ഥിക്കു വീട്ടില്‍ കൊണ്ടുപോകാം. എന്നാല്‍, ചോദ്യക്കടലാസുകള്‍ തിരികെ നല്‍കണം. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്ക് ഇല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍ പോയിന്റ് പേനയാണ് ഒഎംആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്.
ഒഎംആര്‍ ഷീറ്റ് മായിക്കുകയോ ഒരുതവണ എഴുതിയതിനു മുകളില്‍ വീണ്ടും എഴുതുകയോ മുറിക്കുകയോ മടക്കുകയോ ചെയ്യാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ ഷീറ്റ് റദ്ദാക്കും. ചോദ്യക്കടലാസിലെയും ഒഎംആര്‍ ഷീറ്റിലെയും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷമേ പരീക്ഷ എഴുതാവൂ. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ തുടങ്ങിയവ അനുവദിക്കില്ല. അപേക്ഷയില്‍ നല്‍കിയ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതണമെന്നു നിര്‍ബന്ധമാണ്. പിശകു സംഭവിച്ചതിന്റെ പേരില്‍ ഇനി വിഷയം മാറ്റാന്‍ ആരെയും അനുവദിക്കില്ല.
പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുന്‍പു ചോദ്യക്കടലാസിന്റെ ആദ്യഭാഗം നല്‍കും. 10.30നു സീല്‍ പൊട്ടിച്ചു നോക്കാം. ആദ്യഭാഗത്തിലെ സീരിയല്‍ നമ്പരാണ് ഒഎംആര്‍ ഷീറ്റില്‍ എഴുതേണ്ടത്. തുടര്‍ന്നു ചോദ്യക്കടലാസിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍കൂടി പരീക്ഷാര്‍ഥികള്‍ക്കു നല്‍കും. അവര്‍ക്ക് ഇഷ്ടംപോലെ ഏതു ഭാഗത്തിന്റെ ഉത്തരങ്ങള്‍ വേണമെങ്കിലും എഴുതിത്തുടങ്ങാം. മൂന്നു ഭാഗങ്ങളും ഒരേ സെറ്റില്‍പെട്ടതാണെന്ന് ഉറപ്പുവരുത്തിയിട്ടേ എഴുതാവൂ. കേടുവന്ന ഒഎംആര്‍ ഷീറ്റുകളും ചോദ്യക്കടലാസും മാറ്റി നല്‍കും. പരീക്ഷ തുടങ്ങി ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും മണി അടിക്കും. വൈകിയെത്തുന്നവരെ 11 വരെ പരീക്ഷയ്ക്കു കയറാന്‍ അനുവദിക്കും. പരീക്ഷ എഴുതിത്തുടങ്ങിയാല്‍ 12 മണി കഴിയാതെ ആരെയും പുറത്തു വിടില്ല.
ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആയതിനാല്‍ കോപ്പിയടി ഒഴിവാക്കുന്നതിനു ചോദ്യക്കടലാസ് എ, ബി, സി, ഡി എന്നിങ്ങനെ നാലു സെറ്റായിട്ടാണു തയാറാക്കിയിരിക്കുന്നത്. ഓരോ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസിനും മൂന്നു ഭാഗങ്ങള്‍വീതം ഉണ്ടാകും. ഓരോ ഭാഗത്തിനും പ്രത്യേക ചോദ്യക്കടലാസ് ആയിരിക്കും. മൂന്നു ചോദ്യക്കടലാസും ഒരേ സെറ്റില്‍പ്പെട്ടത് ആണെന്നു പരീക്ഷയെഴുതുന്നതിനു മുന്‍പ് ഉറപ്പുവരുത്തണം. ഉദാഹരണത്തിന് 'എ സെറ്റാണു ലഭിക്കുന്നതെങ്കില്‍ മൂന്നു ചോദ്യക്കടലാസിലും 'എ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു നോക്കണം. ഇല്ലെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അതേ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസ് വാങ്ങണം.
ആകെ ചോദ്യങ്ങള്‍ 150
മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ചോദ്യക്കടലാസില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. അതില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം.
യുപി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്കുള്ള ചോദ്യക്കടലാസിന് മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തില്‍ ഒന്നുമുതല്‍ 90 വരെ ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. 31 മുതല്‍ 90 വരെ ചോദ്യങ്ങള്‍ സയന്‍സ്, കണക്ക് എന്നിവയില്‍നിന്നും സോഷ്യല്‍ സയന്‍സില്‍നിന്നുമായിരിക്കും. സോഷ്യല്‍ സയന്‍സുകാര്‍ ആ വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തില്‍ 91 മുതല്‍ 120 വരെ ചോദ്യങ്ങളാണുള്ളത്. അധ്യയന മാധ്യമത്തിലുള്ള ആശയവിനിമയ പാടവമാണ് ഇതില്‍ വിലയിരുത്തുക. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ എന്നിവയിലുള്ള പ്രത്യേക ചോദ്യക്കടലാസുകളുണ്ടാകും. 95% പേരും മലയാളത്തിലും ഇംഗിഷിലുമാണ് എഴുതുന്നത്. 121 മുതല്‍ 150 വരെ ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്നാം ഭാഗത്തില്‍ മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള ജ്ഞാനം വിലയിരുത്തും. ഇതിനായി പ്രത്യേകം ചോദ്യക്കടലാസുകള്‍ തയാറാക്കിയിട്ടുണ്ട്.
ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റിന്റെ ചോദ്യക്കടലാസിന്റെ ഒന്നാം ഭാഗത്തില്‍ ഒന്നുമുതല്‍ 40 വരെ ചോദ്യങ്ങളാണ് ഉണ്ടാവുക. മനശ്ശാസ്ത്രം, ബോധന സിദ്ധാന്തങ്ങള്‍, അധ്യാപന അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തു 41 മുതല്‍ 70 വരെ ചോദ്യങ്ങളുണ്ടാകും. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് ഈ ഭാഗത്തു പരിശോധിക്കുക. ചോദ്യക്കടലാസിന്റെ മൂന്നാം ഭാഗത്ത് 71 മുതല്‍ 150 വരെ ചോദ്യങ്ങളുണ്ട്. അധ്യാപകന്‍ പഠിച്ച 12 വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഇത്. മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നഡ, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് എന്നിവയാണു വിഷയങ്ങള്‍. ഇതിനായി 12 തരം ചോദ്യക്കടലാസ് തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 80 ചോദ്യങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വിഷയത്തിലുള്ള ജ്ഞാനം അളക്കുന്നതിനും 30 എണ്ണം വിഷയം കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നുകൊടുക്കും എന്നതിനെക്കുറിച്ചുമാണ്.
ഉത്തരസൂചികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
ടെറ്റ് അവസാനിച്ചശേഷം സെപ്റ്റംബര്‍ നാലോടെ മൂന്നു പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഇതു പരീക്ഷാര്‍ഥികള്‍ക്കു പരിശോധിച്ചശേഷം ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷം സൂചികയില്‍ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബര്‍ അവസാനത്തോടെ ഫലം വരുമെന്നു പ്രതീക്ഷിക്കുന്നു.
You very well know whats the need of the hour and thats what makes your blog different. Thank you....
ReplyDelete