Tuesday, August 28, 2012

ഇത്തവണ 'കൂട്ടുകൂടുന്ന' ഓണമാകട്ടെ..!


            നന്മയുടെയും സ്നേഹത്തിന്റെയും ​ഐശ്വര്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് വീണ്ടുമൊരോണക്കാലം വരവായി. ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. (പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ചില ചിത്രങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
          ഇതിനിടയില്‍ വേറിട്ടൊരു ചിന്തകൂടി. റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ടി.വി. ചാനലുകളും സമ്മാനപ്പെരുമഴയുമായി വ്യാപാരികളും മദ്യ വ്യവസായികളും ഓണം കൈയടക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. , 'ഒറ്റപ്പെട്ട ജീവിതം' നയിച്ചു തുടങ്ങിയിരിക്കുന്ന മലയാളിയും തന്റേതുമാത്രമായ ലോകത്തെ ആഘോഷങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടുന്നു. ഒരുമിച്ചുള്ള ആഘോഷമെന്നത്  'വെള്ളമടി കൂട്ടായ്മയോ' അല്ലെങ്കില്‍ ജാതി/മത ലേബലുകളില്‍ നടക്കുന്ന ഓണാഘോഷങ്ങളോ ആയി ചുരുങ്ങുന്നു. 


             "സമയമില്ലാത്തപ്പോള്‍ എന്തിനാ ഈ ആഘോഷം.. വെറുതെ കാശു ചിലവാക്കാന്‍.. ഒത്തുകൂടാനൊന്നും ഇന്ന് ആളെ കിട്ടാനില്ലന്നേ.." ഇതൊക്കെയാണ് സാധാരണ കേള്‍ക്കുന്ന മറുപടികള്‍. പൂഞ്ഞാര്‍ ബ്ലോഗിനു നേതൃത്വം നല്‍കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തിയിരുന്നു. 

            അന്ന് ഓണ ദിവസങ്ങളില്‍ ക്ലബ് അംഗങ്ങള്‍ വീട്ടില്‍ ടി.വി. ഓഫ് ചെയ്തു. പകല്‍ സമയം സ്കൂളില്‍ ഒരുമിച്ചുകൂടി ഓണവിശേഷങ്ങള്‍ പങ്കുവച്ചു.. ഓണക്കളികളില്‍ ഏര്‍പ്പെട്ടു.. ഇങ്ങനെയുള്ള കൂട്ടായ്മകള്‍ പകര്‍ന്നുതരുന്ന നന്മകള്‍ ഇന്ന് നമ്മുടെ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് സത്യമല്ലേ..
          'പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക' എന്ന പേരില്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന (ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന)  ഒരു ലേഖനം ഇവിടെ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.. 

 

പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക

എല്ലാവര്‍ക്കും കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപനത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത് ? 
എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ? 
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
                               
         -പെരുമ്പടവം
        (വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)

          
       "പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.... അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി  ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി... എന്നാല്‍ ഇന്ന്... ഫേസ് ബുക്കിലും ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല..." 
എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം

               ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.  നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഈ ലേഖനം ആദ്യാവസാനം വായിക്കേണ്ടതാണ്.


        പൊതു ഇടങ്ങള്‍ ക്ഷീണിക്കുന്നുണ്ടോ എന്നത് ഒരന്വേഷണവും ആവലാതിയുമാണ്. ചിലപ്പോള്‍ അതൊരു തോന്നലാകാം, അല്ലെങ്കില്‍ ഉത്കണ്ഠ. പക്ഷേ അതിനൊക്കെ പ്രേരിപ്പിക്കുംവിധം എന്തോ ചിലത് പൊതുവിനും നമുക്കും ഇടയില്‍ സംഭവിക്കുന്നുണ്ട് എന്നതു നിശ്ചയം.അവിടെനിന്നുകൊണ്ടാണ് "പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക" എന്നു ചില സാമൂഹിക സംഘടനകളും ജീവികളും വിളിച്ചുപറയുന്നത്. 'എല്ലാവരും കൂടി' ചെയ്തുകൊണ്ടിരുന്ന‌‌‌ / ഇടപെട്ടിരുന്ന / അനുഭവിച്ചിരുന്ന ഒന്ന് എന്ന് പൊതു ഇടങ്ങളെ വിനിമയ സൗകര്യത്തിനുവേണ്ടി വ്യഖ്യാനിക്കാം. മുന്‍പ്  സംഭവിച്ചിരുന്ന/ അനുഭവിച്ചിരുന്ന ചില പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍പ്പെടാനാവുന്നില്ല.അതല്ലെങ്കില്‍ എല്ലാവര്‍ക്കും ഉള്‍പ്പെടനാവും വിധം അവ സംഭവിക്കുന്നില്ല.
         പൊതു ഇടങ്ങളെ എങ്ങനെ നിര്‍വചിക്കാനാവും ? സ്വാഭാവികമായി ഓരോ സമൂഹവും ഓരോ പൊതു ഇടങ്ങളാണ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ ആഗോള ഗ്രാമസങ്കല്‍പ്പം പേറുന്ന ലോകംതന്നെ ഒരു പൊതു ഇടമല്ലേ.. ദേശീയതാത്പര്യങ്ങളില്‍ രാജ്യം, പിന്നെ സംസ്ഥാനം, ജില്ല, പഞ്ചായത്ത്, അയല്‍പക്കം, വീട്.... അതെ വീട്ടകം. പൊതു ഇടങ്ങളെ നിര്‍വ്വചിച്ചു കാട്ടുക എളുപ്പമല്ലെന്നു സാരം. സമുദായ താത്പര്യങ്ങളും രാഷ്ട്രീയചായിവുകളും തൊഴില്‍ മേഖലകളം അതതിന്റേതായ തലത്തില്‍ പൊത് ഇടങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ആവശ്യങ്ങളും, സാധ്യതകളും മറ്റു ചിലപ്പോള്‍ പ്രതിസന്ധികളും ഭീഷണികളും പൊതു ഇടങ്ങളെ രൂപപ്പെടുത്തും.
        ‌അര്‍ത്ഥപരമായി പൊതു ഇടത്തെ മനസ്സിലാക്കിയെടുക്കാന്‍ വിഷമിച്ചേക്കും. ("പൊതു ഇടങ്ങളെ വീണ്ടെടുക്കുന്നതു നല്ലതുതന്നെ.കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സര്‍ക്കാര്‍ അത് ഏറ്റെടുക്കട്ടെ" എന്നും മറ്റും ചിലര്‍ നമ്മുടെ പ്രചരണത്തെ പിന്തുണച്ചേക്കും).
       
         പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.(പൊതു ഇടങ്ങള്‍ കൂടാതെ ഒരു പക്ഷേ അതിനു നില്‍നില്‍ക്കാനായേക്കും). അതുകൊണ്ടുതന്നെ കൂട്ടായ മുന്‍കൈകള്‍, അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ കൂടാതെ മുന്‍പ് പൊതു എന്ന് അനുഭവിക്കാന്‍ കഴിഞ്ഞ എണ്ണമറ്റ സാധ്യതകളും അതു രാഷ്ട്രീയത്തിലായാലും മതത്തിലായാലും പൊതുസമൂഹക്രമത്തിലായാലും അപനിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു. സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി. കേരളവികസന മാതൃകയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിച്ചതും ഇതേ മാതിരിയുള്ള പൊതു ഇടങ്ങളില്‍ നിന്നാണെന്നു കണ്ടെത്താനാകും.പൊതു ഇടങ്ങള്‍ നഷ്ടപെട്ട ഒരു സമൂഹത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കുറവ്, പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധന എന്നീ സൂചകങ്ങളിലൂടെ തിരിച്ചറിയാം.
 
        പൊതു ഇടങ്ങളില്‍ നിന്നാണ് പരിമിതികളും മുന്‍ വിധികളുമില്ലാതെയിരുന്ന തുടക്കങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുന്നത്. അതുമിക്കപ്പോഴും സ്വാഭാവികവും ആവശ്യാധിഷ്ഠിതവും സാധ്യതകളോടു ചേര്‍ന്നുപോകുന്നതുമാകാറുണ്ട്.അത് ഇടപ്പെടുന്നവരുടെ ശരീരത്തെയും മനസ്സിനെയും സ്വതന്ത്രമാക്കി വിടും.അവിടെ രൂപപ്പെടാറുള്ള അധികാരവും നേതൃത്വവും തികച്ചും പ്രായോഗികവും പങ്കാളിത്തപരവുമാണ്. പൊതു ഇടങ്ങളില്‍ വികസിക്കുന്ന കര്‍മ്മോത്സുകതക്കും കാര്യശേഷിക്കും പരിധിയും പരിമിതികളുമില്ല. ഈ വിശേഷിതയാണ് സമൂഹനിര്‍മ്മാണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയത്. അതു പലപ്പോഴും ആവിഷ്കരിക്കപ്പെട്ട മാര്‍ഗ്ഗരേഖകളുടെ അതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടില്ല.മുഖ്യധാരാ സംവിധാനങ്ങള്‍ ഇന്ന് പരീക്ഷിക്കുന്ന ആസ്രൂതണ, ഗതിനിയന്ത്രണം, അവലോകനം തുടങ്ങിയ സാങ്കേതികങ്ങളൊക്കെ യാതൊരു പരിശീലനവും കൂടാതെ കാര്യക്ഷമമായി നടപ്പാക്കപ്പട്ടിരിക്കുന്നു , പൊതു ഇടങ്ങളില്‍ എന്നു കാണാം.

        പൊതു ഇടങ്ങളിലെ ആശയവിനിമയം പലപ്പോഴും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള സാഹചര്യങ്ങളെ തന്നെ മെച്ചപ്പെടുത്തി.സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാകാം , ഉപദേശങ്ങളിലൂടെയും തിരുത്തലുകളിലൂയെയും സ്വാന്തനങ്ങളിലൂടെയുമാകാം , അതു വ്യക്തികളെ കൂടുതല്‍ ആത്മവിശ്വസമുള്ളവരും സുരക്ഷിതത്വബോധരുമാക്കി. "ഞാന്‍ നിനക്കും നീ എനിക്കും" എന്നത് പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ടത്തിന്റെ അടിസ്ഥാനസങ്കല്‍പ്പമാകുന്നത് അതുകൊണ്ടുതന്നെയാണ് . പൊതുസമൂഹത്തിന്റെ സാമൂഹിക ബോധനത്തില്‍ നിന്നും ഒറ്റപ്പെട്ട വ്യക്തികളാക്കപ്പെട്ടവരിലൂടെയാണ് സങ്കര്‍ഷങ്ങളും അസ്വസ്ഥകതകളും പടര്‍ന്നത്. ഓരോ പൊതു ഇടങ്ങളും ഓരോ തിരുത്തല്‍സാധ്യതകളാണ്. അതുകൂട്ടായ ആലോചനകള്‍ക്കും യുക്തമായ തീരുമാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. വിവേകമില്ലാത്ത സാഹിത്യരചനകളെയും ഗൂഡാലോചന ചെയ്യപ്പെടുന്ന പാഠപുസ്തകളെയും വ്യാജം പറയുന്ന പ്രചാരണങ്ങളെയുമെല്ലാം ഈ പൊതു ഇടങ്ങള്‍ ചര്‍ച്ചചെയ്ത് അവഗണിച്ചു കളഞ്ഞേനെ. നമ്മുടെ സാമൂഹിക സമുദായ സൗഹാര്‍ദത്തിന് പൊതു ഇടങ്ങള്‍ വഹിച്ച പങ്ക് നിസാരമല്ല. ഇന്നത്തരം സാഹചര്യങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട മനുഷ്യരുമായി സംവദിക്കുന്നത് തത്വദീക്ഷ ഇല്ലാത്ത മാധ്യമങ്ങളും വിവേകത്തെ വികാരംകൊണ്ട് കീഴ്പ്പെടുത്തുന്ന മത-രഷ്ട്രീയ നേതക്കളുമായതോടെ പൊതു ഇടങ്ങളുടെ നിഷ്ക്കങ്കമായ പരിചരണത്തിനു വിധേയമാക്കപ്പെടാതെ അവ കലാപങ്ങള്‍ക്കും വഴിമരുന്നായി.
       
        മുന്‍പ് നമ്മുടെ ഗ്രാമ പരിസരങ്ങളില്‍ കണ്ടെടുക്കാമായിരുന്ന പൊതു ഇടങ്ങളുടെ സാധ്യതകളെല്ലാം പതിയെ പതിയെ ഇല്ലാതാവുകയാണ്. നിഷ്കളങ്കവും സത്യസന്ധവുമായ അടിസ്ഥാന പൊതു ഇടങ്ങളിലൊന്നായിരുന്ന നമ്മുടെ ചായക്കടകളുടെ അനുഭവം തരാന്‍ റെസ്റ്റോറന്റുകള്‍ക്ക് കഴിയുന്നില്ല. ഫ്ളോട്ടിംഗ് കസ്റ്റമേഴ്സിന്റെ വരവുപോക്കുകളും തൊഴില്‍, പഠന ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് കുടിയേറിപോകുന്നവര്‍ സൃഷ്ടിക്കുന്ന അഭാവവും ചേരുമ്പോള്‍ ചായക്കടകളില്‍ പൊതു ഇടം സൃഷ്ടിക്കുന്നില്ല.നഗരത്തോട് ഇണചേരാന്‍ ഗ്രാമം കൊതിക്കുന്നതിനിടയില്‍ ചായക്കടകള്‍ സംഘവര്‍ത്തമാനത്തിന്റെ ഇടം ഒരുക്കുന്നില്ല എന്നു പറയാം.
       
        നാട്ടിന്‍ പുറങ്ങളിലെ എന്നുമാത്രമല്ല  സമൂഹ പരിസരങ്ങളിലെ ഏതൊരു കളിക്കളവും പൊതു ഇടത്തിന്റെ    മൂര്‍ത്ത ഭാഗങ്ങളിലൊന്നായിരുന്നു. കളിക്കളങ്ങളുടെ തട്ടകങ്ങളില്‍  ഉതിര്‍ന്നുവീണ ഓരോ വിയര്‍പ്പുതുള്ളിയും അതിന്റെ പതിന്‍മടങ്ങായി പരിസരങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം ചെയ്തു. മെഡിക്കല്‍ക്യമ്പായും രക്തദാനമായും വീടുപണിയായുമൊക്കെ. ശാരീരികവും മാനസികവുമായി കരുത്തുള്ള ഒരുതലമുറയെക്കൂടിയാണ് കളിക്കളങ്ങള്‍ വാര്‍ത്തെടുത്തത്.
            ഇന്ന് നമ്മുടെ ചെറുപ്പക്കാര്‍ കളിക്കളം മറന്ന് അവരുടെ സായാഹ്നങ്ങളില്‍  എവിടെയാണ് ? മദ്യക്കുപ്പികളുടെ കൂട്ടുമേശയില്‍ അനാരോഗ്യകരമായ പലതിനൊപ്പം,ചൂറ്റുപാടുകളിലെ ആപത്തുകള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ മനസടച്ച്...
            കളിക്കളങ്ങളായിരുന്ന പുറമ്പോക്കുകള്‍ പലരും കൈയടക്കി. ഭൂവുടമകള്‍ പറമ്പിന്റെ ഏതെങ്കിലുമൊരൊഴിവില്‍ പന്തുതട്ടാന്‍ കൊടിത്തിരുന്ന സൗജന്യം , ഭൂവിസ്തൃതി കുറഞ്ഞുവന്നവര്‍ പിന്‍വലിച്ചു കളഞ്ഞു. തുറന്നു  കൊടുക്കാം നമുക്കവരുടെ കളിക്കളങ്ങളെ..
             ഓരോ വായനശാലയിലും പബ്ലിക് ലൈബ്രറിയിലും ആര്‍ട്ട് ആന്‍ഡ് സപോര്‍ട്സ് ക്ലബിലും ഒന്നിച്ചിരുന്നവര്‍ വായനയ്ക്കും ചീട്ടുമേശയ്ക്കും ചെസ് ബോര്‍ഡുകള്‍ക്കുമപ്പുറം വലിയൊരു  പൊതുമണ്ഡലത്തെക്കൂടി സജീവമാക്കിയിരുന്ന. നാട്ടിന്‍പുറത്തെ യുവത്വം നഗരത്തിലേക്ക് കുടിയേറ്റമാരംഭിച്ചതോടെ അതും ക്ഷീണിച്ചു തുടങ്ങി. പിന്നെയും ശേഷിച്ചവരോ , ചൂറ്റുവട്ടത്തെ  കാമ്പുളള സൗഹൃദങ്ങള്‍ കണ്ടെടുക്കാനാകാതെ  ഓര്‍ക്കുട്ടിലും  ഫെയ്സ്  ബുക്കിലും  സംഘബലം  വര്‍ദ്ധിപ്പിച്ച്  നാലാം  ലോകം നിര്‍മ്മിക്കുന്നു. പൊതു  ഇടങ്ങള്‍  പ​ണിത  ഗ്രാമീണ  സംഘടനകള്‍  നടത്തിവന്ന  ഗുണപരമായ  ഒരുപാട്  കലാ  സാംസ്കാരിക  സാമൂഹിക  പ്രവര്‍ത്തനങ്ങളെ  സര്‍ക്കാരേതര  സന്നദ്ധസംഘടനകള്‍  ഏറ്റെടുത്തിരിക്കുന്നു."എന്തൊക്കെയോ  നടക്കന്നുണ്ട്, ആരും  സത്യം  പറയുന്നില്ല"  എന്ന്  കവി  പറഞ്ഞതുപോലെയാണ് അവയുടെ  കാര്യങ്ങള്‍. മണമുണ്ടെങ്കിലും   ഗുണമില്ല എന്നു  തോന്നിപ്പോകുന്നു. ഗ്രാമോത്സവങ്ങള്‍  ഗ്രാന്റ്  കേരള  ഷോപ്പിംഗ്  ഫെസ്ററിന്  വഴിമാറി.അങ്ങനെ  വിപണിയ്ക്കുവേണ്ടി  പുതിയ  ഇടങ്ങള്‍  സൃഷ്ടിക്കപ്പെടുകയും  പൊതു  ഇടങ്ങളുടെ  അപനിര്‍മ്മാണം  നടക്കുകയും  ചെയ്തു.
             പള്ളിക്കൂടത്തിലേയ്ക്കുള്ള  വഴിയാത്ര  നിര്‍മ്മിച്ചിരുന്ന  പൊതു  ഇടങ്ങള്‍  സ്കുള്‍ബസിലൂടെ  പിന്‍വലിക്കപ്പെട്ടു.സംഘബോധത്തിന്റെ  ബാലപാഠങ്ങള്‍  ഇനി  ഏതു  തെരുവില്‍  അഭ്യസിക്കും?  ശേഷിക്കുന്ന  ഓലപ്പന്ത്  കളിക്കളങ്ങളിലേയ്ക്ക് ,  ക്ഷണപത്രമുള്ള  ശനിയും  ഞായറും കുട്ടികളില്‍  നിന്ന്  കവര്‍ന്നെടുക്കപ്പെട്ടു.അവധിക്കാലം  പണ്ടേ  നഷ്ടപ്പെട്ടവര്‍ക്ക്  അവധി  ദിനങ്ങളും  ഇനി  മറക്കാം.പിന്നെന്തു  പൊതു ഇടം?മുതിര്‍ന്നവരുടെ  സാമൂഹിക ഒത്തുചേരുകളുടെ ഔപചാരികതകളില്‍  നിന്നും ഒറ്റയ്ക്കൊറ്റയ്ക്കു  പിച്ചവെച്ച്  തെന്നിമാറി ,  പുറത്തെവിടെയോ  തങ്ങളുടേതായ  പൊതുഇടം  നിര്‍മ്മിക്കുന്ന  കുഞ്ഞുങ്ങളുടെ  നിഷ്കളങ്ക  സംഘബോധം  മാത്രം  ബാക്കിയാകുന്നു.
               കള്ളുഷാപ്പെന്ന  പൊതു  ഇടത്തെ  സമകാലിക  സാമൂഹിക  സാഹചര്യത്തില്‍  ചില  വ്യത്യസ്ത  വിചാരങ്ങളിലൂടെയേ  വ്യാഖ്യാനിക്കാനാകൂ. മനോവിചാരങ്ങളുടെ  നൂല്‍ക്കെട്ടുകള്‍ തീര്‍ത്തും ദുര്‍ബലമായ ഒരുപറ്റം  ആളുകളും  പൊട്ടിത്തെറിക്കാന്‍   വെമ്പിനില്‍ക്കുന്ന  അവരുടെ  അന്തര്‍ സംഘര്‍ഷങ്ങളും. ലഹരിയുടെ  അളവുതോതുകള്‍   കായികശേഷിയുള്ളവര്‍ക്കു  പോലും  സ്വയം  നിര്‍ണയിക്കാനാവാത്ത  കാലഘട്ടത്തില്‍   ഷാപ്പെന്ന  പൊതു  ഇടം ഒരു  സാമൂഹിക  സാംസ്കാരിക  പരിചരണത്തിലൂടെ  ക്രമഭംഗം  വരുത്തപ്പെട്ടവരുടെ  താവളമാക്കപ്പെട്ടിരിക്കുന്നു.
               മുന്‍പ് 'പൊതു' എന്നു നിര്‍വ്വചിക്കാനാവുമായിരുന്ന പലതും ഇന്നും മുന്‍പത്തെക്കാള്‍ കരുത്തോടെ നിലനില്‍ക്കുന്നുണ്ട്. എങ്കിലും അതില്‍ പൊതുവായി ഇടപെടാനും അനുഭവിക്കാനുമാവാതെ വരുന്നു. മതവും  രാഷ്ട്രീയവും അങ്ങനെ ചിലതാണ്.  സംഘജീവിത ക്രമത്തിലെവിടെയോ പൊതുവിചാരങ്ങളുടെമേല്‍, വിപരീതമായി ഇടപെട്ടുകൊണ്ട് മത-രാഷ്ട്രീയ-ജാതിസംഘടനങ്ങള്‍, കുടുംബങ്ങളെയും വ്യക്തികളെയും പ്രത്യേക പ്രാര്‍ഥനകള്‍ക്കും പരിചരണങ്ങള്‍ക്കും വേണ്ടി കൂട്ടിച്ചേര്‍ത്തു. അത്തരം ഇടങ്ങളിലെ സ്നേഹവിരുന്നുകളില്‍ അയല്‍വാസിയുടെ സ്നേഹബന്ധം സ്വാഗതം ചെയ്യപ്പെട്ടില്ല. പിന്നീടെപ്പോഴോ 'അവരുടെ' കൂട്ടപ്രാര്‍ത്ഥനകളില്‍ 'മറ്റവര്‍ക്ക്' അസഹിഷ്ണുതയായി. ഇങ്ങനെ പൊതു ഇടങ്ങളുടെ അതിദൃഢമായിരുന്ന ഇഴയടുപ്പുങ്ങള്‍ക്കുമേല്‍ രാസദ്രവ്യങ്ങള്‍കൊണ്ട് ക്ഷാളനം നടന്നു. ആരാധനാലയങ്ങളില്‍ നാം കണ്ട പൊതു ഇടങ്ങള്‍ പക്ഷേ ഔപചാരികതയുടെ പ്രദര്‍ശനങ്ങളിലേക്ക് പരിമിതപ്പെട്ടു. അവിടെ സ്വാഭാവിക മുന്‍കൈകള്‍ സാധ്യമാവാതെയും നടത്തിപ്പും നിയന്ത്രണവും കേന്ദ്രീകൃതമാവുകയും ചെയ്തു. ‌
                 ആദര്‍ശനിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനം ബലമുള്ള പൊതു ഇടമായിരുന്നു നമുക്ക്. എന്നാല്‍ ഇന്ന് പ്രവര്‍ത്തനവും പ്രചരണവും പ്രകടനവുമൊക്കെ അങ്ങ് അടിത്തട്ടില്‍ , വാര്‍ഡ് കമ്മറ്റികളിലെത്തുന്ന പണത്തിന്റെയും മദ്യത്തിന്റെയും തോതനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടു. പൊതു വിചാരങ്ങള്‍ക്കപ്പുറം തന്‍കാര്യസാധ്യമെന്നത് പ്രവര്‍ത്തകന്റെയും സ്വകാര്യകമ്പനി കണക്കെയുള്ള പാര്‍ട്ടി മാനേജരുടെയും ലക്ഷ്യമായി. രാഷ്ട്രീയത്തിന് പൊതു ഇടം ആവേണ്ടതേയില്ലെന്നും വന്നു.
       
                കാര്‍ഷികമേഖലയില്‍, മുന്‍പ് മാറ്റാള്‍ പണിയും പൂണ്ടന്‍കിളയും കാര്‍ഷികാഘോഷങ്ങളുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ സംഘബോധം കര്‍ഷകനെ എങ്ങനെയൊക്കെ മുന്നോട്ടുകൊണ്ടു പോയോ അവിടെനിന്നൊക്കെയുള്ള പിന്‍മാറ്റം അയാളെ കാര്‍ഷികവൃദ്ധിയില്‍ നിന്നു തന്നെ പിന്നോട്ടുകൊണ്ടുപൊയി. കൃഷിക്കാരന്റെ കൂട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ പ്രതിരോധിക്കേണ്ടതിനെയും പ്രതിഷേധിക്ക​ണ്ടതിനെയുംപറ്റി, തിന്നേണ്ടതിനെയും ഉടുക്കേണ്ടതിനെയും പറ്റി , വിത്തിനെയും വിപണിയെയുംപറ്റി, കുട്ടികളെയും കെട്ടിയവളെയുംപറ്റി ചര്‍ച്ചകളുണ്ടായി..തീരുമാനങ്ങളുണ്ടായി. അത്തരം പൊതു ഇടങ്ങള്‍ നല്‍കിയ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും മുന്നേറ്റങ്ങളും ഓര്‍മ്മയിലേക്കൊതുങ്ങി.
       
        കുടുംബമെന്ന പൊതു ഇടം അപനിര്‍മ്മിക്കപ്പെട്ടു തുടങ്ങിയതും ഇവിടെനിന്നൊക്കെത്തന്നെയാണ്.അപ്പനും അമ്മയും മക്കളുമൊക്കെ ചേര്‍ന്ന് ചവിട്ടുന്ന പ്രതലങ്ങള്‍ അകന്നകന്നുപോയി. കൂട്ടു പ്രാര്‍ത്ഥനയും കൂട്ടു ഭക്ഷണവുമില്ല. പല രാജ്യങ്ങളില്‍ നിന്നായി സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല.വൃദ്ധമന്ദിരങ്ങളില്‍ പൊതു ഇടങ്ങളുടെ പുത്തന്‍ വേഷ പകര്‍ച്ച കാണാനാകുന്നുണ്ടാകും. ചിലതു നിഷേധിക്കപ്പെടുകയും അന്യം നില്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലതു രൂപപ്പെടുന്നു എന്നു കരുതാം.
          വീട്ടകങ്ങള്‍ ടെലിവി‍ഷന്‍ പ്രേക്ഷകരുടെ നിശ്വാസ നെടുവീര്‍പ്പുകളാല്‍ നിറഞ്ഞ പ്രദര്‍ശനശാലപോലെയായി. പൊതു ഇടങ്ങളെ ഉപേക്ഷിച്ച് കാഴ്ച്ചക്കാരായി നടക്കാന്‍ മനു‍ഷ്യനെ പഠിപ്പിച്ചതില്‍ ടെലിവിഷന്‍ പങ്കുണ്ടെന്ന വാദം ശക്തമാണ്. ഒഴിവുവേളകള്‍ ടി.വി. സീരിയലുകള്‍ ആക്കിക്കഴിഞ്ഞ ഒരു ജനത സാംസ്കാരികമായി പിന്‍വാങ്ങിക്കഴിഞ്ഞ ഒരു ജനതയാണെന്ന് (സിവിക് ചന്ദ്രന്‍) പറയും പോലെതന്നെ അതിന്റെ തുടര്‍ച്ചയാണ് സാംസ്കാരികമായി പിന്‍മാറിക്കഴിഞ്ഞ ഒരു സമൂഹത്തിന് പൊതു ഇടങ്ങളെ തിരിച്ചറിയാനാവില്ല എന്നതും. നമ്മുടെ കുട്ടികള്‍ നമ്മുടേതല്ലെന്നും അവര്‍ ടി.വി. പെറ്റുവളര്‍ത്തുന്ന മക്കളാണെന്നും (സിവിക്) പറയുന്നതിനിടയില്‍ ചില വിശദീകരണങ്ങളുണ്ട്. അച്ചന്റെ തോളിലിരുന്നും വിരല്‍ത്തുമ്പ് പിടിച്ചും യാത്ര ചെയ്യുന്നതിനെക്കാള്‍, വിദ്യാലയത്തിലെ ചോക്കിനും ചൂരലിനും കീഴിലെന്നതിനെക്കാള്‍, കൂട്ടുകാര്‍ക്കൊപ്പം തൊടിയിലും മൈതാനത്തും തെരുവിലും എന്നതിനെക്കാള്‍ നമ്മുടെ മക്കള്‍ ടി. .വി.യുടെ മുന്‍പില്‍ ചടഞ്ഞിരിപ്പാണ്. നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അതിനു മുന്‍പിലുണ്ട്. പിന്നെന്ത് പൊതു ഇടം ? പൊതുബോധം, തെരുവിന്റെ സംഘതാളം എന്നേ നഷ്ടമായിരിക്കുന്നു.

        വീടിന്റെ പരിസരം നിര്‍മ്മിച്ചിരുന്ന പൊതു ഇടങ്ങള്‍ ഓര്‍മ്മിക്കുന്നുവോ ? കൊടുക്കല്‍ വാങ്ങലുകളുടെയും കാര്യക്ഷേമാന്വേഷണങ്ങളുടെയും അനുഭവങ്ങളില്‍ നിന്ന് അപരിചിതത്വത്തിന്റെയും സ്വന്തമാക്കി അഭിമാനിക്കലിന്റെയും സ്വകാര്യതകളിലേക്കുള്ള പിന്‍മാറ്റം നടന്നു കഴിഞ്ഞു. പൊതു ഇടങ്ങളിലെ കൂട്ടായ ഉപയോഗം മിതവ്യയത്തിന്റെയും സ്വാശ്രയത്തിന്റെയും ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളെയാണ് പ്രയോഗത്തിലാക്കിയത്. ഉപകരണങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും കൂട്ടായ ഉപഭോഗം, അവയുയെ സമാഹരണവും സംരക്ഷണവും പൊതു ഉത്തരവാദിത്വങ്ങളാവുന്നതും മത്സര ബദ്ധിയില്ലാത്ത കൂട്ടുപയോഗവും വിപണിയെ പൊതു ഇടങ്ങളില്‍ അത്ര പ്രസക്തമാക്കിയില്ല. പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നതും വ്യക്തികള്‍ രൂപപ്പെടന്നതും വിപണിയുടെ കൂടി പ്രവര്‍ത്തനമാവുന്നതവിടെയാണ്.

        പങ്കജാക്ഷകുറുപ്പ് അയല്‍ക്കൂട്ടങ്ങളിലൂടെ ലക്ഷ്യമിട്ടത് പൊതു ഇടങ്ങളുടെ മൂര്‍ത്തഭാവമാണ്. സ്വാഭാവികമായി രൂപപ്പെടുക എന്നതായിരുന്നു അതിന്റെ സാമൂഹിക ധര്‍മ്മം. എന്നാല്‍ പലപ്പോഴും കുറുപ്പുസാര്‍ അതിനെ രൂപപ്പെടുത്തുകയായിരുന്നു. അതിനെ ശരിയായ ഒന്നായി തിരിച്ചറിയുമ്പോഴും  അങ്ങനെയൊരു പൊതു ഇടമായിത്തീരുവാന്‍ ആളുകള്‍ മടിച്ചു. പൊതുവായിത്തീരാന്‍ പ്രേരിപ്പിക്കാത്തവിധം അപ്പോഴേയ്ക്കും സാമൂഹിക സാഹചര്യങ്ങള്‍ അവരെ പൊതുവില്‍നിന്ന് വ്യക്തിയിലേയ്ക്കും കുടുംബത്തിലേയിക്കും മാറ്റിയിരിക്കുന്നു.

        പൊതു ഇടങ്ങള്‍ സാധ്യമാക്കിയ മുന്‍ കൈകളോളം വരില്ല ഇവിടുത്തെ മുഖ്യധാരാ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞത്. അത്രയേറെ ജാഗ്രതയുണ്ടായിരുന്നു പൊതു ഇടങ്ങള്‍ക്ക് സാമൂഹികക്ഷേമത്തില്‍. അത്തരം മുന്‍ കൈകളിലൂടെ ഒത്തിരി പെണ്ണുങ്ങളെ കെട്ടിച്ചയച്ചു. ഒത്തിരി പേരെ ചികത്സിച്ചു. അതിലേറെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. അതിന് വിവരശേഖരണഫാറങ്ങളും സര്‍വ്വേകളും ഒന്നും വേണ്ടിവന്നില്ല. ഇന്ന് അയല്‍വാസിയുടെ ഹൃദയശസ്ത്രക്രിയ പത്രത്തിലെ സഹായാഭ്യര്‍ത്ഥനയിലൂടെ അറിയുകയും പത്രമാനേജരുടെ അക്കൗണ്ട് കയറിയിറങ്ങി നമ്മുടെ പണം അയല്‍പക്കത്തെത്തുകയും ചെയ്യുംവിധം പൊതു മുന്‍കൈകള്‍ അവസാനിച്ചു. ഇനി അതല്ല, നാട്ടിലെ ഒടുങ്ങിപ്പോകാത്ത നന്മകളുമായി ചില ചെറുപ്പക്കാര്‍ ഇറങ്ങിത്തിരിച്ചാലാകട്ടെ അവരുടെ നേര്‍ക്ക് പരിഹാസം ചൊരിയാന്‍ മാത്രം കനപ്പെട്ടുപോയി സമൂഹമനസ്സ്. (ഇതിനെല്ലാം അപവാദമായി കണ്ണ് നനയിക്കുന്ന സാമൂഹിക ബോധത്തിന്റെയും മുന്‍കൈകളുടെയും ചില അനുഭവങ്ങള്‍ നമുക്കിടയിലുണ്ട്. അവതരണ വിഷയത്തിലെ ഗൗരവം ചോര്‍ന്നു പോവാതിരിക്കാന്‍ മുഖ്യവിഷയാവതരണത്തില്‍ അവയെ തമസ്കരിക്കേണ്ടി വരുന്നു എന്നുമാത്രം.)

       അപകടങ്ങളിലും ആവശ്യങ്ങളിലും മുന്‍പ് വളരെ പെട്ടന്നു രൂപമെടുത്തിരുന്ന പൊതു ഇടങ്ങള്‍ ഇന്ന് ഒഴിഞ്ഞുമാറുന്നവരുടെയും ഭയപ്പെടുന്നവരുടയും മൊബൈല്‍ ദൃശ്യാവിഷ്കാരികളുടെയും ചിതറപ്പെട്ട മനോവിചാരങ്ങള്‍കൊണ്ട് അന്യം നിന്നു.

        ആകെപ്പാടെ പൊതു ഇടങ്ങളെല്ലാം നശിച്ചുപോയെന്ന പ്രതീതി ഈ പറച്ചില്‍ രീതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. തീര്‍ത്തും നിരാശപ്പെടുത്താത്ത വിധമെങ്കിലും അവകള്‍ അവിടെ ഇവിടെയൊക്കെയുണ്ട്. എന്നാല്‍ പൊതു ഇടങ്ങള്‍ കുറയുന്ന കാര്യത്തില്‍ പണപ്പെരുപ്പിന്റെ ഏറ്റക്കുറച്ചിലുകളെക്കാള്‍ ഉത്കണ്ഠയുണ്ടാകേണ്ടതുള്ളകൊണ്ട് ചില മുന്‍കരുതലുകള്‍ക്കും മുന്‍കൈകള്‍ക്കും വേണ്ടിയുള്ള ശ്രമം എന്നേയുള്ളൂ.

        തൊഴില്‍ മേഖലയില്‍ കുറെയങ്കിലും പഴക്കമുള്ള പൊതു ഇടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് ആശ്വാസം. റസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകള്‍ പുത്തന്‍ പൊതു ഇടങ്ങളാണ്. (കള്ളനെ ഭയപ്പെട്ടിട്ടാണെങ്കിലും ) കരുത്താര്‍ജ്ജിക്കുന്ന നിരവധി സമരമുഖങ്ങളും പൊതു ഇടങ്ങളുടെ പുതുരൂപം തന്നെ. ഓര്‍ക്കുട്ടും ഫെയ്സ് ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും ഒരു വിധത്തില്‍ പൊതു ഇടങ്ങളുടെ ഗുണപരമായ നിര്‍മ്മാണമായി പുതിയ കാലഘട്ടത്തില്‍ അംഗീകരിക്കാവുന്നതേയുള്ളു.

   നമുക്കെന്താണ് ചെയ്യാനാവുക ? ആളുകളുടെ പൊതുബോധം, അതിലൂടെ വികസിക്കേണ്ട സന്നദ്ധതാ ബോധം, പാരസ്പര്യപരത ഇവകളിലൂടെ തിരിച്ചു പിടിക്കേണ്ട ഒന്നാണ് പൊതു ഇടം. ചിലതു തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലതു മൗലീകസ്വഭാവങ്ങളോടെയല്ലെങ്കിലും തിരികെകൊണ്ടുവരാവുന്നതും  മറ്റു ചിലതു അതേപടി തന്നെയോ  കൂടുതല്‍ മെച്ചമായോ നിര്‍മ്മിക്കാവുന്നതാണ്. സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ മാറ്റത്തെ ഉള്‍ക്കൊണ്ട് നമുക്ക് പരിചിതമല്ലാത്ത പൊതു ഇടങ്ങളുടെ പുത്തന്‍രൂപങ്ങളും ഉയിര്‍ക്കൊണ്ടേക്കാം. ഇത്തരം സാധ്യതകളിലൂടെയാണ് പൊതു ഇടത്തെ നാം ഇനിയും സമീപിക്കേണ്ടത്. പക്ഷേ അതിനുള്ള മുന്‍കൈകള്‍ സാധ്യമാകേണ്ടതും പൊതു ഇടങ്ങളില്‍ നിന്നുതന്നെയല്ലേ ? അവ എവിടെയാണ് ? അത് നാം ഇപ്പോള്‍ ചവിട്ടിനില്‍ക്കുന്ന പ്രതലം തന്നെയാണ്. ആദ്യം കാണുന്ന ആളോട് പുഞ്ചിരിച്ചുകൊണ്ട് തുടങ്ങുക. എന്നിട്ട് നമുക്കല്ലാവര്‍ക്കും ചേര്‍ന്ന് ഈ ഓണം ആഘോഷിക്കാം.

1 comment:

  1. പ്രിയ എബി,
    മലയാളി ആധുനികോത്തരനാകുന്നത് ഇങ്ങനെയൊക്കെയല്ലെ?അവനവനിലേക്ക് ഉൾവലിഞ്ഞ് ജീവിക്കാനുള്ള പാഠങ്ങളല്ലെ അവൻ സ്കൂളിൽ നിന്ന് നേടുന്നത്.പത്തു കാശു കൈയിൽ വന്നപ്പോൾ മലയാളിക്ക് പലതും അശ്ലീലമായി മാറി.കവലയിൽ ഒത്തുകൂടിയിരുന്നവർ, കള്ളുഷാപ്പിൽ ചൂടൻ ചർച്ചകൾ നടത്തിയവർ,പള്ളിമുറ്റത്തും അമ്പലമുറ്റത്തും സായം കാലത്ത് ഒത്തുകൂടി സ്വരവൈവിധ്യങ്ങൾ തീർത്തവർ.....എല്ലാവരുമിപ്പോൾ വീടിനുള്ളിലേക്ക് പിൻ വലിഞ്ഞിരിക്കുന്നു.കവലയിലെ ബഹളങ്ങളൊക്കെ അവസാനിച്ചിരിക്കുന്നു.പുറത്തിറങ്ങി നടന്നപ്പോൾ ആകെ അലമ്പാക്കുന്നുവെന്നായിരുന്നു അന്ന് ചിലരെല്ലാം പറഞ്ഞത്.ആ ശല്യമൊക്കെ അവസാനിപ്പിക്കുന്നതിന് പാതിരിപ്രസംഗ ശൈലിയിൽ ഗുണദോഷിക്കാനിറങ്ങിയവരെ ഇപ്പോൾ ഓർത്തു പോകുന്നു.കവലകൾ ശൂന്യമാക്കിയും കള്ളുഷാപ്പ് അടപ്പിച്ചും പള്ളിയും അമ്പലവും വർഗീയകൂട്ടായ്മയുടെ കേന്ദ്രങ്ങളാക്കിയും ആണ് അത്തരക്കാർ പിൻ വാങ്ങിയത്.കള്ളു ഷാപ്പിലിരുന്നു കള്ളു കുടിക്കുന്നത് മോശവും വീട്ടിൽ വാങ്ങിക്കൊണ്ടുവന്നു കുടിക്കുന്നത് സ്റ്റാറ്റസ് സിംബലുമായി ഇന്നു മാറി.മലയാളിക്ക് നഷ്ടമായ പൊതു ഇടങ്ങൾ ഇനിയും വീണ്ടെടുക്കപ്പെടുമൊ? കടുത്ത മാനസികവിഭ്രാന്തിക്കടിപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടൊ?

    ReplyDelete