Wednesday, July 16, 2014

'കൃഷി പാഠം' പൂഞ്ഞാറിന്റെ കാര്‍ഷികോത്സവമായി..


         
      പൂഞ്ഞാര്‍ : കാര്‍ഷിക രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറുകണക്കിന് കര്‍ഷകര്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുമിച്ചുകൂടിയപ്പോള്‍ അത് പൂഞ്ഞാറിന്റെ കാര്‍ഷികോത്സവമായി മാറി. സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേളയായ കൃഷിപാഠമാണ്  ഗ്രാമത്തിലെ കര്‍ഷകരുടെ സംഗമ വേദിയായി മാറിയത്. വ്യത്യസ്ത കൃഷിരീതികളിലൂടെ ശ്രദ്ധേയരായ പൂഞ്ഞാര്‍ പ്രദേശത്തെ കര്‍ഷകരും കാര്‍ഷിക സംഘടനകളും ഒരുക്കിയ പതിനഞ്ച് സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 
ഭൂമികയുടെ പിന്തുണയോടെ ജാക് അപ് പ്ലാവു സംഘം ഒരുക്കിയ ചക്ക ഉത്പ്പന്നങ്ങളുടെ സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി. വീട്ടുവളപ്പില്‍ എളുപ്പത്തില്‍ നടത്താവുന്ന ജയന്റ് ഗൗരാമി മത്സ്യകൃഷി വിവരിച്ച അരുണ്‍ കിഴക്കേക്കര, ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജന രീതിയായ ഇ.എം. ലായനി പരിചയപ്പെടുത്തിയ മനു കരിയാപുരയിടം, തേനീച്ച വളര്‍ത്തലിന്റെ മേന്മകളുമായി കെ.എസ്.ഉണ്ണികൃഷ്ണന്‍, ഔഷധ സസ്യങ്ങളുടെ നാട്ടറിവുമായി ലൂക്കാ കൊച്ചമ്പഴത്തുങ്കല്‍, കയ്പ്പില്ലാത്ത ആസാം പാവല്‍ വിശേഷങ്ങളുമായി ജെയിംസ് മാറാമറ്റത്തില്‍, നാടന്‍ പലഹാരങ്ങളുമായി എല്‍സമ്മ നെല്ലിയാനി, ജാതികൃഷിയുടെ ഗുണങ്ങള്‍ വിവരിച്ച് ബിന്‍സ് മോന്‍ വരിയ്ക്കയാനിക്കല്‍ തുടങ്ങിയവര്‍ മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായി. 
സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് ദേവസ്യാച്ചന്‍ പൂണ്ടിക്കുളം പങ്കുവച്ച വനമിടവിശേഷങ്ങള്‍ ഏവരേയും ആകര്‍ഷിച്ചു. ഭക്ഷ്യ ആരോഗ്യ സ്വരാജിന്റെയും അന്റോണിയന്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വീട്ടുപരിസരങ്ങളിലെ ഭക്ഷ്യയോഗ്യമായ ചെടികളെ പരിചയപ്പെടുത്തിയ ഇലയറിവ് സ്റ്റാളില്‍ ചൊറിയണങ്ങ് തോരനും തയ്യാറാക്കിയിരുന്നു. പൂഞ്ഞാര്‍ ക്ഷീരവ്യവസായ സഹകരണ സംഘവും സ്കൂളിലെ NSS യൂണിറ്റും സംയുക്തമായി ക്രമീകരിച്ച ഡയറി സ്റ്റാളും പൂഞ്ഞാര്‍ കൃഷിഭവന്‍ ഒരുക്കിയ കാര്‍ഷിക ടെലിഫിലിം ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങളും ജൈവകര്‍ഷക സമിതിയുടെ പുസ്തക സ്റ്റാളും കൃഷിപാഠത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യത്യസ്താനുഭവങ്ങളായി. 
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേളയായ കൃഷിപാഠത്തിന്റെ ഉദ്ഘാടനകര്‍മ്മം, ചക്കക്കുരുകൊണ്ട് ഉണ്ടാക്കിയ ഹല്‍വ കഴിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ബീനാമ്മ ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നു.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ബീനാമ്മ ഫ്രാന്‍സീസ് ചക്കക്കുരുകൊണ്ട് ഉണ്ടാക്കിയ ഹല്‍വ കഴിച്ചുകൊണ്ടാണ് കൃഷിപാഠം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍ കളപ്പുര CMI, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പൂഞ്ഞാര്‍ ഫോറോന പള്ളി വികാരി ഫാ. ജോസഫ് പൂവത്തുങ്കല്‍, അസി. വികാരി ഫാ. ജോസഫ് മേച്ചേരി, കൃഷി ഓഫീസര്‍ എം.എ. റഫീക്ക് , ഡയറി ഡെവലപ്മെന്റ് ഓഫീസര്‍ താരാ ഗോപാല്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി. കണ്ണന്‍, സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അദ്ധ്യാപകരായ കെ.എ.ടോം, ബൈജു ജേക്കബ്, സി.മെര്‍ളിന്‍, ഡാലിയാ ജോസ്, മിനിമോള്‍ കെ. ജോര്‍ജ്ജ്, ആലീസ് ജേക്കബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
വീഡിയോയും കൂടുതല്‍ ചിത്രങ്ങളും ചുവടെ..















No comments:

Post a Comment