പൂഞ്ഞാര്‍ : "കല്ലിട്ടാം കുഴി ഏതേത്.. കായംകുളത്തെ തെക്കേത്..
കല്ലിട്ടാല്‍ ആരെടുക്കും.. തന്നെക്കാളും മൂത്തോര്.."
മറവിയുടെ കയങ്ങളിലെവിടെയോ മറഞ്ഞുപോയ ഈ മുങ്ങാംകുഴിയുടെ മനോഹരശീലുകള്‍ കേട്ട് മീനച്ചിലാര്‍ സന്തോഷിച്ചിരിക്കണം. നേതാവ് എറിഞ്ഞ കല്ല് കണ്ടുപിടിക്കുവാനായി ആറ്റില്‍ മുങ്ങിത്തപ്പുന്ന കളിയിലേര്‍പ്പെട്ട കുരുന്നുകള്‍ മീനച്ചിലാറിനെ ദശകങ്ങള്‍ പിന്നോട്ടു കൊണ്ടുപോയി. ഒരു കാലത്ത് മീനച്ചിലാറിന്റെ തീരങ്ങള്‍ കുട്ടികളുടെ കളിത്തൊട്ടിലായിരുന്നു. ആ കാലത്തേക്കൊരു തിരിഞ്ഞുപോക്കായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ നടത്തിയത്. മീനച്ചിലാറിനെ സ്നേഹിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ 'വിംഗ്സ് ഓഫ് മീനച്ചിലാര്‍' സ്റ്റുഡന്റ്സ് സര്‍ക്കിളിന്റെ ഉദ്ഘാടനത്തിനായി നദീതീരത്ത് ഒരുമിച്ചുകൂടിയ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ മണ്ണപ്പം ചുട്ടും ആറ്റില്‍ നീന്തിത്തുടിച്ചും രസിച്ചപ്പോള്‍ കണ്ടുനിന്ന മുതിര്‍ന്നവരുടെ മനസിലും ബാല്യകാല സ്മരണകള്‍ ഓടിയെത്തി.
പൂഞ്ഞാര്‍ ടൗണിനു സമീപം മീനച്ചിലാറിന്റെ തീരത്ത് കുട്ടികളുടെ നാടന്‍ കളികളിലൂടെ നടന്ന വിംഗ്സ് ഓഫ് മീനച്ചിലാറിന്റെ ഉദ്ഘാടനത്തിനു ശേഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ പൊതുസമ്മേളനം നടന്നു. മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസ് വലിയമറ്റം CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി സി.റോസ് വൈപ്പന വിഷയാവതരണം നടത്തി. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം, വി.എസ്.ശശിധരന്‍, കെ.എ.ടോം, ഡാലിയാ ജോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മീനച്ചിലാറിന്റെ സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മീനച്ചിലാറിന്റെ തീരത്തുള്ള സ്കൂളുകളില്‍ സ്റ്റുഡന്റ്സ് സര്‍ക്കിളുകള്‍ തുടങ്ങുന്നത്. സ്കൂളുകളില്‍ വിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന പേരിലും കോളേജുകളില്‍ സ്ട്രിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന പേരിലുമായിരിക്കും സ്റ്റുഡന്റ്സ് സര്‍ക്കിള്‍ അറിയപ്പെടുക. പരിസ്ഥിതി സംബന്ധമായ വിവധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ ഈ സംവിധാനം വഴി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവസരം ലഭിക്കും. 2015-ല്‍ സമിതിയുടെ രജതജൂബിലി വര്‍ഷത്തിനു മുന്നോടിയായി പരമാവധി സ്കൂളുകളിലും കോളേജുകളിലും സ്റ്റുഡന്റ്സ് സര്‍ക്കിളുകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഭാരവാഹികള്‍ക്കുള്ളത്. സമിതി പ്രസിഡന്റും വാഴൂര്‍ NSS കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.എസ്.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
Wings of meenachil aar students circle..???
ReplyDeleteഎന്തിനു ഇങ്ങനെ മംഗ്ലീഷ് പേരുകൾ ഉണ്ടാക്കുന്നു ? ആ പേര് ഒന്ന് മലയാളത്തിൽ ഇട്ടാൽ കേൾക്കാൻ സുഖം ഉണ്ടായിരുന്നു .