Tuesday, November 30, 2010

പൂഞ്ഞാര്‍ ഗ്രാമത്തിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ സ്നേഹസമ്മാനം... ' പൂഞ്ഞാര്‍ ന്യൂസ് '

  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ന്യൂസ് ബ്ലോഗായ 'പൂഞ്ഞാര്‍ ന്യൂസ് ' ആരംഭിച്ചു. ബ്ലോഗിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ് (അപ്പച്ചന്‍) അരീപ്ലാക്കല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍ , സ്കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍ , പി.റ്റി.എ. പ്രസിഡന്റ് എം.സി.മാത്യൂസ് മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , പി. റ്റി​. എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



'പൂഞ്ഞാര്‍  ന്യൂസ് '..ഇത് അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ന്യൂസ് ബ്ലോഗ് .
         സ്വയം വളരുകയും വീടിനും നാടിനും ഉപകാരികളായി വളര്‍ന്നുവരുകയും ചെയ്യുന്ന , വ്യക്തിത്വ വികസനവും സാമൂഹ്യസേവനവും ലക്ഷ്യമാക്കിയ , പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ  ഒരു സംഘം കുട്ടികളുടെ കൂട്ടായ്മയാണ്  അന്റോണിയന്‍ ക്ലബ്.
പൂഞ്ഞാര്‍  ന്യൂസിന്റെ ഉത്ഭവം..
        പത്രപ്രവത്തനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുവാനും കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി വികസിപ്പിക്കുവാനും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും   2007-ല്‍, 'അന്റോണിയന്‍' എന്ന പേരില്‍ ഒരു സ്കൂള്‍ പത്രം പുറത്തിറങ്ങി. 2008-ലും,വര്‍ഷത്തില്‍ ഒന്നു മാത്രമുള്ള ഈ പത്രം പ്രസിധീകരിച്ചു.
     2009-ല്‍ നാടിന്റെ വാര്‍ത്തകള്‍ കൂടി പ്രസിധീകരിക്കുന്ന ഒരു ത്രൈമാസ പത്രമായി അന്റോണിയന്‍ മാറി.
     2010-ല്‍ അന്റോണിയന്‍ , ന്യൂസ് ബ്ലോഗിന്റെ രൂപത്തില്‍ ലോകമെങ്ങും പ്രസിധീകരിക്കുന്നു.
        'പൂഞ്ഞാര്‍ ന്യൂസ് ' എന്ന ന്യൂസ് ബ്ലോഗിലൂടെ പൂഞ്ഞാര്‍ ഗ്രാമത്തിന്റെ വിശേഷങ്ങള്‍  അതാതു ദിവസങ്ങളില്‍ തന്നെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുന്നു. യു.പി.,ഹൈസ്കൂള്‍ ക്ലാസുകളിലായി പഠിക്കുന്ന അറുപതോളം മിടുക്കരാണ് ഈ ന്യൂസ് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍
       അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി  പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രദേശത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരും PTA എക്സിക്കൂട്ടീവ് മെമ്പര്‍മാരും ഈ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നു.
 എഡിറ്റോറിയല്‍ ബോര്‍ഡ്
      സ്കൂളില്‍ എത്തുന്ന വാര്‍ത്തകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിധീകരണയോഗ്യമാക്കുന്നു. എല്ലാ ദിവസവും സ്കൂള്‍ സമയത്തിനുശേഷം ഒരു മണിക്കൂര്‍ സമയം ഇതിനായി ചിലവഴിക്കുന്ന ക്ലബ് അംഗങ്ങള്‍, വാര്‍ത്തകള്‍ അന്നന്നു തന്നെ ബ്ലോഗില്‍  പ്രസിധീകരിക്കുന്നു.

Friday, November 26, 2010

പാചകവാതക ഉപയോക്താക്കളുടെ ശ്രദ്ധക്ക്

      കോട്ടയം : കോട്ടയം ജില്ലയിലെ എല്ലാ പാചകവാചതക ഉപയോക്താക്കളും ഡിസംബര്‍ 31-നകം റേഷന്‍ കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് , കസ്റ്റ്മര്‍ കാര്‍ഡ് എന്നിവയുമായി അതാത് ഏജന്‍സികളില്‍ എത്തി മുദ്രവെച്ച് വാങ്ങേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുദ്ര പതിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31-ന് ശേഷം റീഫില്‍ നല്‍കില്ല. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

Monday, November 22, 2010

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം

                 പൂഞ്ഞാര്‍കര്‍ഷകവേദിയുടെയും ഭൂമികയുടെയും ആഭിമുഖ്യത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.
                 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ജനവിധിനേടി തെരഞ്ഞെടുക്കപ്പട്ട 14 ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കും ബ്ലോക്ക് പ്രതിനിധികള്‍ക്കും ജില്ലാപ്രതിനിധിക്കും കര്‍ഷകവേദിയുടെയും ഭൂമികയുടെയും ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 21 [ഞായര്‍] - ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാര്‍ ഭൂമിക സെന്ററില്‍ സ്വീകരണം നല്‍കി.
                 ജനങ്ങളുടെ അംഗീകാരം ലഭിച്ച പഞ്ചായത്ത് അംഗങ്ങളെ അനുമോദിക്കുന്നതിനും നിര്‍മ്മാണാത്മകമായി ആശയവിനിയോഗം നടത്തുന്നതിനും വേണ്ടി സംഘടിപ്പിച്ച യോഗത്തില്‍ കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ്  കെ.ഒ.ജോസഫ് മുഖ്യ അതിഥിയായിരുന്നു.

Saturday, November 20, 2010

ബേബി രാജശ്രീ അരങ്ങേറ്റം കുറിച്ചു

            പൂഞ്ഞാര്‍ : ബേബി രാജശ്രീയുടെ സംഗീതകച്ചേരി അരങ്ങേറ്റത്തിന് പൂഞ്ഞാര്‍ തെക്കേക്കര പള്ളികുന്നേല്‍ ഭഗവതിക്ഷേത്രാങ്കണം വേദിയായി. ക്ഷേത്രത്തിലെ അശ്വതി,ഭരണി,കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.
              രണ്ടുമണിക്കൂര്‍ നീണ്ട അരങ്ങേറ്റത്തില്‍ രാജശ്രീ തീര്‍ത്ത സംഗീതപ്രപഞ്ചം ശ്രോതാക്കളെ അത്ഭുതപ്പെടുത്തി. അരങ്ങേറ്റക്കാരിയുടെ യാതൊരു പരിഭ്രമവുമില്ലാതെ എല്ലാവരുടെയും കൈയടി ഏറ്റുവാങ്ങിയ പ്രകടനമാണ് ഈ പതിനൊന്നുവയസുകാരി കാഴ്ചവച്ചത്.
              പൂഞ്ഞാര്‍ വടക്കേല്‍ രാജശേഖരന്റെയും (പ്യാരി) ബീനയുടെയും മകളായ രാജശ്രീ , തീക്കോയി രാധാകൃഷ്ണന്റെ കീഴില്‍ സംഗീതം അഭ്യസിച്ചുവരുന്നു.  പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ചെണ്ടമേളം അരങ്ങേറ്റം നടന്നു

          അമ്പാറ കുട്ടനാശാന്റെ കീഴില്‍ മേളം അഭ്യസിച്ച പൂഞ്ഞാറിലെ 15-ല്‍ പരം കലാകാരന്‍മാര്‍ പൂഞ്ഞാര്‍ പള്ളികുന്നേല്‍ ഭഗവതിക്ഷേത്രനടയില്‍ ചെണ്ടമേള അരങ്ങേറ്റം നടത്തി.പൂഞ്ഞാര്‍ തെക്കേക്കര പള്ളികുന്നേല്‍ ഭഗവതിക്ഷേത്രത്തിലെ അശ്വതി,ഭരണി,കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ചാണ് അരങ്ങേറ്റം നടന്നത്.

Saturday, November 13, 2010

ദേശീയ അദ്ധ്യാപക അവാര്‍ഡ് കരസ്തമാക്കിയ പി. ഡി. ബേബിസാറിന് നാടിന്റെ ആദരം...

  • പൂഞ്ഞാര്‍ ഗ്രാമവും സെന്റ് ആന്റണീസ് കുടുംബവും ഒന്നു ചേര്‍ന്ന് , ദേശീയ അദ്ധ്യാപക അവാര്‍ഡ് കരസ്തമാക്കി  നാടിന്റെ യശസ്സുയര്‍ത്തിയ ബേബിസാറിനെ ആദരിച്ചു.
  • കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ. വി. തോമസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.



  • ആന്റോ ആന്റണി MP , പി. സി. ജോര്‍ജ്ജ് MLA , പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ CMI , കോര്‍പറേറ്റ് മാനേജര്‍ ഫാ.തോമസ് വെങ്ങാലുവക്കേല്‍ CMI , സ്കൂള്‍മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ CMI ,ജില്ലാ പഞ്ചായത്ത്  മെമ്പര്‍ അഡ്വ. മോഹന്‍ തോമസ് ,  ബ്ലോക്ക് പഞ്ചായത്ത്  മെമ്പര്‍ ചിന്നമ്മ ഇമ്മാനുവേല്‍ പൂണ്ടിക്കുളം , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസ് , വാര്‍ഡ് മെമ്പര്‍ ശാന്തമ്മ രാമചന്ദ്രന്‍ , AEO ജയമോഹന്‍ , PTA പ്രസിഡന്റ് M C മാത്യൂസ് മുതിരേന്തിക്കല്‍ , ജനപ്രതിനിധികള്‍ , അദ്ധ്യാപക - വിദ്യാര്‍ദ്ധി പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദനങ്ങളര്‍പ്പിച്ച് സംസാരിച്ചു.

പി. ഡി. ബേബിസാറിലൂടെ ദേശീയ അദ്ധ്യാപക അവാര്‍ഡ് പൂഞ്ഞാര്‍ ഗ്രാമത്തിലേയ്ക്ക്...

  • മികച്ച അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാര്‍ഡിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ പി. ഡി. ബേബി അര്‍ഹനായി.
  • അദ്ധ്യാപക ദിനമായ സെപ്റ്റംബര്‍ 5-ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി.
  • കഴിഞ്ഞ 25 വര്‍ഷമായി വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമാണ് ബേബിസാര്‍.
  • യു. പി. , ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങളുടെ രചനയില്‍ അദ്ദേഹവും പങ്കാളിയാണ്.
  • സയന്‍സ് വിഷയത്തിലെ പ്രഗത്ഭനായ സംസ്ഥാനതല പരിശീലകന്‍ , പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി , ദിനപത്രങ്ങളില്‍ സയന്‍സ് കോളങ്ങളിലെ എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലും പി. ഡി. ബേബിസാര്‍ പ്രശസ്തനാണ്.

    Monday, November 8, 2010

    കപ്പേള വെഞ്ചരിച്ചു

    പൂഞ്ഞാര്‍ :  സെന്റ് ആന്റണീസ് സ്കൂളിന്റെയും പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമത്തിന്റെയും  മുന്‍പിലായി പണിതീര്‍ത്ത  ആശ്രയ മാതാ കപ്പേളയുടെ വെഞ്ചരിപ്പ് , പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.