Saturday, December 31, 2011

'പൂഞ്ഞാര്‍ ന്യൂസ് ' ഇനി മുതല്‍ 'പൂഞ്ഞാര്‍ ബ്ലോഗ് '

ചില സാങ്കേതിക കാരണങ്ങളാല്‍  പൂഞ്ഞാര്‍ ന്യൂസ് എന്ന പേരില്‍ ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു..
നമ്മുടെ ബ്ലോഗ് ഇനി മുതല്‍ പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
ബ്ലോഗില്‍ പ്രവേശിക്കുവാനുള്ള പുതിയ വിലാസം ശ്രദ്ധിക്കുക : www.poonjarblog.com
ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമല്ലോ.. ഇതുവരെ ഞങ്ങളോടു കാണിച്ച എല്ലാ സഹകരണങ്ങള്‍ക്കും  പ്രോത്സാഹനങ്ങള്‍ക്കും നന്ദി.  തുടര്‍ന്നും ഈ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..
ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..

Friday, December 30, 2011

ഇതൊരു 'വിസ്മയപ്പുല്‍ക്കൂട്..'

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍
തയ്യാറാക്കിയ പുല്‍ക്കൂട്..
          സ്കൂളില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷത്തിന്  തടസമായി വന്നത് ക്രിസ്തുമസ് പരീക്ഷയാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസവും  രാവിലെയും ഉച്ചകഴിഞ്ഞും എക്സാം. ഈ പരീക്ഷകള്‍ക്കിടയിലുള്ള അല്‍പ്പസമയത്ത് ആഘോഷം നടത്താന്‍ തീരുമാനമായി. പുല്‍ക്കൂടും ട്രീയും ഈ ചുരുങ്ങിയ സമയംകൊണ്ട് എങ്ങിനെ ശരിയാക്കും?
          സാറേ ഞങ്ങള്‍ റെഡി എന്നുപറഞ്ഞ് കുറെ മിടുക്കന്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നോന്നി ഗ്രാമത്തിന്റെ വിസ്മയക്കാഴ്ച്ചയായിരുന്ന 'വിസ്മയപ്പുല്‍ക്കൂട്..' ഒരുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന കൊച്ചുമിടുക്കരാണ് ഇവര്‍ എന്നു മനസിലായപ്പോള്‍ അദ്ധ്യാപകര്‍ ഈ ഉത്തരവാദിത്വം ഇവരെത്തന്നെ ഏല്‍പ്പിച്ചു. 
           മീറ്റിംഗിനു മുന്‍പ് പുല്‍ക്കൂട് റെഡി. സഹപാഠികള്‍കൂടി ഇവരോടൊപ്പം കൂടിയപ്പോള്‍ ട്രീയും സ്റ്റേജും മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാര്‍. എല്ലാ വര്‍ഷവും , ദിവസങ്ങള്‍ക്കു മുന്‍പേ ആലോചന തുടങ്ങി തയ്യാറാക്കുന്ന അലങ്കാരങ്ങളേക്കാള്‍ ഭംഗിയായിമാറി , അല്‍പ്പസമയത്തിനുള്ളിലെ ഈ പുല്‍ക്കൂടും സ്റ്റേജും.
          ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൊച്ചു വിസ്മയപ്പുല്‍ക്കൂട്ടിലൂടെ ഞങ്ങളും  അനുഭവിച്ചു. ഒന്നോര്‍ക്കുക.. മണിക്കൂറുകള്‍പോലും എടുത്തില്ല ഈ പുല്‍ക്കൂടു നിമ്മാണത്തിന് എന്നതാണ് ഇതിന്റെ പ്രസക്തി.
ഏവര്‍ക്കും പുതുവത്സരാശംസകള്‍..
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Monday, December 26, 2011

പൂഞ്ഞാര്‍ ബ്ലോഗില്‍ പുതിയ പേജ് - Links

            ഉപകാരപ്രദമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ലഭ്യമാകുന്ന പുതിയ പേജ്  നമ്മുടെ ബ്ലോഗില്‍ തയ്യാറായിരിക്കുന്നു. വിദ്യാഭ്യാസം , ഓണ്‍ ലൈന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ (ദിനപ്പത്രം,മാഗസീനുകള്‍,ടി.വി.ചാനലുകള്‍..) , ഗവണ്‍മെന്റ് വെബ്സൈറ്റുകള്‍ , സുപ്രധാന ബ്ലോഗുകള്‍ തുടങ്ങിയവയിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നവിധം ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഏതൊക്കെ ലിങ്കുകള്‍ കൂടുതലായി ചേര്‍ക്കണം എന്ന് നിങ്ങളുടെ അഭിപ്രായവും എഴുതുമല്ലോ.. വിശദ വിവരങ്ങള്‍ക്ക് മുകളില്‍കാണുന്ന Links എന്ന പേജ് സന്ദര്‍ശിക്കുക..

Thursday, December 22, 2011

ഈ സയന്‍സ് അദ്ധ്യാപകന്‍ പൂഞ്ഞാറിന്റെ അഭിമാനം..

മനോജ് സെബാസ്റ്റ്യന്‍
               മൂന്നാം പ്രാവിശ്യവും താന്‍  നേതൃത്വം നല്‍കിയ ഗവേഷണ പ്രബന്ധം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ  സന്തോഷത്തിലാണ് പൂഞ്ഞാര്‍ ഇടമല സ്വദേശി ചിറയാത്ത്  മനോജ് സെബാസ്റ്റ്യന്‍. ഇപ്പോള്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ , സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ അഞ്ചു മിടുക്കര്‍ ചേര്‍ന്ന്   അവതരിപ്പിച്ച , ചിതലുകളെക്കുറിച്ചുള്ള പഠനമാണ് ഈ വര്‍ഷം അവാര്‍ഡിന്  അര്‍ഹമായത്. ഡിസംബര്‍ 27 മുതല്‍ 31 വരെ രാജസ്ഥാനിലെ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പ്രസ്തുത പ്രബന്ധം അവതരിപ്പിക്കും.
തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിലെ
ബാലശാസ്ത്ര പ്രതിഭകള്‍ അസി. വികാരി
ഫാ.സിറിയക് പൂത്തേട്ട് ,മനോജ് സെബാസ്റ്റ്യന്‍,
സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് കിഴക്കേക്കര,
ഹെഡ്മിസ്ട്രസ് ടെസിയമ്മ തോമസ് എന്നിവര്‍ക്കൊപ്പം.
                ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിലെ മുഖ്യ വിഷയമായ  ' കരയിലെ വിഭവങ്ങള്‍ ഐശ്വര്യപൂര്‍ണ്ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം , കാത്തുസൂക്ഷിക്കാം '  എന്നതിനെ അടിസ്ഥാനമാക്കി , 'മുട്ടം പ്രദേശത്തെ ചിതല്‍പുറ്റുകള്‍  - ഒരു പഠനം' എന്നതായിരുന്നു പ്രബന്ധ വിഷയം. ഈ പ്രബന്ധം ജനുവരി 29 മുതല്‍ 31 വരെ കോട്ടയം റബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
           മുന്‍പ് തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായിരുന്നപ്പോള്‍ ഇദ്ദേഹം നേതൃത്വം നല്‍കിയ ശാസ്ത്ര പ്രബന്ധം  രണ്ടു പ്രാവിശ്യം ദേശീയ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടുതല്‍ നേട്ടങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മനോജ് സാറിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.

Tuesday, December 20, 2011

ദര്‍പ്പണം (ജി.പത്മകുമാര്‍)

            പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും നര്‍മ്മ സാഹിത്യകാരനുമായ ജി.പത്മകുമാര്‍ സാറിന്റെ ഈ രചനയുടെ ഒന്നാം ഭാഗം മുന്‍പു് പ്രസിദ്ധീകരിച്ചിരുന്നു. ഇതു രണ്ടാം ഭാഗമാണ്. ചിരിക്കാനും ചിന്തിക്കാനും ഒരുപോലെ അവസരം നല്‍കുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മടിയുമില്ലാതെ തുറന്നുകാട്ടുകയാണ് അദ്ദേഹം. വായനയ്ക്കു ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ..

ദര്‍പ്പണം (ഭാഗം 2)


എന്റെ ബാല്യത്തില്‍ എന്റെ കൈകളില്‍
പേരയ്ക്കയും ചാമ്പങ്ങയും
കറുമുറെ തിന്നാനുണ്ടായിരുന്നു
എന്റെ പൈതലിന്‍ കൈകളിലോ ?
ഏതോ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ
എരിവും പുളിയും ചവര്‍പ്പും
കലര്‍ന്നു കറുമുറെ തിന്നുന്ന
എന്തോ ഒന്ന്..!!

Friday, December 16, 2011

' മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)

സമരത്തിന്റെ  'രാഷ്ട്രീയ ഇടവേള..'
              മുല്ലപ്പെരിയാറില്‍ സമരപ്പന്തല്‍ തീര്‍ത്ത് കുറേ വര്‍ഷങ്ങളായി പ്രതിഷേധ പ്രകടനങ്ങളിലൂടെ ജീവനുവേണ്ടി യാചിച്ചിരുന്നവരെ ആരും കണ്ടിരുന്നില്ല. അടുത്തനാളിലെ ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഈ സമരത്തിന് പൊതുജന ശ്രദ്ധ നേടിക്കൊടുക്കുകയും മാധ്യമങ്ങള്‍ അവിടെ തമ്പടിക്കുകയും ചെയ്തതോടെ രാഷ്ട്രീയക്കാര്‍ ചാടിവീണു. പിന്നീടു നടന്നതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ പ്രതീക്ഷിച്ചിടത്ത് കാര്യങ്ങള്‍ നില്‍ക്കുന്നില്ല എന്നു മനസിലാക്കിയതോടെ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യഎന്ന അവസ്ഥയിലായ ഇവര്‍ക്ക് , പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ഒരു പിടിവള്ളിയായി. 
            മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ ഈ മുതലക്കണ്ണീരിനെ പല മാധ്യമങ്ങളും വിമര്‍ശിച്ചെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ദീപിക ദിനപ്പത്രത്തില്‍ വന്ന മുഖപ്രസംഗമാണ്. രാഷ്ട്രീയക്കാരുടെ കപട നാട്യങ്ങളും  ' മുല്ലപ്പെരിയാര്‍ യാഥാര്‍ത്ഥ്യങ്ങളും ' തുറന്നെഴുതിയിരിക്കുന്ന ഈ മുഖപ്രസംഗം അഭിനന്ദനാര്‍ഹമാണ്..  ചുവടെ നല്‍കിയിരിക്കുന്ന മുഖപ്രസംഗം  എല്ലാവരും ആദ്യാവസാനം വായിക്കണം. അത്ര ശക്തമാണ് ഈ രചന. വായിച്ചുനോക്കൂ..

Tuesday, December 13, 2011

"ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!"

            "മലയാളിക്കോ തമിഴനോ എന്നല്ല ഒരു മനുഷ്യനും ഈ അനുഭവം ഉണ്ടാകരുത്." മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) വാക്കുകളാണിവ. ജീവനോടെ രക്ഷപെടാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ട് മാത്രം.
            ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തുന്ന വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെയുള്ള ഈ രോഷത്തിന് കാരണം. നേതാക്കളെ ദൈവതുല്യരായി കണ്ട് അവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ ഈ വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് കേരളീയര്‍ക്കെതിരെ തിരിയുകയായിരുന്നു.
             പ്രതിഷേധം മുതലെടുത്ത് കൊള്ളയും അക്രമവും നടത്തുന്ന സാമൂഹ്യ വിരുദ്ധരാല്‍ മുറിവേല്‍പ്പിക്കപ്പെട്ട വക്കച്ചനെ രക്ഷപെടാന്‍ സഹായിച്ചതും നല്ലവരായ തമിഴ് സഹോദരങ്ങള്‍ തന്നെ.
            നടുക്കത്തോടെ മാത്രം ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ആ അനുഭവങ്ങള്‍ വക്കച്ചന്‍ ഞങ്ങളുമായി പങ്കുവച്ചു.

Thursday, December 8, 2011

"മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട

         പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യം ആവേശമായി. ഉജ്ജ്വല പ്രസംഗവും കവിതാലാപനവും വഴി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളജനതയുടെ ആശങ്കയും പ്രതിഷേധവും അദ്ദേഹം പങ്കുവച്ചു.   
        പി.റ്റി.എ. പ്രസിഡന്റ്  M.C.മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

         സമ്മേളനത്തോടനുബന്ധിച്ച്  ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ 1200 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ പൂഞ്ഞാര്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു. 
പ്ലാക്കാര്‍ഡുകള്‍ കൈയിലേന്തി , "മുല്ലപ്പെരിയാറില്‍ പുതിയ ഡാം , കേരളത്തിന് സുരക്ഷ , തമിഴ് നാടിന് ജലം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നത്.
പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായും ഫോട്ടോകള്‍ക്കായും ചുവടെ കാണുന്ന Read More >> ലിങ്ക് ഉപയോഗിക്കുക..

Sunday, December 4, 2011

'സാന്‍ജോ ഫെസ്റ്റ് ' കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി..

        സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലാ മേളയായ  'സാന്‍ജോ ഫെസ്റ്റ് ' കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി മാറി. പാലാ സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകള്‍ ആതിഥ്യം വഹിച്ച പതിമൂന്നാമതു സാന്‍ജോഫെസ്റ്റില്‍  ആയിരത്തില്‍പരം കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു. 
        രാവിലെ ഒന്‍പതുമണിക്ക്  പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍  മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI അദ്ധ്യക്ഷത വഹിച്ച  യോഗത്തിന് പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി പി.ജോര്‍ജ്ജ് CMI സ്വാഗതം ആശംസിച്ചു. 
        വൈകുന്നേരം നാലിന് നടന്ന  സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് ചീഫ്  സി.രാജഗോപാല്‍ IPS ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI നന്ദിയും അര്‍പ്പിച്ചു. 
        വിജയികള്‍ക്ക് മാനേജര്‍ ഫാ.തോമസ് നമ്പിമഠം CMI , മുനിസിപ്പല്‍ കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര എന്നിവര്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിന്നണി ഗായകന്‍ വില്‍സ്വരാജും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശാലിനിയും ഒരുക്കിയ സംഗീത വിരുന്നും ചാവറ പബ്ലിക്ക് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും സമ്മേളനത്തിന് നിറപ്പകിട്ടേകി. ഒന്നാം നമ്പര്‍ വേദിയിലെ മത്സരങ്ങളും കലാ പരിപാടികളും തത്സമയം ഇന്റര്‍ നെറ്റിലൂടെ കാണുന്നതിനുള്ള സൗകര്യം   (Live Broadcasting) പൂഞ്ഞാര്‍ ന്യൂസ് ഒരുക്കിയിരുന്നു. 

         കലാ മേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഓവറോള്‍ ട്രോഫികള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയ്യുക..