Tuesday, December 13, 2011

"ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!"

            "മലയാളിക്കോ തമിഴനോ എന്നല്ല ഒരു മനുഷ്യനും ഈ അനുഭവം ഉണ്ടാകരുത്." മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) വാക്കുകളാണിവ. ജീവനോടെ രക്ഷപെടാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ട് മാത്രം.
            ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തുന്ന വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെയുള്ള ഈ രോഷത്തിന് കാരണം. നേതാക്കളെ ദൈവതുല്യരായി കണ്ട് അവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ ഈ വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് കേരളീയര്‍ക്കെതിരെ തിരിയുകയായിരുന്നു.
             പ്രതിഷേധം മുതലെടുത്ത് കൊള്ളയും അക്രമവും നടത്തുന്ന സാമൂഹ്യ വിരുദ്ധരാല്‍ മുറിവേല്‍പ്പിക്കപ്പെട്ട വക്കച്ചനെ രക്ഷപെടാന്‍ സഹായിച്ചതും നല്ലവരായ തമിഴ് സഹോദരങ്ങള്‍ തന്നെ.
            നടുക്കത്തോടെ മാത്രം ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ആ അനുഭവങ്ങള്‍ വക്കച്ചന്‍ ഞങ്ങളുമായി പങ്കുവച്ചു.
 
            വര്‍ഷങ്ങളായി തേനിയിലെ സ്ഥിരം സന്ദര്‍ശകനാണ് വക്കച്ചന്‍. വെറും സന്ദര്‍ശനമല്ല മറിച്ച് തേനിയില്‍ നിന്ന് മുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങി പൊടിച്ച് പായ്ക്ക് ചെയ്ത് നാട്ടിലെത്തിച്ചുള്ള ഒരു ബിസിനസാണ് ഈ യാത്രകളുടെ ലക്ഷ്യം. ഇത്തവണയും തേനിയിലെത്തി ജോലികള്‍ തീര്‍ത്തു. അതിനിടയില്‍ സംസ്ഥാന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത് അറിഞ്ഞില്ല. തമിഴ് നാട്ടിലെ പത്രമാധ്യമങ്ങളെല്ലാം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തന്ത്രപരമായ നിശബ്ദത പാലിക്കുകയാണ്. കേരളത്തിലെ പ്രക്ഷോഭങ്ങളൊന്നും ഒരു പത്രത്തിലും വാര്‍ത്തയാകുന്നില്ല. അതുകൊണ്ടുതന്നെ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ശ്രദ്ധയില്‍ പെട്ടതുമില്ല.
            തേനിയില്‍ നിന്നും കുമളിക്കുള്ള ബസിനാണ് കയറിയത്. കമ്പം വരെ യാത്ര സാധാരണ ഗതിയില്‍ തന്നെ. കമ്പം ടൗണില്‍ പ്രവേശിച്ചതേ പന്തികേട് മണത്തു. ഒരു ബന്ദിന്റെ പ്രതീതി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.പ്രധാന വീഥികളിലെല്ലാം പോലീസ് വാഹനങ്ങള്‍. കമ്പം സ്റ്റാന്റില്‍ ബസ് യാത്ര അവസാനിച്ചു. വിജനമായ ബസ്സ്റ്റാന്റില്‍ ഒരു പാലക്കാടുകാരനെ കൂട്ടുകിട്ടി. സുക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറണമെന്ന് പോലീസുകാരുടെ നിര്‍ദ്ദേശം. ഈ റൂട്ടില്‍ സ്ഥിരം യാത്ര ഉള്ളതുകൊണ്ട് കമ്പത്തും മലയാളി സുഹൃത്തുക്കള്‍ ധാരാളം. ടൗണില്‍ ഹോട്ടല്‍ നടത്തുന്ന കൂട്ടുകാരനെയാണ് ആദ്യം വിളിച്ചത്. ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. തലേദിവസം രാത്രി  ഹോട്ടല്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സാധനങ്ങള്‍ മുഴുവന്‍ കൊള്ളയടിച്ചു. അദ്ദേഹം കുടുബസമേതം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയിരിക്കുകയാണ്. മറ്റുചിലരേയും വിളിച്ചു. മറുപടി ഏതാണ്ട് തുല്യം. ചിലര്‍ കേരളത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
            എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മനസില്‍ ഭയം കൂടുകെട്ടിത്തുടങ്ങി. അല്‍പ്പം മുന്‍പ് പരിചയപ്പെട്ട പാലക്കാടുകാരന്‍ സഹൃത്താണ് ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചത്... ടൗണില്‍ നിന്ന് അല്‍പ്പമകലെ ഒരു തമിഴ് സുഹൃത്തിന്റ വീടുണ്ട്. അവിടെ എത്തിയാല്‍ ഒരു ബൈക്ക് സംഘടിപ്പിക്കാം. കമ്പംമെട്ടുവഴി കേരളത്തിലേക്ക് പോരുകയും ചെയ്യാം. മറ്റുവഴികളില്ലാതിരുന്നതിനാല്‍ അതിന് സമ്മതം മൂളി. അല്‍പ്പം നടന്നുകഴിഞ്ഞപ്പോള്‍ പലരും തങ്ങളെ ശ്രദ്ധിക്കുന്നതായൊരു തോന്നല്‍. ടൗണ്‍ വിട്ട് ചേരിപ്രദേശത്തേക്ക് പോന്നത് അബന്ധമായി എന്നും തോന്നിത്തുടങ്ങി. ഏതായാലും മുന്നോട്ട് നടന്നു. തമിഴ് സുഹൃത്തിന്റ വീട്ടിലെത്തി. അദ്ദേഹം പുറത്തു പോയിരിക്കുകയാണ്. വീട്ടിലെ സ്ത്രീജനങ്ങള്‍ സ്വീകരിച്ചിരുത്തി. കുടിക്കുവാന്‍ ചൂടു ചായയും ലഭിച്ചു. 
            വീടിന്റെ മുറ്റത്ത് കസേരയിട്ട് സംസാരിച്ചിരിക്കുമ്പോളാണ് വീടിന് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നത് ശ്രദ്ധയില്‍ പെട്ടത്. സ്ത്രീകളുടെ നിര്‍ദ്ദേശമനുസരിച്ച് ഞങ്ങള്‍ വീടിനുള്ളിലേയ്ക്ക് മാറി. പുറത്ത് ആളുകള്‍ ബഹളം കൂട്ടുന്നത് കേള്‍ക്കാം. അല്‍പ്പസമയത്തിനകം സ്ത്രീകള്‍ പരിഭ്രാന്തരായി പാഞ്ഞുവന്നു. ഞങ്ങളെ പുറത്തുവിട്ടില്ലെങ്കില്‍ വീട് ആക്രമിക്കുമത്രേ.. ഇരുന്ന വീടിന്റെ പരിസരങ്ങള്‍ ഒന്നോടിച്ചുനോക്കി. പുറകില്‍ വാതിലില്ല. പുറത്തിറങ്ങാന്‍ മുന്‍വാതിലുകളെ തന്നെ ആശ്രയിക്കണം. തര്‍ക്കം മുറുകുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും വീടിനു വെളിയില്‍ കടന്നു. ആരെയും ശ്രദ്ധിക്കാതെ വേഗതയില്‍ വഴിവക്ക് ചേര്‍ന്നു നടന്നു. പ്രത്യേക ലക്ഷ്യമൊന്നുമില്ല എങ്കിലും അക്രമികളില്‍ നിന്ന് പരമാവധി അകലുക എന്ന ഉദ്ദേശത്തോടെയുള്ള നടത്തം. കൈയില്‍ ബാഗും ഒരു കൂടുമുണ്ട്. ബാഗില്‍ കുറച്ചു പൈസയും ചില രേഖകളും. കൂടില്‍ ചില പായ്ക്കറ്റുകളും കുട്ടികള്‍ക്കായി വാങ്ങിയ പലഹാരങ്ങളും.
            അല്‍പ്പസമയം കഴിഞ്ഞില്ല..പുറകില്‍ നിന്ന് ഒരാരവം.. തിരിഞ്ഞുനോക്കിയതേ ഞടുങ്ങിപ്പോയി. കല്ലും വടികളുമായി ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന പത്തുപതിനഞ്ചാളുകള്‍. കൂടുതല്‍ ചിന്തിക്കുവാന്‍ നേരമുണ്ടായിരുന്നില്ല . ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു പിന്നീട്. കുറച്ചു ദൂരമേ ഓടാന്‍ സാധിച്ചുള്ളൂ. മുന്നില്‍ വഴിയടഞ്ഞു. ഓടിവന്ന വഴി തീരുകയാണ്. ഒരു വലിയ ഭിത്തിയാണ് മുന്നില്‍. ഇനി ഓടിയടുക്കുന്നവരെ അഭിമുഖീകരിക്കാതെ വയ്യ.
            ഇഷ്ടികവച്ചുള്ള ഏറായിരുന്നു ആദ്യം. എറിഞ്ഞുവീഴ്ത്തുക എന്ന ലക്ഷ്യം വ്യക്തം. കുറെയൊക്കെ ഒഴിഞ്ഞുമാറി. ഒന്നുരണ്ട് ഏറ് ശരീരത്തിനേറ്റു. അപ്പോഴേക്കും അവര്‍ അടുത്തെത്തിയിരുന്നു. കൈവണ്ണമുള്ള പത്തലുകൊണ്ടുള്ള അടിയായിരുന്നു അടുത്തത്. തലനോക്കിയുള്ള ശക്തമായ അടി. കൈവശമുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് തല സംരക്ഷിക്കുവാന്‍ നോക്കി. ഒരടി തലയിലും മുഖത്തുമായി ഉരസിപ്പോയി. അടുത്തത് തലക്കുതന്നെ കൊണ്ടു. രക്തം ചീറ്റിയൊഴുകി. കൂടെയുണ്ടായിരുന്ന പാലക്കാടുകാരന്‍ സുഹൃത്ത് അടിയേറ്റ് നിലത്തു വീഴുന്നത് കണ്ടു. മരണത്തെ മുഖാമുഖം കണ്ട സമയം. എങ്ങിനെയോ കുതറി ഓടി. മതിലുകള്‍ ചാടിക്കടന്നുള്ള ഓട്ടത്തിനൊടുവില്‍ ഒരു വീടിന്റെ ടെറസിലേയ്ക്ക് കയറുന്ന പടികള്‍ക്കടിയില്‍ അഭയം തേടി.
            ശബ്ദം കേട്ടിറങ്ങിവന്ന വീട്ടുകാര്‍ക്ക് മുറിവേറ്റ് അവശനായ മനുഷ്യനെ വീടിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ ആദ്യം ഭയമായിരുന്നു. അപ്പോഴേയ്ക്കും ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ചിരുന്നു. കനിവു തോന്നിയ സ്ത്രീകള്‍ ഓടിയെത്തി മുറിവ് വച്ചുകെട്ടി. കാപ്പിപ്പൊടി ഉപയോഗിച്ചാണ് അവര്‍ തലയിലെ മുറിവ് മുറുകെ കെട്ടിയത്..കുടിക്കുവാന്‍ വെള്ളവും തന്നു. അല്‍പ്പസമയത്തിനകം രക്തമൊഴുക്കു നിലച്ചു. വിവരം കേട്ടറിഞ്ഞ് ആളുകൂടി. പുറത്തേയ്ക്ക് ഇറങ്ങി വരുവാനുള്ള നിര്‍ദ്ദേശം കേട്ടു. ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. എന്തിനാണ് വിളിക്കുന്നത്. തല്ലിക്കൊല്ലാനാണോ..? കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മനസിലായി..കുഴപ്പക്കാരല്ല. രക്ഷപെടുത്തുവാന്‍ വിളിക്കുകയാണ്. ഇതിനിടയില്‍ നിരവധി ഫോണ്‍ വിളികള്‍ നാട്ടിലേയ്ക്കും തമിഴ്നാട്ടിലെ സുഹൃത്തുക്കളുമായും നടത്തിയിരുന്നു. പരിക്കുപറ്റിയ വിവരവും നാട്ടിലറിയിച്ചു. അവരും വല്ലാതെ പേടിച്ചു. റോമിംഗ് വിളികള്‍ കാരണം മൊബൈലില്‍ പൈസയും തീര്‍ന്നു. നാട്ടില്‍നിന്ന് വിളിക്കുന്നവര്‍ക്ക് കിട്ടാതായതോടെ അവര്‍ കൂടുതല്‍ പരിഭ്രാന്തരായി.
            രക്ഷകരായി എത്തിയ വീട്ടുകാര്‍ ചോരയില്‍ കുളിച്ച വസ്ത്രങ്ങള്‍ക്കു പകരം ഒരു മുണ്ടും ബനിയനും നല്‍കി. ബൈക്കില്‍ കയറിയപ്പോള്‍  പിന്നില്‍ ഒരാള്‍കൂടെ കയറി. ചോര ധാരാളം വാര്‍ന്നു പോയതിനാല്‍ ഇടയ്ക്കെങ്ങാനും ബൈക്കില്‍നിന്ന് താഴെ വീണുപോകുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ച് , പ്രശ്നബാധിതമായ സ്ഥലം പിന്നിട്ട് അതിര്‍ത്തിക്കടുത്തുള്ള ഒരു ചെക്കുപോസ്റ്റുവരെ അവര്‍ എത്തിച്ചു. കേരളാ അതിര്‍ത്തിയിലേയ്ക്ക്  ഇനിയും കുറെ ദൂരമുണ്ട്. എങ്കിലും ഇത്രയും സന്മനസ് അവര്‍ കാണിച്ചല്ലോ...
            ബൈക്കില്‍നിന്നിറങ്ങി അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോള്‍ രണ്ടു ബൈക്കുകള്‍ പുറകെ എത്തി കടന്നുപോയി.ഓരോ ശബ്ദം കേള്‍ക്കുമ്പോഴും ഭയം. തൊണ്ട വറ്റിവരണ്ടു. ഉമിനീരുപോലും ഇറക്കാനാകുന്നില്ല. റോഡ്സൈഡില്‍ ഇരിക്കുവാന്‍ മനസനുവദിച്ചില്ല. അക്രമികള്‍ തന്നെ ഇനിയും കണ്ടെത്തിയാലോ.. പുളിമരങ്ങള്‍ വളരുന്ന ഒരു കൃഷിയിടത്തേയ്ക്ക് കയറി. റോഡില്‍നിന്ന് നോക്കിയാല്‍ പെട്ടെന്നു കണ്ണില്‍പെടാത്തതുപോലെ  ‌ഒരു മരത്തിനു മവിലേയ്ക്ക്  മാറി നിലത്തു കിടന്നു.
            വീണ്ടും ഫോണ്‍വിളി വന്നു. തേനിയിലെ മില്ലിന്റെ മുതലാളിയാണ് അങ്ങേത്തലയ്ക്കല്‍. തോട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു മുന്‍പായി ഒരു കയര്‍ ഫാക്ടറിയുടെ ബോര്‍ഡ് കണ്ടു വച്ചിരുന്നതിനാല്‍ കിടക്കുന്ന സ്ഥലത്തിന്റെ ലക്ഷണങ്ങള്‍ ഒരുവിധം പറഞ്ഞുകൊടുത്തു. പേടിക്കേണ്ട..ഉടന്‍ തന്റെ ആളുകള്‍ അവിടെയെത്തുമെന്ന ഉറപ്പ് ഫോണിലൂടെ.
            കുറെ സമയം കഴിഞ്ഞപ്പോള്‍ ബൈക്കുകളുടെ ശബ്ദം. ശത്രുവാണോ..മിത്രമാണോ..? എഴുന്നേറ്റില്ല. കിടന്നുകൊണ്ടുതന്നെ ശ്രദ്ധിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ബൈക്കുകള്‍ തിരിച്ചുവരുന്നു. താന്‍ കിടക്കുന്നതിന് എതിരേയുള്ള തോട്ടത്തിലേയ്ക്ക് കുറച്ചാളുകള്‍ കയറി തിരയുന്നതുകണ്ടു. രക്ഷിക്കാനെത്തിയവരെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ പതുക്കെ പുറത്തുവന്നു. ആളെ കണ്ടെത്തിയെന്ന വിവരം മൊബൈല്‍ ഫോണിലൂടെ പാഞ്ഞു. സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്ന ബൈക്കുകളും അവിടെ കുതിച്ചത്തി. അവരുടെ സഹായത്തോടെ അതിര്‍ത്തിയിലേയ്ക്ക് .. കേരളമണ്ണില്‍ കാലുകുത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്.അവിടെ നിന്ന് സുഹൃത്തിന്റെ വാഹനത്തില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടിയപ്പോഴേയ്ക്കും നാട്ടില്‍ നിന്ന് ബന്ധുജനങ്ങളെത്തി.
            സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഇതു വിവരിക്കുമ്പോള്‍ ഒരു വല്ലാത്ത ഭീതി മനസില്‍. കൂടെയുണ്ടായിരുന്ന പാലക്കാടുകാനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. രക്ഷപെട്ടോ ആവോ..? ആ സമയത്ത്  പരിചയപ്പെട്ടതായതിനാല്‍ ഫോണ്‍ നമ്പരോ അഡ്രസോ ഒന്നും വാങ്ങിയിരുന്നില്ല. എന്തിന് പേരുപോലും ഓര്‍മ്മയില്ല.
            പറഞ്ഞവസാനിപ്പിക്കുമ്പോഴും വക്കച്ചന്‍ ഒന്നോര്‍മ്മിപ്പിക്കുന്നു. താന്‍ മനസിലാക്കിയതനുസരിച്ച് ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും അസത്യപ്രചാരണങ്ങളില്‍ വിശ്വസിച്ചുപോയ നിഷ്കളങ്കരായ തമിഴരാണ് കേരളത്തിലെതിരെ പ്രതിഷേധിക്കുന്നത്. ഇവരെ മറയാക്കി അക്രമം അഴിച്ചുവിടുന്ന ചില സാമൂഹ്യവിരുദ്ധര്‍ മാത്രമാണ് കേരളീയരെ തിരഞ്ഞുപിടിച്ചാക്രമിക്കുന്നത്. ഭൂരിപക്ഷവും കേരളത്തെയും കേരളീയരെയും സ്നേഹിക്കുന്നവരാണ്. അവരുടെ മനസില്‍ വിഷവിത്തു പാകുന്നവര്‍ക്കെതിരെയാണ് നാം പ്രതികരിക്കേണ്ടത്. ആക്രമണത്തില്‍ പരിക്കേറ്റ തന്നെ സഹായിച്ച തമിഴ് സഹോദരങ്ങളോടുള്ള നന്ദി വക്കച്ചന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
            ഒന്നുകൂടി.. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തിയേ തീരൂ... പുതിയ ഡാം നിര്‍മ്മിച്ചുകൊണ്ടുതന്നെ. മലയാളിക്കോ തമിഴനോ എന്നല്ല ഒരു മനുഷ്യനും എന്റെ ഈ  അനുഭവം ഇനി ഉണ്ടാകരുത്. വക്കച്ചന്‍ പറഞ്ഞുനിര്‍ത്തി..

                                                             -റ്റോണി പൂഞ്ഞാര്‍-

No comments:

Post a Comment