Monday, September 30, 2013

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ തീയതികളില്‍ മാറ്റം..

            2013 ഒക്ടോബര്‍ 9,10 തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഈരാറ്റുപേട്ട ഉപജില്ലാ   ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകള്‍, ഡേറ്റാ എന്‍ട്രി നടത്തേണ്ട വെബ്സൈറ്റ് ഓപ്പണ്‍ ആകാത്തതിനാല്‍, മാറ്റിവച്ചതായി ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   ഒക്ടോബര്‍ മൂന്നിനുശേഷം പുതുക്കിയ തീയതികള്‍ അറിയിക്കുന്നതാണ്. 
            അതേസമയം സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ  സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം, മുന്‍പ് അറിയിച്ചിരുന്നതുപോലെ, ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്നതാണ്. ഈ മത്സരത്തിന്റെ വിശദവിവരങ്ങളും മറ്റുമേളകളെ സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അറിയിപ്പുകളും, മുകളില്‍ കാണുന്ന Sastrolsavam 2013 എന്ന പേജില്‍ നല്‍കിയിരിക്കുന്നു..

Saturday, September 21, 2013

പൂഞ്ഞാറിന്റെ കുഞ്ഞുണ്ണിമാഷിന്റെ പുതിയ ചിന്തകള്‍ വായിച്ചുനോക്കൂ..

           പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ മൂന്നു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ  പ്രസിദ്ധീകരിച്ചിരിക്കുന്ന നാലാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ മൂന്നു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും.. 
ദര്‍പ്പണം - ഭാഗം 4
ഉണ്ണിയോട്..
ഉണ്ണീ നിയറിയണം
അറിവിന്റെലോകം വെട്ടി-
പ്പിടിക്കുമ്പോള്‍ !
രണ്ടുതുള്ളിസ്നേഹമാ-
മനസ്സില്‍ സൂക്ഷിക്കുക.
ഒന്ന്!
കണ്ടകണ്ട മാതാപിതാക്കള്‍ക്ക്
രണ്ട്!
ഈ ഹരിതഭൂമിക്ക്!

നേട്ടം വ്യര്‍ത്ഥമായി..
ലോകം മുഴുവന്‍ ഞാന്‍
നേടി...
അര്‍ത്ഥവും മണ്ണും കാമിനിയും
പക്ഷേ ഞാനറിയുന്നില്ല!
പണ്ടേ എന്റെ ആത്മാവു
കളഞ്ഞുപോയി!

ആക്രി
ആക്രിയുണ്ടോ! ആക്രി!
ഇല്ല! പ്രതിവചിച്ചതു
മകന്റെ ഭാര്യ!
രണ്ടെണ്ണമുണ്ട്!
അമ്മായിയച്ഛന്‍ ചൊല്ലി.
എവിടെ? നല്ലവിലതരാം..
വ്യാപാരി പറയുന്നു.
ഞാനുമെന്റെ ഭാര്യയും!
വൃദ്ധന്റെ ഇടറിയ ശബ്ദം..

സോളാര്‍..
പതിവുപോല്‍ പുഴയില്‍
മുങ്ങിയേറ്റഞാന്‍
സൂര്യനെ നമസ്ക്കരിച്ചു.
ദേവന്റെ മുഖം മങ്ങിയോ!
എന്നൊടാ കണ്‍കണ്ട ദൈവം
മെല്ലെ പറഞ്ഞു-
എന്നെയും സരിതമാര്‍
വിറ്റുകാശാക്കുന്നുവോ!


ദര്‍പ്പണം - ഭാഗം 3

അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.

കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.

 


ഡാമിനു ബലക്ഷയം
ഡാമിനു താഴെയോ ?
ഭീതിയുടെ കുത്തൊഴുക്ക് !
ഡാമിന്റെ സംരക്ഷകരോ ?
ബലക്ഷയമില്ലാതെ ,
തൊണ്ടകീറും ജല്പനങ്ങള്‍
കൊണ്ടമ്മാനമാടുന്നു.

ഒന്നാം ക്ലാസിലെ
കുഞ്ഞുമക്കളെ !
നമുക്കാ പഴയ പാട്ട്
ഇനി ഇങ്ങനെ പാടണം !
കൂ കൂ കൂ കൂ തീവണ്ടി
കൂവിപ്പായും തീവണ്ടി
ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമിമാര്‍
ആടിത്തിമര്‍ക്കും തീവണ്ടി !

പെണ്‍മക്കളെ നിങ്ങളറിയുക
ജന്മം കരഞ്ഞുതീര്‍ക്കും സീതയല്ല !
ചുരികയുമുറുമിയുമേന്തും
ആര്‍ച്ചമാരാകണം നിങ്ങള്‍‌ !

അരി കായ്ക്കും മരമേത് ?
ഉണ്ണിടെ സംശയം.
അരികായ്ക്കും മരമല്ല
നെല്‍ച്ചെടിയെന്നമ്മയും..

ദര്‍പ്പണം ഒന്നാം ഭാഗം - Click Here
ദര്‍പ്പ​ണം രണ്ടാം ഭാഗം - Click Here
ലേഖകനെക്കുറിച്ച്...
             നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും   സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍  എഴുതുകയും ചെയ്തിട്ടുണ്ട്.
          KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.

Tuesday, September 10, 2013

ഓണസദ്യയ്ക്ക് ചൊറിയണങ്ങ് (കൊടുത്തൂവ) തോരന്‍ ഉണ്ടാക്കിയാലോ..?

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഇലയറിവ്' പരിപാടിയ്ക്കുശേഷം അഭിന്ദനങ്ങളും പരിഹാസങ്ങളും ഒരുപോലെയുണ്ടായി. പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവരും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അറിയിച്ചപ്പോള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രം പരിപാടിയെക്കുറിച്ചറിഞ്ഞവരില്‍ ചിലര്‍ക്കാണ് ഇതൊരു കൗതുകമായത്. 
            നമ്മളെന്തേ ഇങ്ങനെയായിപ്പോയത് എന്നു വീണ്ടും ചിന്തിപ്പിക്കുംവിധം, പരിഹാസ ശരങ്ങളുമായി പാഞ്ഞെത്തിയവരുമുണ്ട്. 
ചൊറിയണങ്ങുകൊണ്ട് തോരന്‍കറിയുണ്ടാക്കാം എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. അതൊക്കെ നിലവാരമില്ലായ്മയാണുപോലും..! തൊടിയിലെ പാഴ്ച്ചെടികള്‍ സ്വാദിഷ്ടവിഭവങ്ങളാക്കാമെന്ന അറിവിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നു ചിലര്‍. കഷ്ടംതന്നെ...! 
                        വിഷമയമായ മറുനാടന്‍ പച്ചക്കറികളും പഴങ്ങളും അപകടകാരികളായ പായ്ക്കറ്റ് ഭക്ഷണങ്ങളും വാങ്ങിക്കഴിക്കുന്നതില്‍ അവര്‍ അഭിമാനിക്കുന്നു... ഈ അറിവില്ലായ്മ കാണുമ്പോള്‍ സഹതാപം തോന്നുന്നു. അതങ്ങനെയാണല്ലോ... കോക്കക്കോളയോ പെപ്സിയോ കുടിക്കുന്നവന്‍ നാലാള്‍ കാണ്‍കേ ആ 'വിഷം' അകത്താക്കുമ്പോള്‍  നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ പെട്ടിക്കടയുടെ മറവുവേണമെന്നായി അവസ്ഥ..! 
             ഇതൊക്കെ മേമ്പൊടിയായി പറഞ്ഞുവെന്നുമാത്രം. ഇനി കാര്യത്തിലേയ്ക്ക് വരാം. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകണ്ട് വിളിച്ചവരില്‍ എല്ലാവര്‍ക്കുംതന്നെ അറിയേണ്ടിയിരുന്നത് ചൊറിയണങ്ങ് തോരന്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. ഫേസ് ബുക്കിലും ബ്ലോഗിലും ഇതേ അന്വേഷണമുണ്ടായി. വാസ്തവത്തില്‍ നമ്മുടെ തൊടിയില്‍ ലഭ്യമാകുന്ന എഴുപതില്‍പ്പരം ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ചൊറിയണങ്ങ്. നാം ഒട്ടും പരിഗണിയ്ക്കാത്ത, നമുക്ക് 'ശല്യക്കാരനായ' ഒരു ചെടിയായതിനാല്‍ അത് കൗതുകമായി എന്നുമാത്രം. 
            കൈകൊണ്ട് ഇതെങ്ങനെ അരിയും..? ചൊറിയില്ലേ..? ഇതൊക്കെയാണ് എല്ലാവര്‍ക്കും സംശയം. കൃത്യമായി മറുപടി പറയണമെങ്കില്‍ ചെയ്തുനോക്കണമല്ലോ.. അതുകൊണ്ട് ക്ലാസില്‍ കേട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം പ്രയോഗത്തിലാക്കി. ഒരുകുഴപ്പവുമില്ല. സ്വാദിഷ്ടമായ ചൊറിയണങ്ങ് തോരനും കൂട്ടി ഊണുകഴിച്ചിട്ടാണ് ഇപ്പോള്‍ ഇതെഴുതുന്നത്. തയ്യാറാക്കുന്ന രീതി ചിത്രങ്ങള്‍ സഹിതം ഇവിടെ വിവരിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ, ഭക്ഷ്യയോഗ്യമായ ചില ഇലച്ചെടികളും അവയുടെ ഔഷധഗുണങ്ങളും  പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചുവടെ ചേര്‍ക്കുന്നു. ഈ അറിവുകള്‍ പരമാവധി ആളുകളിലേയ്ക്ക് ഷെയര്‍ ചെയ്യുമല്ലോ..

ചൊറിയണങ്ങ് തോരന്‍ തയ്യാറാക്കുന്ന വിധം
                ഇല ശരീരത്തില്‍ സ്പര്‍ശിക്കാതെ  ചൊറിയണങ്ങ് ചെടി മുറിച്ചെടുക്കുക. തണ്ടുസഹിതം ചുവടെ മുറിച്ചെടുക്കുന്നതാണ് ഉചിതം. മണ്ണുപറ്റിയിരിക്കുവാന്‍ സാധ്യതയുള്ള, എറ്റവും താഴെയുള്ള ഏതാനും ഇലകള്‍ മുറിച്ചുകളയുക. 
             ഒരു ബക്കറ്റിലെ ജലത്തിലേയ്ക്ക് തണ്ടുസഹിതം താഴ്ത്തി (ചിത്രത്തില്‍ കാണുന്നതുപോലെ) നന്നായി ഇളക്കുക. ഇലകളിലുള്ള, ചൊറിച്ചിലിനുകാരണമാകുന്ന പദാര്‍ത്ഥം ഈ കഴുകലിലൂടെ ഇല്ലാതാകും. ഉറപ്പിനുവേണ്ടി ഓരോ ഇലകളും അടത്തിയെടുത്ത് ഇപ്രകാരംതന്നെ ഒന്നുകൂടി വൃത്തിയാക്കുകയുമാകാം.  
             അടുത്തതായി ഈ ഇലകള്‍ നന്നായി അരിയുക. (ചീരയിലയും കാബേജുമൊക്കെ അരിയുന്നതുപോലെ.) കൈകള്‍  ചൊറിയുമെന്ന പേടി വേണ്ട. 
            ഇനി സാധാരണ ഒരു തോരന്‍കറിയ്ക്ക് ഉപയോഗിക്കുന്ന കൂട്ടുകള്‍ വേണം. അതായത്, ആവശ്യത്തിനുള്ള തേങ്ങ , വെളുത്തുള്ളി, ചുവന്നുളളി, ഇഞ്ചി, മുളക് എന്നിവ. കടുകിനു പകരം ഉഴുന്നാണ് ഉപയോഗിയ്ക്കേണ്ടത്. ചുവന്നുള്ളി അല്‍പ്പം കൂടുതല്‍ ചേര്‍ക്കുന്നത് നന്നായിരിക്കും. 
            ചട്ടിയിലെ എണ്ണയില്‍  ഉഴുന്നിട്ട് മൂപ്പിച്ചതിനുശേഷം മറ്റു കൂട്ടുകള്‍ ചേര്‍ക്കുക. അവസാനം അരിഞ്ഞുവച്ചിരിക്കുന്ന ഇലകളും ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പുമൊഴിച്ച്  വേയിക്കുക. ചൊറിയണങ്ങ് കറി തയ്യാര്‍. ചൂടാറുന്നതിനുമുമ്പ് കഴിച്ചാല്‍ രുചി കൂടും. എന്താ... ഒന്നു പരീക്ഷിച്ചുനോക്കുകയല്ലേ..
  

ഭക്ഷ്യയോഗ്യമായ മറ്റുചില ഇലച്ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Monday, September 9, 2013

ബ്രഹ്മശ്രീ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് ആദരാഞ്ജലികള്‍..

            പ്രമുഖ താന്ത്രികാചാര്യന്‍ പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വന്‍ജനാവലിയാണ് ഇന്നലെയും ഇന്നുമായി പൂഞ്ഞാറിലെത്തിച്ചേര്‍ന്നത്. എഴുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ത്തികേയന്‍ തന്ത്രികള്‍ ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അന്തരിച്ചത്.
            കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാ, ദില്ലി, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠനടത്തിയ പള്ളുരുത്തി ശ്രീഭവാനി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജം, ആലപ്പുഴ തെക്കന്‍ ആര്യാട് ക്ഷേത്രത്തില്‍ ഇരട്ടക്കൊടിമരം തുടങ്ങിയ നിരവധി പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചത് കാര്‍ത്തികേയന്‍ തന്ത്രിയാണ്. പൂഞ്ഞാര്‍ ഈഴവര്‍വയലില്‍ മാധവന്‍ നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. ശവസംസ്ക്കാരം ഇന്ന് (09/09/2013) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു.

Sunday, September 1, 2013

ഇലക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാം..

           പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഇത്തവണ ഓണം ഉണ്ണുന്നത് വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള വിവിധ ഇലക്കറികളുപയോഗിച്ചാണ് എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഉപയോഗശൂന്യമെന്നുകരുതി നാം ശ്രദ്ധിക്കാതെപോകുന്ന ഇത്തരം ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കിമാറ്റാമെന്ന പരിശീലനം 'ഇലയറിവ് ' പരിപാടിയിലൂടെ അവര്‍ക്കുലഭിച്ചുകഴിഞ്ഞു
            അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെയാണ് 'ഇലയറിവ് ' സംഘടിപ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി ഇലവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നുണ്ട്. അവ രുചികരമായി പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികളാണ് ഇലയറിവില്‍ ഉള്‍പ്പെടുത്തിയിരുന്നത്
            പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി
            ഈ ബോധ്യം എല്ലാവര്‍ക്കും ലഭിക്കണം എന്ന ചിന്തയോടെ, സ്കൂള്‍ അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക് പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഇത്തവണ ഓണത്തിന് കോട്ടയം ജില്ലയിലെ നിരവധി ഭവനങ്ങളില്‍ ഇലക്കറികള്‍ ഒരു പ്രധാന വിഭവമായിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.

Thursday, August 15, 2013

പ്ലാവ് ജയനെ അറിയുമോ..?

              "പ്ലാവിനെക്കുറിച്ച് നമുക്കറിയാത്ത പലതും പറഞ്ഞുതരാനും ആ വൃക്ഷത്തെ സ്നേഹിക്കുവാനും അതിന്റെ പ്രജനനം വിപുലമാക്കുവാനും അതെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ശേഖരിച്ച് ലോകത്തിന് നല്‍കുവാനുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍.." പ്ലാവ് ജയന്‍ എന്ന കെ.ആര്‍. ജയനെക്കുറിച്ച് സുഗതകുമാരി കുറിച്ച വാക്കുകളാണിത്. അടുത്തറിയുമ്പോള്‍ ഈ വാക്കുകളില്‍ ഒട്ടും അതിശയോക്തിയില്ല എന്നു മനസിലാകും.
            1965-ല്‍ തൃശൂര്‍ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച്, ചെറുപ്രായത്തില്‍തന്നെ പ്ലാവുകളെ സ്നേഹിച്ചു തുടങ്ങിയ ഈ വ്യക്തി, പതിനായിരക്കണക്കിന് പ്ലാവിന്‍ തൈകളാണ് പുറമ്പോക്ക് ഭൂമികളിലും വഴിയോരങ്ങളിലും സ്വകാര്യ ഭൂമികളിലുമൊക്കെയായി ഇതുവരെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നിരവധി അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 
2001-ലും  2010-ലും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്ക്കാരം, ദില്ലി ആസ്ഥാനമാക്കിയുള്ള എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ 'Hall of Fame Award', കേരള റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സിന്റെ 'സഹൃദയ അവാര്‍ഡ് 2011' തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
            ഇപ്പോള്‍ ഭാരതപ്പുഴയുടെ തീരത്തായി ഒന്‍പതേക്കര്‍ സ്ഥലത്ത് 'പ്ലാവ് ഗ്രാമം' സൃഷ്ടിക്കുന്ന തിരക്കിനിടയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍  ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റ് ' ഉദ്ഘാടനം ചെയ്യുവാനായി പ്ലാവ് ജയന്‍  എത്തിച്ചേര്‍ന്നത്.
ഈ വേറിട്ട വ്യക്തിത്വം ഞങ്ങളുമായി പങ്കിട്ട പ്ലാവു വിശേഷങ്ങളിലെ ചില പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കൂടാതെ അന്റോണിയന്‍ ക്ലബ് അംഗങ്ങളായ നീതു ടോമി, അഭിരാമി പി.ബി. എന്നിവര്‍ അദ്ദേഹവുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങളും നല്‍കിയിട്ടുണ്ട്. വീഡിയോ, പ്രത്യേക മൈക്ക് സൗകര്യമില്ലാത്ത സാധാരണ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തമാകുവാന്‍ ശബ്ദം കൂട്ടുകയോ ഹെഡ്സെറ്റ് ഉപയോഗിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.

Sunday, August 11, 2013

അശ്ലീല പോസ്റ്ററുകള്‍ക്കെതിരെയുള്ള അന്റോണിയന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഏവര്‍ക്കും നന്ദി..

            അശ്ലീല പോസ്റ്ററുകള്‍ക്കെതിരെയുള്ള അന്റോണിയന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെയും മാധ്യമസുഹൃത്തുക്കളുടെയും ഭാഗത്തുനിന്ന് വിലയേറിയ പ്രോത്സാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തില്‍ ക്ലബ് അംഗങ്ങള്‍ നല്‍കിയ നിവേദനം, പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ച് പാസാക്കുകയും ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അറിയിക്കുകയും ചെയ്തതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. മുഖ്യമന്ത്രി, സാംസ്ക്കാരികവകുപ്പുമന്ത്രി,  എം.എല്‍.എ. എന്നിവര്‍ക്കും ഈ വിഷയത്തില്‍ കത്തുകള്‍ അയച്ച് മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍.
            പത്രങ്ങളിലും അര്‍ഹമായ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാധ്യമ സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി പറയുന്നു. മലയാളമനോരമ, ദീപിക, കേരളകൗമുദി എന്നീ പത്രങ്ങളില്‍ കോട്ടയം എഡിഷനില്‍ മുഴുവനായും മാതൃഭൂമി, മംഗളം, ദേശാഭിമാനി എന്നിവയില്‍ പ്രാദേശിക വാര്‍ത്തയായും അന്റോണിയന്‍ ക്ലബിന്റെ ഈ പ്രവര്‍ത്തനം വന്നതോടെ, കുറച്ച് ആളുകളിലേയ്ക്കെങ്കിലും നന്മയ്ക്കുവേണ്ടിയുള്ള ഈ പ്രതികരണ സന്ദേശം എത്തിക്കുവാന്‍ കഴിഞ്ഞു. വാര്‍ത്താ പ്രാധാന്യം നേടുക എന്നതിനേക്കാള്‍ ഞങ്ങളുടെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു.
            ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും ഞങ്ങളെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കള്‍ക്കും നന്ദി. വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനൊന്നും കഴിയില്ല എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം പഴയപടിയായേക്കാം. എങ്കിലും, പ്രതികരണശേഷി കുറഞ്ഞുവരുന്ന ഈ കാലത്ത് നന്മയുടെ ഒരു തിരിയെങ്കിലും കത്തിക്കുവാനാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ശ്രമിച്ചത്.
ബഹു. സാംസ്ക്കാരികവകുപ്പുമന്ത്രിയ്ക്കുള്ള തുറന്ന കത്തും വിവിധ പത്രറിപ്പോര്‍ട്ടുകളും ചുവടെ ചേര്‍ക്കുന്നു.

Monday, August 5, 2013

പാലായെ നിശ്ചലമാക്കിയ കര്‍ക്കിടകം.. (വെള്ളപ്പൊക്ക ദൃശ്യങ്ങള്‍, 05/08/2013, തിങ്കള്‍)

            കര്‍ക്കിടകവാവിന്റെ തലേദിവസമായ ഇന്ന് കേരളം മുഴുവന്‍ കനത്ത മഴ തുടരുന്നു. പലയിടത്തും പ്രകൃതി ദുരന്തങ്ങളും നടന്നിരിക്കുന്നു. മഴയുടെയും വെള്ളപ്പൊക്കദുരിതങ്ങളുടെയും ശമനത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം സുഹൃത്തുക്കള്‍ ഫേസ്ബുക്കുവഴി ഷെയര്‍ ചെയ്തുതന്ന പാലാ പ്രദേശത്തെ ചില വെള്ളപ്പൊക്കദൃശ്യങ്ങളും ചുവടെ നല്‍കുന്നു. 1935-ലെ വെള്ളപ്പൊക്കകാലത്തെടുത്ത പാലാ അങ്ങാടിയുടെ ഒരു ചിത്രവും ഇതിനിടയില്‍ ലഭിച്ചു. ഫോട്ടോകള്‍ ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട്  37 ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Thursday, August 1, 2013

ആധാര്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് നഷ്ടപ്പെട്ടവരും, ലഭിക്കാത്തവരും, അവ്യക്തമായ സ്ലിപ്പ് ലഭിച്ചവരും ശ്രദ്ധിക്കുക..

            ആധാര്‍ കാര്‍ഡ് ലഭിക്കുവാനായി ഫോട്ടോ എടുക്കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഏറെയുണ്ട്. രജിസ്ട്രേഷന്‍ സമയത്തു ലഭിച്ച സ്ലിപ്പ് കൈവശമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഇ-ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. പക്ഷേ രജിസ്ട്രേഷന്‍ സമയത്ത് ചില കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് നല്‍കിയിരുന്നില്ല. നല്‍കിയിരുന്നതില്‍തന്നെ ചില സ്ലിപ്പുകള്‍ അവ്യക്തവുമായിരുന്നു. ലഭിച്ച സ്ലിപ്പ് നഷ്ടപ്പെട്ടുപോയവരുമുണ്ട്. ഈ കാരണങ്ങളാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ അതിന് അവസരമുണ്ട്.
            അക്ഷയാ കേന്ദ്രങ്ങളില്‍ ഈ മാസം ഒന്നു മുതല്‍ പതിനഞ്ചുവരെ തീയതികളില്‍ സ്ലിപ്പ് ഇല്ലാതെയും ആധാര്‍ കാര്‍ഡ് നമ്പര്‍ മനസിലാക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. ഇതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്.
(1) വ്യക്തിയുടെ പേര് 

      (എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കണം)
(2) വീട്ടുപേര്
(3) പിന്‍കോഡ്
(4) ജനനത്തീയതി
             ഈ വിവരങ്ങളുമായി അടുത്തുള്ള അക്ഷയാ കേന്ദ്രത്തിലെത്തിയാല്‍ ആധാര്‍ കാര്‍ഡിന്റെ നമ്പറും ഇരുപത്തിയെട്ട് അക്കമുള്ള എന്‍റോള്‍മെന്റ് നമ്പറും ലഭിക്കും. ആധാര്‍ കാര്‍ഡ് പ്രിന്റ് എടുക്കണമെങ്കില്‍ , ഇതിലെ ഇരുപത്തിയെട്ട് അക്ക എന്‍റോള്‍മെന്റ് നമ്പരുപയോഗിച്ച് കാര്‍ഡ്  ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
            രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഇവിടെയും സംഭവിക്കാം. എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ പേരു തന്നെ കൃത്യമായി നല്‍കിയില്ലെങ്കില്‍ Invalid Input Value എന്ന മെസേജ് വരുകയും നമ്മുടെ ശ്രമം പരാജയമാകുകയും ചെയ്യും. പേരിന്റെ ഇനിഷ്യലും സ്പെല്ലിംഗും അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായിരിക്കണം. മറ്റൊരു പ്രശ്നം സംഭവിക്കാവുന്നത്, നാം കൃത്യമായാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കിലും ആധാര്‍ രജിസ്ട്രേഷന്‍ സമയത്ത് ഈ കാര്യങ്ങള്‍ കംപ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയ വ്യക്തിയുടെ അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ Invalid Input Value എന്ന സന്ദേശത്തോടെ നമ്മുടെ ശ്രമം പരാജയമാകും എന്നതാണ്.
            ഏതായാലും സ്ലിപ്പില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നവരില്‍ നല്ലൊരു വിഭാഗത്തിന് ഈ രണ്ടാഴ്ച്ചകൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വളരെ പ്രധാനപ്പെട്ട വിവരമായതിനാല്‍ സാധിക്കുന്നത്ര ആളുകളുമായി ഈ വിവരം ഷെയര്‍ ചെയ്യുമല്ലോ..

Friday, July 26, 2013

അശ്ലീല പോസ്റ്ററുകള്‍ക്കെതിരേ അന്റോണിയന്‍ ക്ലബ്..


അശ്ലീലതയും വയലന്‍സും നിറഞ്ഞ സിനിമാ പോസ്റ്ററുകളും പരസ്യങ്ങളും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും നിവേദനം നല്‍കുന്നു.

                            സഭ്യതയുടെ അതിരുകടക്കുന്ന രീതിയില്‍ സിനിമാ പോസ്റ്ററുകളില്‍ കാണപ്പെടുന്ന അശ്ലീലതയ്ക്കും വയലന്‍സിനും എതിരേ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ക്ലബ് അംഗങ്ങള്‍ രംഗത്ത്. സ്കൂളിനു സമീപം ഒട്ടിച്ചിരുന്ന ഒരു തമിഴ് സിനിമയുടെ പോസ്റ്ററില്‍ കണ്ട ചില ദൃശ്യങ്ങളാണ് ക്ലബ് അംഗങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ അശ്ലില ചിത്രങ്ങളോടൊപ്പം ഒരാള്‍ കത്തി ഉപയോഗിച്ച് ഒരു യുവതിയുടെ കഴുത്ത് മുറിയ്ക്കുന്ന ക്രൂര ദൃശ്യവും ഈ പോസ്റ്ററില്‍ ഉണ്ടായിരുന്നു.
             "ഈ കാഴ്ച്ച ഞങ്ങള്‍ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. ഇന്ന് കേരളം മുഴുവന്‍ ഷെഫീക്കിനായി പ്രാര്‍ഥിക്കുമ്പോള്‍, അത്തരം ദുരവസ്ഥകളിലേയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ എത്തിച്ചേരുന്നതിനുപിന്നില്‍ ഇതും ഒരു കാരണമല്ലേ..?” ക്ലബ് അംഗങ്ങള്‍ ചേദിക്കുന്നു.
                  അന്റോണിയന്‍ ക്ലബിന്റെ മാസമീറ്റിംഗില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. ഈ രീതിയില്‍ അക്രമങ്ങളും അശ്ലീലതയും നിറഞ്ഞ പോസ്റ്ററുകളും പരസ്യങ്ങളും പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടികള്‍ നിവേദനം തയ്യാറാക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെത്തി പ്രസിഡന്റിനും സെക്രട്ടറിയ്ക്കും കൈമാറുകയും ചെയ്തു.
                നന്മയ്ക്കായുള്ള പ്രതികരണങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലത്ത്, ഒരു സാമൂഹ്യവിപത്തിനെതിരേ തങ്ങളാലാവുംവിധം പ്രതികരിക്കുവാനുള്ള ശ്രമത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

Tuesday, July 23, 2013

ഇവന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ 'കരാട്ടേ കിഡ് '

         കോയമ്പത്തൂരില്‍ നടന്ന പ്രഥമ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-17 years,below 76 kg) വെങ്കലമെഡല്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആല്‍ബിന്‍ റ്റി. ജോസഫ്. മേലുകാവുമറ്റം തെക്കേക്കണ്ടത്തില്‍ സണ്ണി-മിനി ദമ്പതികളുടെ ഏക മകനായ ആല്‍ബില്‍ ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ നേടിയെടുത്ത അംഗീകാരങ്ങള്‍ കുറച്ചൊന്നുമല്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കേരളസംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-18 years,76 kg) സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ഈ മിടുക്കന്‍. കൂടാതെ വിവിധ സംസ്ഥാന-ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവുമാണ് സെന്റ് ആന്റണീസിന്റെ ഈ അഭിമാന താരം.

Friday, July 12, 2013

അജിമോന്‍..പൂഞ്ഞാറിന്റെ അഭിമാനം..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പൂഞ്ഞാര്‍ കൊടയ്ക്കനാല്‍ കെ.എസ്. അജിമോനെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച്ച മലയാള മനോരമയില്‍ വന്ന കോളം നിങ്ങള്‍ കണ്ടിരുന്നോ..? ഇല്ലെങ്കില്‍ വായിച്ചുനോക്കൂ..നാടിന്റെ അഭിമാനമായി മാറിയിരിക്കുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച്...

Monday, July 8, 2013

ഗ്രീന്‍ ടീമുമായി അന്റോണിയന്‍ ക്ലബ്..


പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം, വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍(കെ.ആര്‍.ജയന്‍) നിര്‍വ്വഹിക്കുന്നു. ക്ലബ് കോഡിനേറ്റര്‍ ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം എന്നിവര്‍ സമീപം.
                         പൂഞ്ഞാര്‍ ബ്ലോഗിന് നേതൃത്വം നല്‍കുന്ന, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ, അന്റോണിയന്‍ ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍' പ്രോജക്റ്റിന് തുടക്കമായി. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, പ്ലാവ് ജയന്‍ എന്നപേരിലറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ആര്‍.ജയന്‍, ജി.റ്റി. അറ്റ് സ്കൂള്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ നശിപ്പിക്കുകയും അതിന്റെ ദുരന്തം മനുഷ്യന്‍തന്നെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഈ കാലത്ത്, ഇത്തരം പ്രവണതകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജി.റ്റി. അറ്റ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.
             സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കും. പരിസ്ഥിതി സംഘടനയായ 'ശ്രദ്ധ'യുടെ പിന്തുണയും ഗ്രീന്‍ ടീമിനുണ്ട്.
             പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.