Saturday, April 28, 2012

SSLC ' സോഷ്യല്‍ സയന്‍സ് ദുരന്തം...' പരിശോധകന്റെ പക പാലാക്കാരോടോ..!

            കോട്ടയം ജില്ലയിലെ , പ്രത്യേകിച്ച് പാലാ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലെ കുട്ടികളെ SSLC പരീക്ഷയില്‍ ഒരു പ്രത്യേക വിഷയത്തില്‍ തോല്‍പ്പിച്ച് , കോട്ടയം ജില്ലയുടെ വിജയ ശതമാനം കുറയ്ക്കുവാന്‍ ആസൂത്രിത ശ്രമം നടന്നതായി തെളിയുന്നു. എന്തിന്റെ പേരിലാണെങ്കിലും , ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത്ര തരംതാണ രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുമോ..! ഒരു അദ്ധ്യാപകനായ എനിക്ക് ഇതു ചിന്തിക്കുവാന്‍പോലും കഴിയുന്നില്ല. 
            മലയാള മനോരമ ദിനപ്പത്രത്തില്‍ ഇന്ന് (28/04/2012) ഒന്നാം പേജ് വാര്‍ത്തയായിവന്ന റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു. അതിനു തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവവും നല്‍കിയിരിക്കുന്നു. രണ്ടും വായിക്കുക..ഷെയര്‍ ചെയ്യുക..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍  100%  വിജയം കരസ്ഥമാക്കിവരികയായിരുന്നു. ഇത്തവണ റിസല്‍ട്ട് വന്നപ്പോള്‍ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞെട്ടി. ആറു കുട്ടികള്‍ സോഷ്യല്‍ സയന്‍സ് എന്ന ഒരു വിഷയത്തിനു മാത്രം തോറ്റിരിക്കുന്നു. ഭാഷാ വിഷയങ്ങള്‍ക്ക്  A+ ഉള്‍പ്പെടെയുള്ള ഗ്രേഡുകളും സയന്‍സ് വിഷയങ്ങള്‍ക്ക്  C ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുകളും നേടിയ കുട്ടികളാണ്  ഇവര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
            സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി തെളിഞ്ഞു. തോല്‍പ്പിക്കപ്പെട്ട കുട്ടികള്‍ തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരില്‍ ഉള്ളവരാണ്. തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരിലുള്ള , 12 എണ്ണം വീതമുള്ള കെട്ടുകളായാണ് സോഷ്യല്‍ സയന്‍സ് പേപ്പര്‍ നോക്കുക. അതായത് ഏതോ ഒരു അദ്ധ്യാപകന്റെ ക്രൂര വിനോദത്തിന് ഇരയായവരാണ്  ഈ പാവം കുട്ടികള്‍ ..! റീ-വാല്യുവേഷനില്‍ ഇവര്‍  വിജയിച്ചേക്കാം.. സ്കൂളിന് നൂറു ശതമാനവും നേടാം.. പക്ഷേ ഈ കുട്ടികളുടെ കണ്ണീരിന് ആരു സമാധാനം പറയും. ഈ കാലയളവില്‍ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കുവാന്‍ കഴിയുമോ.. ! ഇത് ഒരു സ്കൂളിന്റെ മാത്രം കഥയല്ല. കോട്ടയം ജില്ലയിലെ നിരവധി സ്കൂളുകള്‍ക്ക് ഇതേ ദരന്തം വിവരിക്കാനുണ്ട്..
            ഈ പേപ്പറുകള്‍ നോക്കിയരോട് ഒരു വാക്ക്.. പാവം കുട്ടികളോട് ഇത്ര ക്രൂരത പാടില്ലായിരുന്നു. നിങ്ങള്‍ക്കുമില്ലേ കുട്ടികള്‍ ? അവര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍..! അദ്ധ്യാപക സമൂഹത്തിനു മുഴുവന്‍ കളങ്കം വരുത്തുന്ന ഇത്തരം പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുമെന്നു കരുതാം.. 

1 comment:

  1. Respond, react and prevent such irresponsible actions at the beginning itself.
    If it's such a crime, those teachers should be punished as it should not be repeated again.

    Good effort Tony

    ReplyDelete