Saturday, September 21, 2019

പൂഞ്ഞാറിലെ 'അഴകനും പൂവാലിയും' പിന്നെ സ്വീഡനിലെ ഗ്രെറ്റയും..

     പൂഞ്ഞാർ : സ്വീഡിഷ് പെണ്‍കുട്ടിയായ ഗ്രെറ്റ തേണ്‍ബര്‍ഗ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ആരംഭിച്ച 'ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍'   ക്യാമ്പയിന്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിക്കുവാൻ എത്തിയത് 'അഴകനും പൂവാലിയു'മാണ്. പരിസ്ഥിതി സംരക്ഷണ സന്ദേശത്തിലൂടെ പ്രശസ്തമായ 'രണ്ടു മത്സ്യങ്ങൾ' എന്ന ചെറുകഥയിലെ ഈ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത് സ്കൂളിലെ അന്റോണിയന്‍ ക്ലബ്ബ് വിദ്യാര്‍ഥികളാണ്.  പ്രകൃതി നശീകരണവും പരിസ്ഥിതി മലിനീകരണവുംമൂലം വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പ്രതിനിധികളായ മത്സ്യങ്ങളായാണ് അഴകനും പൂവാലിയും വേദിയിൽ എത്തിയത്.
     സ്കൂളിലെ അന്റോണിയൻ ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ് യൂണിറ്റുകളുടെ സഹകരണത്തോടെ, മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ 'മീനച്ചില്‍ റിവര്‍ റിജുവിനേഷന്‍’, സ്കൂള്‍സ് ഫോര്‍ റിവര്‍, മനോരമ നല്ലപാഠം പദ്ധതിയുടെ ‍'നല്ല ഭൂമി നല്ല നാളെ' എന്നീ ക്യാമ്പയിനുകളോട് ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
     സ്കൂളിലെ ചാവറ ഹാളിൽ നടന്ന യോഗത്തിൽ, ഹെഡ്മാസ്റ്റർ ജോസ് ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി സംരക്ഷണ ഗാനവും പ്രതിജ്ഞയും പ്രഭാഷണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളുടെ ഫലമായി ഉണ്ടാകുന്ന  പ്രകൃതി ദുരന്തങ്ങളിൽ, ഉടൻ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ ക്ലാസ് നയിച്ചു.
    ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍ ആചരണത്തിന്റെ ഭാഗമായി, ഷോർട്ട് ഫിലിം, പ്രസംഗ മത്സരം, പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ നിർമ്മാണങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണം, കഥാ-കവിതാ- ഉപന്യാസ മത്സരങ്ങൾ, കൈയെഴുത്ത് മാസിക നിർമ്മാണം തുടങ്ങിയ പ്രവർത്തങ്ങൾ അടുത്ത ആഴ്ച്ചയിൽ നടക്കും.
 
എന്താണ്  'ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍' ?   
 
ഗ്രെറ്റ തേണ്‍ബര്‍ഗ് എന്ന പതിനാറു വയസ് മാത്രം പ്രായമുള്ള ഒരു സ്വീഡിഷ് പെണ്‍കുട്ടി തുടങ്ങിവച്ച, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള കുട്ടികളുടെ മുന്നേറ്റമാണ് ഇത്. ഗ്രെറ്റയുടെ 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' എന്ന പ്രസ്ഥാനം ആരംഭിച്ച 'കാലാവസ്ഥാ സമരം’ (Climate Strike), പല രാജ്യങ്ങളിലും വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണ സന്ദേശ വാഹകരാക്കിത്തീര്‍ത്തു. 
ഗ്രെറ്റയുടെ രണ്ട് പ്രയോഗങ്ങള്‍ ലോകത്തെ ആകര്‍ഷിച്ചു. ‘ഞങ്ങളുടെ ഭാവി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു.’, ‘നിങ്ങളെ ഈ ഭൂമി ഇനിയും സൂക്ഷിക്കാന്‍ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്.’
       2019 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ, ഗ്ലോബല്‍ വീക്ക് ഫോര്‍ ഫ്യൂച്ചര്‍ ആയി ആചരിക്കുവാനുള്ള ഗ്രെറ്റ തേണ്‍ബര്‍ഗിന്റെ ആഹ്വാനം അന്താരാഷ്ട്ര തലത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. സാധിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ നമുക്കും ഈ വലിയ ക്യാമ്പയിന്റെ ഭാഗമാകാം..









2 comments:

  1. Congratulations! Would you like to launch https://www.plant-for-the-planet.org/en/home at school and "STOP TALKING START PLANTING"

    ReplyDelete